തൃശൂര്‍- കാട്ടു കൊമ്പന്‍ കബാലിയുടെ പൊതുനിരത്തിലെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, കൊമ്പന്‍ ഭീതി വിതയ്ക്കുന്ന പാതയില്‍ ജില്ലാ ഭരണകൂടം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു . തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി -മലക്കപ്പാറ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇതോടൊപ്പം ഈ പാതയില്‍ രാത്രി യാത്രക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകളെയല്ലാതെ പാതയില്‍ കടത്തിവിടേണ്ടെന്നാണ് തീരുമാനം. കബാലിയുടെ സഞ്ചാരം വനം വകുപ്പിന്റെ സംഘം നിരീക്ഷിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ബുധനാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെയാണ് ഈ പാതയില്‍ വീണ്ടും യാത്രാ നിയന്ത്രണം വരുന്നത്. യാത്രക്കാരും ബസ് ജീവനക്കാരും അപായമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് അതിരപ്പിള്ളി -മലക്കപ്പാറ റൂട്ടില്‍ കബാലിയുടെ വില്ലത്തരം. കബാലി ഇപ്പോള്‍ മദപ്പാടിലാണെന്നും ഇതിനാലാണ് ഈ പരാക്രമമെന്നും വനം വകുപ്പ് പറയുന്നു. ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ്സിനുനേരെ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു കബാലി പാഞ്ഞടുത്തത്. അമ്പലപ്പാറ ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. ബസ്സിന് മുന്നിലെത്തിയ കബാലി കൊമ്പു കൊണ്ട് വാഹനം കുത്തി ഉയര്‍ത്തി. പിന്നീട് താഴെവച്ചശേഷം റോഡില്‍ വാഹനത്തിന് പോകാനാകാത്ത വിധം നിലയുറപ്പിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരാക്രമത്തിന് ശേഷമാണ് കൊമ്പന്‍ കാടു കയറിയത്.