Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ തൊഴില്‍തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ്

കൊച്ചി- ഓണ്‍ലൈന്‍ വഴി ഫുള്‍ ടൈം - പാര്‍ട്ട് ടൈം ജോലി നേടാം, വീട്ടിലിരുന്ന് ജോലി, നെറ്റ് കണക്ഷനുള്ള ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതി ദിവസേന ആയിരങ്ങള്‍ സമ്പാദിക്കാം- ഇത്തരം മെസ്സേജുകളുടെ പുറകെ പോയാല്‍ പണം നഷ്ടപെടുകയായിരിക്കും അനന്തര ഫലം. ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളുടെ പേരിലുള്ള തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെടുന്നതായി പോലീസില്‍ ലഭിക്കുന്ന പരാതികള്‍ കാണിക്കുന്നു. തട്ടിപ്പിനിരയായ നിരവധി പേരാണ് ദിനംപ്രതി പരാതിയുമായെത്തുന്നത്. നിരന്തരം തുടരുന്ന ഈ തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയാണ് എറണാകുളം റൂറല്‍ പോലീസ്.
പ്രശസ്തമായ ഓണ്‍ലൈന്‍ വ്യാപാരസൈറ്റുള്‍പ്പടെയുള്ള കമ്പനികളുടെ പേരിലാണ് തട്ടിപ്പ്. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിപ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ ലിങ്കും കൊടുത്തിട്ടുണ്ടാകും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പ് സംഘത്തിന്റെവാട്‌സ് ആപ്പ് നമ്പറിലേക്ക് എത്തും. ആകര്‍ഷകമായ ചാറ്റിങ്ങിലൂടെ അവര്‍ വ്യാജ വെബ് സൈറ്റ് പരിചയപ്പെടുത്തുകയും ലാഭങ്ങളുടെ കണക്ക് വിശദീകരിച്ച് മാസങ്ങള്‍ കൊണ്ട് ലക്ഷാധിപതിയാകുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും.
വില്‍പ്പനക്ക് വച്ച നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവരുടെ വെബ് സൈറ്റില്‍ കാണാം. അത് ചെറിയ തുക കൊടുത്ത് വാങ്ങിയ ശേഷം ഉല്‍പ്പന്നങ്ങള്‍ അവിടെത്തന്നെ നിക്ഷേപിക്കണം. ഇവ മറ്റൊരാള്‍ വാങ്ങിക്കഴിഞ്ഞാല്‍ കമ്മീഷന്‍ ഉള്‍പ്പെടെ വന്‍ തുകയാണ് വാഗ്ദാനം. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ചെറിയ തുകയ്ക്ക് ആളുകള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങും. അതിന്റെ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള തുകയെന്ന് പറഞ്ഞ് നല്ലൊരു സംഖ്യ നിങ്ങള്‍ ലോഗിന്‍ ചെയ്തു നിര്‍മിച്ച വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടില്‍ കാണിക്കുകയും, ഈ മെസേജ് അയച്ച് തട്ടിപ്പു കമ്പനികള്‍ വിശ്വാസ്യത പിടിച്ചു പറ്റുകയും ചെയ്യും. അതോടെ ആളുകള്‍ വലിയ തുകക്ക് സാധനങ്ങള്‍ വാങ്ങി അവിടെത്തന്നെ നിക്ഷേപിക്കാന്‍ തുടങ്ങും. അവയൊക്കെ വിറ്റുപോയി കമ്മീഷന്‍ ഉള്‍പ്പെടെയുള്ള തുക വെബ്‌സൈറ്റ് അക്കൗണ്ടില്‍ ചേര്‍ത്തതിന്റെ വിവരങ്ങള്‍ യഥാസമയം ലഭിച്ചു കൊണ്ടേയിരിക്കും. ചില നേരങ്ങളില്‍ തട്ടിപ്പുകാര്‍ ടാര്‍ജറ്റ് വയ്ക്കും. അരമണിക്കൂറിനുള്ളില്‍ ഒരു നിശ്ചിത രൂപയുടെ ഉല്‍പന്നങ്ങള്‍ വാങ്ങിയാല്‍ വന്‍ ലാഭം ലഭിക്കുമെന്നും പറയും. ഉടന്‍ തന്നെ ലക്ഷങ്ങള്‍  മുടക്കി സാധനങ്ങള്‍ വാങ്ങി നിക്ഷേപിച്ചവരുമുണ്ട്. കമ്മീഷനായി ലഭിച്ച തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ചിലപ്പോള്‍ ഇത്തരം സൈറ്റുകള്‍ തന്നെ അപ്രത്യക്ഷമാകും. തുടര്‍ന്ന് തിരക്കുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും പണം നഷ്ടപ്പെട്ടുവെന്നും മനസിലാകുന്നത്.ഇവരുടെ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ നമ്പര്‍ നിലവില്‍ ഇല്ല എന്ന മറുപടിയാണ് ലഭിക്കുക. ദിനംപ്രതി ധാരാളം പേര്‍ക്ക്ഇത്തരത്തില്‍ പണം നഷ്ടമാകുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്തുള്ള ഇത്തരം തട്ടിപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ പണം നഷ്ടമാകുമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

 

 

Latest News