Sorry, you need to enable JavaScript to visit this website.

വാക്‌സിനെടുത്തവരിലും കോവിഡ് മരണം ഗണ്യമായി വര്‍ധിച്ചു

വാഷിംഗ്ടണ്‍- ബൂസ്റ്റര്‍ അടക്കം പ്രതിരോധ കുത്തിവെപ്പ് എടുത്തവരും  കോവിഡ് ബാധിച്ചു മരിക്കുന്നുണ്ടന്നു പഠനം.അമേരിക്കയില്‍ ഓഗസ്റ്റില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 58 ശതമാനം പേര്‍ പ്രതിരോധ കുത്തിവെപ്പോ ബൂസ്റ്ററോ എടുത്തവരാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ വിശകലനത്തില്‍ പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് മഹാമാരി തുടങ്ങിയ ശേഷം ആദ്യമാണ് കോവിഡ് മൂലം മരിക്കുന്നവരില്‍ നിരവധി പേര്‍ ഭാഗികമായെങ്കിലും വാക്‌സിന്‍ എടുത്തവരാണെന്ന് കണ്ടെത്തുന്നത്.   2021 സെപ്റ്റംബറില്‍ കോവിഡ് മൂലം മരിച്ച 23 ശതമാനം മാത്രമേ കുത്തിവെപ്പ് എടുത്തിരുന്നുള്ളൂ. ഈ വര്‍ഷം ജനുവരി-ഫെബ്രുവരിയില്‍ അത് 42 ശതമാനമായി.
കോവിഡ് വാക്‌സിനുകളുടെ ശേഷി കുറയുന്നുണ്ടാകാമെന്നാണ് കാരണമായി പറയുന്നത്. കൂടുതല്‍ വ്യാപിക്കുന്ന വൈറസ് വകഭേദങ്ങള്‍ വാക്‌സിനുകളെ മറികടക്കുകയും ചെയ്യുന്നു.

കുത്തിവെപ്പ് എടുക്കാത്തവരുടെ മഹാമാരിയാണിതെന്ന് ഇനി പറയാന്‍ വയ്യെന്ന് വിശകലനം നടത്തിയ കൈസര്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സിന്തിയാ ഫോക്‌സ് പറയുന്നു.
കഠിന രോഗവും മരണവും ഒഴിവാവാക്കാന്‍ വാക്‌സിനുകള്‍ക്കുള്ള കഴിവിനെ കുറിച്ച് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തണി ഫൗച്ചി ഊന്നിപ്പറഞ്ഞിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിനുകള്‍ കാലക്രമേണ നിര്‍വീര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈറസ് വകഭേദങ്ങള്‍ വരുന്നതാണ് കാരണം.
പ്രായം ചെന്നവരാണ് കൂടുതലും ഇരകളാകുന്നത്. 65 നു മുകളില്‍ ഉള്ളവരുടെ കോവിഡ് മരണങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 125 ശതമാനം വര്‍ധിച്ചുവെന്നാണ് കൈസര്‍ ഫൗണ്ടേഷന്‍ പറയുന്നത്.
എന്നാല്‍  സമീപകാലത്തു കോവിഡ് മരണങ്ങള്‍ 90 ശതമാനത്തോളം കുറഞ്ഞെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

 

Latest News