Sorry, you need to enable JavaScript to visit this website.

ട്രംപ്-കിം കൂടിക്കാഴ്ച എന്തു കൊണ്ട് സിംഗപൂരില്‍

വാഷിങ്ടണ്‍- ലോകം കാത്തിരിക്കുന്ന യുഎസ്-ഉത്തര കൊറിയ ഉച്ചകോടി ജൂണ്‍ 12-ന് സിംഗപൂരില്‍ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകസമാധാനത്തിലേക്കുള്ള വലിയ ചുവട് വയ്പ്പായാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ ട്രംപ് കാണുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കത്തിന്റെ ഫലമായി ഉത്തര കൊറിയന്‍ തടവറിയില്‍ നിന്ന് മോചിതരായ മൂന്ന് യുഎസ് പൗരന്മാര്‍ തിരിച്ചെത്തിയതിനു തൊട്ടുപിറകെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഈ കൂടിക്കാഴ്ച മുന്നാമതൊരു രാജ്യമായ സിംഗപൂരിലാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പല ഉന്നത തല അന്താരാഷ്ട്ര നയതന്ത്ര ഉച്ചകോടികള്‍ അതീവ സുരക്ഷയില്‍  വിജയകരമായി ആതിഥ്യമരുളിയ രാജ്യമാണെന്നതും യുഎസുമായും ഉത്തര കൊറിയയുമായും സൗഹൃദം പുലര്‍ത്തുന്നുവെന്നതുമാണ് ഈ ചരിത്ര ഉച്ചകോടിക്ക് സിംഗപൂരിനെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പൊതു പരിപാടികള്‍ക്കും മാധ്യമങ്ങള്‍ക്കും ശക്തമായ നിയന്ത്രണങ്ങളുള്ള നാടാണ് സിംഗപൂര്‍. ഇവയെല്ലാം വളരെ നിയന്ത്രിതമായാണ് അനുവദിക്കുന്നത്. ഈ നിയന്ത്രണം ഉത്തര കൊറിയയ്ക്ക് അനുകൂല ഘടകമാണ്. ചരിത്രപരമായി പഴക്കമുള്ള ബന്ധമാണ് ഉത്തര കൊറിയയും സിംഗപൂരും തമ്മിലുള്ളത്. മാത്രവുമല്ല ഉത്തര കൊറിയയുടെ ഏറ്റവും വലുതും ഒരേ ഒരു സഖ്യരാജ്യവുമായ ചൈനയും സിംഗപൂരിനെ പിന്തുണയ്ക്കുന്നുണ്ട്. 

നേരത്തെ ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കുമിടയിലെ അതിര്‍ത്തിയിലെ സൈനിക രഹിത മേഖല എന്നറിയപ്പെടുന്ന അതീവ സുരക്ഷയുള്ള മേഖലയില്‍ കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശം ട്രംപ് മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ കൂടുതല്‍ നിഷ്പക്ഷത പുലര്‍ത്തുന്ന മറ്റൊരിടത്താകാമെന്ന് തീരുമാനിക്കുകയും സിംഗപൂരിന് നറുക്ക് വീഴുകയുമായിരുന്നു. കിമ്മിനും ട്രംപിനും വേഗത്തില്‍ എത്തിച്ചേരാനാകുന്ന ഇടവുമാണ്. ട്രംപിന് 9,600 മൈല്‍ സഞ്ചരിച്ചു വേണം ഇവിടെ എത്താന്‍. എന്നാല്‍ കിമ്മിന് 2,900 മൈലുകള്‍ യാത്ര ചെയ്ത് സിംഗപൂരിലെത്താം. നോര്‍ത്ത് കൊറിയയുടെ പഴഞ്ചന്‍ വിമാനങ്ങള്‍ക്ക് എത്രദൂരം സഞ്ചരിക്കാനാകുമെന്നതു സംബന്ധിച്ചും വിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു. സിംഗപൂരിലേക്ക് കുറഞ്ഞ ദൂരം പറന്നാല്‍ മതി.

2015-ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും മുന്‍ തായ്‌വാന്‍ പ്രസിഡന്റ് മാ യിങ് ജിയുവും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് സിംഗപൂരിലായിരുന്നു. 1949-ല്‍ ചൈനീസ് ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് ചൈനീസ്, തായ്‌വാന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
 

Latest News