എം.എല്‍.എമാരെ ചാക്കിട്ട കേസ്, പ്രത്യേക സംഘത്തിന്റെ അന്വേഷണം റദ്ദാക്കി

ന്യൂദല്‍ഹി- തെലുങ്കാനയില്‍ ബിജെപി ഏജന്റുമാരെ ഉപയോഗിച്ച കുതിരിക്കച്ചവടത്തിന് ശ്രമിച്ചു എന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെ ആരോപണം നേരിടുന്ന സംഭവത്തില്‍ നവംബര്‍ പതിനഞ്ചിനാണ് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരേ ആരോപണം നേരിടുന്ന മൂന്നു പേര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങളില്‍ നിന്നു മാറി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിഷയം പുനപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ ആരോപിതരായ മൂന്നു പേരും പോലീസില്‍ കീഴടങ്ങണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലെ പരാമര്‍ശത്തില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
    ടിആര്‍എസ് എംഎല്‍എമാരെ കൂറു മാറ്റിയെടുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഒക്ടോബര്‍ 26നാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. എന്നാല്‍, അഴിമതി വിരുദ്ധ പ്രത്യേക കോടതി ഇവരെ റിമാന്‍ഡില്‍ വിടാന്‍ തയാറായില്ല. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയത് എന്നാണ് കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് പോലീസ് ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക കോടതിയുടെ തീരുമാനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ആരോപിതരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിലാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചത്.

 

Latest News