Sorry, you need to enable JavaScript to visit this website.

ബഹുഭാര്യത്വം ചോദ്യം ചെയ്യുന്ന ഹരജികളില്‍ വാദം കേള്‍ക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും

ന്യൂദല്‍ഹി-മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന  ഹരജികളില്‍ വാദം കേള്‍ക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എം.എം. സുന്ദ്രേഷ്, സുധാന്‍ഷു ധൂലിയ എന്നിവര്‍ ഹരജികളില്‍ ഓഗസ്റ്റ് 30ന് നോട്ടീസ് അയച്ചിരുന്നു. ഇവരില്‍  ജസ്റ്റിസ് ബാനര്‍ജിയും ജസ്റ്റിസ് ഗുപ്തയും  വിരമിച്ചു.

ഹരജിക്കാരിലൊരാളായ അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഇക്കാര്യം പരാമര്‍ശിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ജെബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് അറിയിച്ചത്.
ബഹുഭാര്യത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ആകെ ഒമ്പത് ഹരജികളാണ് സുപ്രീം കോടതിയിലുള്ളത്.
മുസ്ലിം പുരുഷന് നാല് ഭാര്യമാരെ വരെ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നതാണ് ബഹുഭാര്യത്വം. ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാല്‍ ഭാര്യ നിക്കാഹ് ഹലാലക്ക് വിധേമാകാത്തപക്ഷം തലാഖ് ചൊല്ലിയ ഭര്‍ത്താവിന്  തിരികെ സ്വീകരിക്കാന്‍ അനുവാദമില്ല. മറ്റൊരു പുരുഷനുമായുള്ള  വിവാഹമാണ് നിക്കാഹ് ഹലാല.
ബഹുഭാര്യത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ്ലീം സ്ത്രീകളും അഭിഭാഷക അശ്വിനി ഉപാധ്യായയുമാണ് ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസുകള്‍ 2018 മാര്‍ച്ചിലാണ് മൂന്നംഗ ബെഞ്ച് അഞ്ചംഗ ബെഞ്ചിന് വിട്ടത്.

ഓഗസ്റ്റില്‍, സുപ്രീം കോടതി കേന്ദ്രത്തിനും ദേശീയ വനിതാ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ലോ കമ്മീഷന്‍ എന്നിവക്കും നോട്ടീസ് അയച്ചു, ദസറ അവധിക്ക് ശേഷം വിഷയം പരിഗണിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.
മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ ആചാരങ്ങളുടെ ഫലമായി സ്ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനവും പൊതു ക്രമത്തിനും ധാര്‍മ്മികതയ്ക്കും ആരോഗ്യത്തിനും ഹാനികരമാണെന്നും ഉപാധ്യായയുടെ ഹരജിയില്‍ പറയുന്നു.

ബഹുഭാര്യത്വവും നിക്കാഹ്ഹലാലയും അംഗീകരിക്കുന്നതിനാല്‍, 1937ലെ മുസ്ലീം വ്യക്തിനിയമ (ശരീഅത്ത് )ത്തിലെ സെക്ഷന്‍ 2 ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്നാണ്  ഹരജിയിലെ ആവശ്യം.

നിക്കാഹ്ഹലാല, ബഹുഭാര്യത്വം തുടങ്ങിയ ആചാരങ്ങള്‍ പ്രചരിപ്പിക്കുകയും പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മതനേതാക്കളും ഇമാമുമാര്‍, മൗലവിമാര്‍ തുടങ്ങിയ പുരോഹിതന്മാരും മുസ്ലീം സ്ത്രീകളെ ഇത്തരം കാര്യങ്ങള്‍ക്ക് വിധേയമാക്കാന്‍ തങ്ങളുടെ സ്ഥാനവും സ്വാധീനവും അധികാരവും ദുരുപയോഗം ചെയ്യുന്നതായും ഹരജിയില്‍ ആരോപിക്കുന്നു.

 

Latest News