ചൈനയില്‍ ലക്ഷണമില്ലാത്ത കോവിഡ് പടരുന്നു; കേസുകളില്‍ വന്‍വര്‍ധന

ബെയ്ജിങ്-  ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച മാത്രം 31,527 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 27,517 പേര്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് നാഷണല്‍ ഹെല്‍ത്ത് ബ്യൂറോ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനിടെയാണ് കേസുകള്‍ വര്‍ധിക്കുന്നത്.
ഏപ്രില്‍ 13നു ശേഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത്. ഏപ്രില്‍ 13ന് 28,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിന്റെ കെടുതികളെ മറികടക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സീറോകോവിഡ് നയം കര്‍ശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം, ഒറ്റയടിക്ക് കേസുകളുടെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. സീറോകോവിഡ് നയത്തില്‍ ഇളവ് വരുത്താന്‍ ചൈന തയ്യാറെടുക്കുന്നതിനിടെയാണ് കേസുകളുടെ കുത്തനെയുള്ള വര്‍ധന. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ ബലത്തില്‍ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്ക് പുതിയ സാഹചര്യം വലിയ ആഘാതമായിരിക്കുകയാണ്. ഓഹരി വിപണി ഇന്ന് കുത്തനെ ഇടിഞ്ഞു. നിക്ഷേപകര്‍ പിന്മാറ്റസൂചനകള്‍ നല്‍കിത്തുടങ്ങി. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് റിക്വയര്‍മെന്റ് റേഷ്യോയില്‍ ഇളവ് വരുത്താന്‍ ഷി ജിന്‍പിംഗിന്റെ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുത്തേക്കും.

 

Latest News