Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് സന്ദേശം വിനയായി; കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയ വൃദ്ധയെ ആള്‍കൂട്ടം തല്ലിക്കൊന്നു

തിരുവണ്ണാമലൈ- മലേഷ്യയില്‍ നിന്നും ബന്ധുക്കളോടൊപ്പം സന്ദര്‍ശനത്തിനെത്തിയ 65-കാരിയെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ അടിച്ചു കൊലപ്പെടുത്തി. തിരുവണ്ണാമലൈയിലെ ഒരു കുടുംബ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയതായിരുന്നു കൊല്ലപ്പെട്ട രുക്മിണിയും ബന്ധുക്കളും. ബുധനാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

രണ്ടു ബന്ധുക്കളോടൊപ്പം മലേഷ്യയില്‍ നിന്നെത്തിയ രുക്മിണി ചെന്നൈയില്‍ നിന്ന് കാര്‍ വിളിച്ച് ഇവിടെ എത്തിയതായിരുന്നു. ഇവിടെ ക്ഷേത്രം തിരഞ്ഞുപിടിക്കുന്നതിനിടെയാണ് വഴിയരികില്‍ കളിക്കുകയായിരുന്നു കുട്ടികള്‍ക്ക് രുക്മിണി ചോക്ലേറ്റ് നല്‍കിയത്. ഇതു കണ്ട ഒരു സ്ത്രീ രുക്്മിണി കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്ന് അലറിവിളിച്ചു. ഇതോടെ ആളുകള്‍ ഓടിക്കൂടി. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ഇവിടെ നിന്നും തിരിച്ചു പോയ രുക്മിണിയേയും ബന്ധുക്കളേയും പ്രദേശവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി ആക്രമിക്കുകയായിരുന്നു. രുക്മിണിയുടെ ബന്ധുക്കള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ കുറിച്ചുളള വ്യാജ വാട്‌സാപ്പ് സന്ദേശം കുറച്ചു നാളുകളായി ഇവിടെ പ്രചാരത്തിലുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഗുരുതരമായ മര്‍ദ്ദനമേറ്റ രുക്മിണി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയിലാണെന്നും പോലീസ് അറിയിച്ചു. വ്യാജ തട്ടിക്കൊണ്ടു പോകല്‍ ഊഹാപോഹം ശക്തമാണെങ്കിലും കുട്ടികളെ തട്ടികൊണ്ടു പോയതായി ഇതുവരെ ജില്ലയില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
 

Latest News