ഇ.ഡി റെയ്ഡ് പറഞ്ഞ് തുടക്കം;പ്രവാസി വ്യവസായിയുടെ 107 കോടി മരുമകൻ തട്ടിയ കേസിൽ അന്വേഷണം ഇഴയുന്നു

- പ്രതി ഗോവയിലെന്ന് സംശയിക്കുന്നതായി പോലീസ്
കൊച്ചി - മകളുടെ ഭർത്താവ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പ്രവാസി വ്യവസായിയുടെ പരാതിയിൽ അന്വേഷണം ഇഴയുന്നു. ആയിരം പവൻ സ്വർണവും റേഞ്ച് റോവർ കാറും നൽകി തന്റെ മകളെ കല്യാണം കഴിച്ച മരുമകൻ 107 കോടി രൂപ വിവിധ സമയങ്ങളിലായി തട്ടിയെടുത്തെന്നാണ് ആലുവയിലെ പ്രവാസി വ്യവസായിയിയും മുൻ ഡി.ഐ.ജിയുമായ അബ്ദുൽ ലാഹിർ ഹസന്റെ പരാതി. മകളെ വിവാഹം ചെയ്ത മുഹമ്മദ് ഹാഫിസിനെതിരെ പരാതി നൽകിയിട്ട് മൂന്നുമാസം പിന്നിട്ടെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടാൻ പോലും പോലീസിനായിട്ടില്ല.
  പ്രതി ഗോവയിലേയ്ക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും വൈകാതെ പിടികൂടാനാവുമെന്നുമാണ് പോലീസ് പറയുന്നത്. 
 അഞ്ചുവർഷം മുമ്പാണ് പ്രവാസി പ്രമുഖന്റെ മകളുമായുള്ള പ്രതിയുടെ വിവാഹം നടന്നത്. ശേഷമായിരുന്നു തട്ടിപ്പുകൾ. തന്റെ കമ്പനിയിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാൻ നാല് കോടി രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ശേഷം ബംഗളൂരുവിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയ ശേഷം വ്യാജരഖകൾ നൽകിയായിരുന്നു രണ്ടാമത്തെ തട്ടിപ്പ്്. ഇത് കൂടാതെ രാജ്യാന്തര ഫുട്ട്‌വെയർ ബ്രാൻഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ് വെയർ ശൃംഖലയുടെ പേരിലും നൂറു കോടിയിലേറെ രൂപ വാങ്ങി. തുടർന്ന് ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയും തട്ടി. മഹാരാഷ്ട്രാ മന്ത്രിയുമായി ബിസിനസ് നടത്താനെന്ന പേരിലും പണം വാങ്ങി. കൂടാതെ വിവിധ സ്ഥലങ്ങളിൽ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കായും പണം വാങ്ങി. കോവിഡ് കഴിയുമ്പോൾ പണം മടക്കി നൽകാമെന്നും പറഞ്ഞായിരുന്നു ഇടപാട്. എന്നാൽ അന്വേഷണത്തിൽ ഇടപാടുകളെല്ലാം തട്ടിപ്പാണെന്ന് മനസ്സിലായി. പിന്നീടാണ് മരുമകനും സുഹൃത്ത് അക്ഷയും ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും വ്യവസായി പറയുന്നു. പുറമെ, വിവാഹസമയത്ത് മകൾക്ക് നൽകിയ ആയിരം പവൻ സ്വർണവും വജ്രാഭരണങ്ങളും 1.5 കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും തട്ടിയെടുത്ത കൂട്ടത്തിൽപ്പെടുന്നു. ഇതോടെ തന്നിൽനിന്നും 2019 ആഗസ്ത് മുതൽ 2021 നവംബർ വരെ പലപ്പോഴായി 107 കോടി രൂപയോളം കവർന്നതായി ബോധ്യപ്പെട്ടുവെന്നും തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നുമാണ് അബ്ദുൽ ലാഹിർ ഹസൻ പറയുന്നത്. 
 ഇക്കഴിഞ്ഞ ആഗസ്ത് 21നാണ് ഇദ്ദേഹം ആലുവ ഈസ്റ്റ് പോലീസിൽ മരുമകനെതിരെ പരാതി നൽകിയത്. പണം കൈമാറിയതിന്റെ ബാങ്ക് ഇടപാടുകളുടെ രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ആദായനികുതിയുടെ വ്യാജനോട്ടീസ് ചമച്ചതായും പരാതിയിലുണ്ട്. ഭർത്താവ് തട്ടിപ്പുകാരനാണെന്ന് ബോധ്യമായതോടെ മകൾ വിവാഹമോചനത്തിന് പരാതി നൽകിയിട്ടുണ്ട്. ഒരു മകൾ മാത്രമാണ് തനിക്കുള്ളതെന്നും മകളെയും കുഞ്ഞിനെയും ഓർത്താണ് ചോദിക്കുമ്പോഴൊക്കെ പണം കൊടുത്തതെന്നും പ്രവാസി വ്യവസായി വിശദീകരിക്കുന്നു. 

Latest News