ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം- മലബാര്‍ പര്യടനം പൂര്‍ത്തിയായിക്കിയ  ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്.  വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. എംപി എന്ന നിലയിലെ പൊതു പരിപാടികള്‍ക്ക് പുറമെ കത്ത് വിവാദത്തില്‍ കോര്‍പറേഷന് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലും തരൂര്‍ എത്തും. രാവിലെ പത്ത് മണിക്കാണ്  കോര്‍പറേഷന് മുന്നിലെ സമരവേദിയിലെത്തുക. ഇത്രവലിയ സമരപരിപാടികള്‍ തലസ്ഥാനത്ത് നടന്നിട്ടും ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രതികരണമോ പങ്കാളിത്തമോ തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് തന്നെ പരോക്ഷമായി സൂചിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് തരൂര്‍ സമര വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തിലും നേതൃത്വത്തില്‍ നിന്ന് ഭിന്നമായ നിലപാടാണ് തരൂരിനുള്ളത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചര്‍ച്ചയിലേക്ക് വരാനാണ് സാധ്യത.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന വി ഡി സതീശന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശശി തരൂര്‍ മുന്നോട്ട് നീങ്ങുന്നത്. മലബാര്‍ സന്ദര്‍ശനത്തിന് പിന്നാലെ മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും തരൂര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 

Latest News