Sorry, you need to enable JavaScript to visit this website.

വിമാന ദുരന്തത്തില്‍ രക്ഷപ്പെട്ട ഉടന്‍ ദമ്പതികളുടെ സെല്‍ഫി; അമ്പരന്ന് സോഷ്യല്‍ മീഡിയ

ലിമ- വിമാന അപകടത്തില്‍ രക്ഷപ്പെട്ട ദമ്പതികള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി ഉപയോക്താക്കളെ ശരിക്കും അമ്പരപ്പിച്ചു.
വിമാനാപകടത്തെ അതിജീവിച്ച ഇവര്‍ക്ക് എങ്ങനെ സെല്‍ഫിയെടുക്കാന്‍ നേരം കിട്ടിയെന്നാണ് ആളുകളുടെ ചോദ്യം. വിമാനാപകടത്തെ അതിജീവിച്ച ശേഷം സെല്‍ഫിയെടുക്കാന്‍ ഫോണ്‍ ഉപയോഗിച്ച ഇവര്‍ അസാധാരണ ദമ്പതികളാണെന്ന് അവര്‍ വിലിയിരുത്തുകയും ചെയ്തു.  
പെറുവിന്റെ തലസ്ഥാനമായ ലിമയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുകയായിരുന്ന ലാതം എയര്‍ലൈന്‍സ് വിമാനത്തിന്  റണ്‍വേയിലെ അഗ്‌നിശമന ട്രക്കില്‍ ഇടിച്ചപ്പോള്‍ തീപിടിച്ചിരുന്നു. വിമാനത്തിലെ 120 യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരും വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വിമാനാപകടത്തില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞു. റണ്‍വേയിലുണ്ടായിരുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ദുരന്തത്തിന് തൊട്ടുപിന്നാലെ, അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ദമ്പതികള്‍ തങ്ങളുടെ രണ്ടാം ജന്മം ആഘോഷിക്കാനാണ് തകര്‍ന്ന വിമാനത്തിനൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ എന്റിക് വാര്‍സിറോസ്പിഗ്ലിയോസിയാണ് ചിത്രം ഷെയര്‍ ചെയ്തത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെയുള്ള ഫോട്ടോയില്‍ മുഖത്ത്  ഫയര്‍ സപ്രസന്റ് കെമിക്കലുള്ള എന്റിക്കും ഭാര്യയും പുഞ്ചിരിക്കുന്നത് കാണാം.
ഫോട്ടോക്ക് അദ്ദേഹം നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'ജീവിതം നിങ്ങള്‍ക്ക് രണ്ടാം അവസരം നല്‍കുമ്പോള്‍....
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലായിരിക്കുകയാണ്. ചിലര്‍ ദമ്പതികളെ അഭിനന്ദിച്ചപ്പോള്‍ രണ്ട് ജിവന്‍ പൊലിഞ്ഞ അപകടത്തില്‍ വിമാനത്തോടൊപ്പം സെല്‍ഫി എടുത്തതിനെ മറ്റു ചിലര്‍ പരിഹസിച്ചു.  
ദുരന്തങ്ങളെ അതിജീവിച്ച ശേഷം ആളുകള്‍ സെല്‍ഫി എടുക്കുന്നത് വളരെ വിചിത്രമാണെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.  
ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്ക് എന്തുകൊണ്ടും ആഘോഷിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്.

 

Latest News