Sorry, you need to enable JavaScript to visit this website.

തലശ്ശേരിയില്‍ ലഹരി വില്‍പന സംഘം മൂന്ന് പേരെ വെട്ടി; രണ്ടു പേര്‍ കൊല്ലപ്പെട്ടു

തലശ്ശേരി- തലശ്ശേരിയില്‍ ലഹരി മാഫിയ സംഘം നടത്തിയ അക്രമത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിട്ടൂര്‍ ഇല്ലിക്കുന്ന്  ചിറമ്മല്‍ പള്ളിക്ക് സമീപത്തെ കരിക്കൊത്തന്റെവിടെ ത്രിവര്‍ണ്ണത്തില്‍ ഖാലിദ്(52) ,ഇവരുടെ സഹോരീ ഭര്‍ത്താവ് നിട്ടൂര്‍ ഇല്ലിക്കുന്ന്  പൂവനാഴി ഹൗസില്‍ ഷമീര്‍(40) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷമീറിന്റ അമ്മാവന്റെ മകന്‍ ഇല്ലിക്കുന്ന് സാറാസില്‍  ഷാനിദിനെ (38) പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരി വില്‍പ്പനയെ ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ നേരത്തെ ക്രൂരമായി  മര്‍ദ്ദിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേനയെത്തിയ സംഘമാണ് മൂന്ന് പേരെ വെട്ടിയത്. ഓട്ടോറിക്ഷ വില്‍പ്പന നടത്തിയ തര്‍ക്കവും അക്രമത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
 കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷബുവെന്ന ഷബീലിനെയാണ് വൈകിട്ട് ലഹരി മാഫിയാ സംഘം ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ ഷബീലിനെ തലശ്ശേരി സഹകണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ഷബീലിന്റെ പിതാവ് ഷമീറും ഖാലിദും ഷാനിദും ആശുപത്രിയിലെത്തി. തുടര്‍ന്ന് ഷബീലിനെ അക്രമിച്ച സംഘം ആശുപത്രിയിലുള്ള ഷമീറിനോടും ഖാലിദിനോടും മറ്റും പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞ് ആശുപത്രിക്ക് വെളിയിലേക്ക് വിളിച്ച വരുത്തുകയായിരുന്നു. എന്നാല്‍ ഈ സംഘം പ്രശ്‌നം തീര്‍ക്കാനെന്ന വ്യാജേനയെത്തി കൈയ്യില്‍ കരുതിയ കൊടുവാളുള്‍പ്പെടെ ഉപയോഗിച്ച് കുടുംബാംഗങ്ങളായ മൂന്ന് പേരെയും അക്രമിക്കുകയായിരുന്നു.   ദേശീയപാതയില്‍  തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് ഓട്ടോയിലെത്തിയ  സംഘം മൂന്നു പേരെയും വെട്ടിയത്. അക്രമത്തില്‍  വെട്ടേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ നാട്ടുകാര്‍ സമീപത്തെ സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായി വെട്ടേറ്റ ഖാലിദ് സഹകരണ ആശുപത്രിയില്‍ വെച്ച് തന്നെ മരിച്ചു. പുറത്തുള്‍പ്പെടെ മാരകമയി കുത്തേറ്റ ഷമീറിനെ സഹകരണ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് ഏഴര മണിയോടെ മരിച്ചു. സംഭവത്തില്‍ പരിക്കേറ്റ ഷാനിദ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓട്ടോ ഡ്രൈവറായ പാറായി ബാബു എന്ന സുരേഷ് ബാബു, ജാക്‌സണ്‍, നവീന്‍എന്നിവരുടെ നേതൃത്വത്തില്‍ഓട്ടോയിലെത്തിയ  സംഘമാണ് മൂന്നു പേരെയും അക്രമിച്ചതെന്നാണ് പരാതി. പ്രതികള്‍ ഒളവിലാണെന്ന് പോലീസ് പറഞ്ഞു.
മത്സ്യ തൊഴിലാളിയാണ് മരിച്ച ഖാലിദ്.  നിട്ടൂര്‍ ഇല്ലിക്കുന്നിലെ മുഹമ്മദ്- നബീസ ദമ്പതിളുടെ മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന്‍, പര്‍സീന്‍ .സഹോദരങ്ങള്‍: അസ്ലം ഗുരിക്കള്‍, സഹദ്, അക്ബര്‍, സാജിദ, ഷംസീന.
പരേതരായ ഉമ്മന്റെയും ആയിഷയുടെയും മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ :ഷംഷീന. സഹോദരങ്ങള്‍:ഖയറു, റസിയ, നൗഷാദ്, പരേതനായ ഷക്കീര്‍.

 

Latest News