തിരുവനന്തപുരം- സെക്രട്ടറിയേറ്റില്‍ ജോലിതരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി ഷൈജിന്‍ ബ്രിട്ടോയാണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്.
രാമപുരം സ്വദേശി അംബികയാണ് തട്ടിപ്പിനിരയായത്. 81 ലക്ഷം രൂപയാണ് തട്ടിയത്. അംബികയുടെ മകന്‍ ജിതിന്‍ ജോണിന് സെക്രട്ടറിയേറ്റില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അംബികയുടെ ബന്ധു കൂടിയായ ഷൈജിന്‍ ബ്രിട്ടോ പണം തട്ടിയത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിപ്പിച്ച് 2021 ഏപ്രില്‍ 21 മുതല്‍ 2022 ഫെബ്രുവരി 7 വരെ പല ഘട്ടങ്ങളിലായി 81,15000 രൂപയാണ് ഷൈജിന്‍ ബ്രിട്ടോ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് അംബിക പരാതി നല്‍കിയത്.
ഷൈജിന്‍ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേര്‍ന്ന് പണം വാങ്ങിയ ശേഷം വ്യാജഡോക്യുമെന്റുകള്‍ നല്‍കി ജോലി നല്‍കാതെ ചതിച്ചെന്നാണ് അംബിക പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്ത്. പേരൂര്‍ക്കടയില്‍ നിന്നാണ് ഷൈജിന്‍ ബ്രിട്ടോയെപിടികൂടിയത്. ജോലിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ മുമ്പ് സെക്രട്ടറിയേറ്റില്‍ നിന്ന് പിരിച്ചുവിട്ടതാണ്. ഇത്തരം തട്ടിപ്പ് ഇയാള്‍ നടത്തുന്നതായി മാസങ്ങള്‍ക്ക് മുമ്പ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമാനമായി മറ്റ് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.






