ന്യൂദല്‍ഹി- രാജസ്ഥാനിലെ പൊഖ്‌റാനില്‍ രണ്ടാം ആണവ സ്‌ഫോടന പരീക്ഷണം നടത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയായി. ഇരുപത് വര്‍ഷം മുമ്പ് 1998 മേയ് 11-ന് ഓപറേഷന്‍ ശക്തി എന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് അണു ബോംബുകളാണ് പരീക്ഷിച്ച് വിജയിച്ചത്. ഇതോടെ ആണവ ശക്തിയായി സ്വയം പര്യാപ്ത കൈവരിച്ച ആദ്യ മൂന്നാം ലോകരാജ്യമായി ഇന്ത്യമാറി. ഈ ദിവസമാണ് ഇന്ത്യ ആണവ പരീക്ഷണം നടത്തി വിജയിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചത്. ആണവായുധം കൈവശമുള്ള ആറ് ലോക രാജ്യങ്ങളില്‍ ഓന്നാണ് ഇന്ത്യ. ഈ ദിവസം ദേശീയ സാങ്കേതികവിദ്യാ ദിനമായാണ് സര്‍ക്കാര്‍ ആചരിച്ചു പോരുന്നത്. നേരത്തെ 1974-ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ് ആദ്യമായി പൊഖ്‌റാനില്‍ ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ തുടങ്ങിയത്.
അമേരിക്കന്‍ ഉപരോധ ഭീഷണികളെ അതിജീവിച്ച് അതീവ രഹസ്യമായാണ് ഇന്ത്യ ആണവായുധം വികസിപ്പിച്ചത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ചാര സാറ്റലൈറ്റുകളുടെ കണ്ണുവെട്ടിച്ചായിരുന്നു ഇന്ത്യന്‍ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ആണവ ബോംബുകള്‍ നിര്‍മ്മിച്ചത്. ഇന്ത്യ നടത്തിയ എല്ലാ ആണവ പരീക്ഷണങ്ങളും സിഐഎയുടെ മൂക്കിന്‍ തുമ്പത്ത് വച്ചായിരുന്നു. എന്നിട്ടും അവര്‍ക്ക് തിരിച്ചറിയാനായില്ല. ഒടുവില്‍ ഇന്ത്യ വിജയം കൈവരിച്ചപ്പോള്‍ തങ്ങളുടെ പരാജയം സിഐഎ തുറന്നു സമ്മതിക്കുകയും ചെയ്്തിരുന്നു.
പരീക്ഷണത്തിന്റെ ഭാഗമായിരുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം അടക്കമുള്ള ശാസ്ത്രജ്ഞര്‍ സൈനിക വേഷത്തില്‍ രഹസ്യ പേരിലാണ് അറിയപ്പെട്ടിരുന്നത്. കലാമിന്റെ കോഡ് നാമം മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്നായിരുന്നു.