മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തി രോഗിയുടെ ഭര്‍ത്താവ്

തിരുവനന്തപുരം- രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടര്‍ക്ക് നേരെ മര്‍ദനം. രോഗിയുടെ ഭര്‍ത്താവാണ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയത്. ന്യൂറോ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.
ഐ.സി.യുവില്‍നിന്ന് പുറത്തുവന്ന ഡോക്ടര്‍ മരണവിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചു. പ്രകോപിതനായ ഇയാള്‍ ഡോക്ടറെ ചവിട്ടി വീഴ്ത്തി. സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡോക്ടര്‍മാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഡോക്ടര്‍മാര്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് ചര്‍ച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News