ബെംഗളുരൂ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം പാടവത്തില്‍ ആര്‍ക്കും എതരിഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍ ഈ പാടവത്തിലല്ല, പറയുന്ന കാര്യങ്ങള്‍ വാസ്തുതാപരമായിരിക്കണം എന്നതിലാണല്ലോ കാര്യം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ മോഡി പല പ്രസംഗങ്ങളിലും ചരിത്ര വസ്തുതകളെ തെറ്റായി അവതരിപ്പിച്ചത് ചരിത്രകാരന്മാരെ മാത്രമല്ല സാധാരണക്കാരെ പോലും അമ്പരിപ്പിച്ചു. ഇതാദ്യമായല്ല മോഡിയുടെ കള്ളം പറച്ചില്‍. എന്നാല്‍ ഒരു നാണവുമില്ലാതെ ഇത്തരത്തില്‍ കള്ളം പറയുന്നത് ഒടുവില്‍ പൊതുജനം കയ്യോടെ പിടികൂടിയിരിക്കുകയാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങിനെയും ബതുകേശ്വര്‍ ദത്തിനേയും ജവാഹര്‍ ലാല്‍ നെഹ്‌റുവോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ സന്ദര്‍ശിച്ചില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മോഡി പ്രസംഗിച്ചത്. ഇത് തീര്‍ത്തും തെറ്റായിരുന്നു. ഇതു ചൂണ്ടിക്കാട്ടി നിരവധി ചരിത്രകാരന്മാര്‍ രംഗത്തു വരികയും ചെയ്തു. നെഹ്‌റു ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിക്കുക മാത്രമല്ല, അതേ കുറിച്ച് തന്റെ ആത്മകഥയില്‍ വിശദമായി എഴുതുകയും ചെയ്തിട്ടുണ്ട്. 1929-ല്‍ ലാഹോര്‍ ജയിലിലാണ് നെഹ്‌റു ഭഗത് സിങിനെയും ബതുകേശ്വര്‍ ദത്തിനേയും സന്ദര്‍ശിച്ചത്.
ഒരാഴ്ച മുമ്പ് മുന്‍ സൈനിക മേധാവിമാരായ ജനറല്‍ തിമ്മയയേും ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയേയും നെഹ്‌റു സര്‍ക്കാര്‍ അപമാനിച്ചുവെന്ന് പച്ചക്കള്ളം പറഞ്ഞത് പൊളിഞ്ഞതിനു തൊട്ടുപിറകെയാണ് വീണ്ടും ചരിത്ര വസ്തുതകളെ മോഡി വളച്ചൊടിച്ചത്. ഇതോടെ മോഡിക്കെതിരെ ട്രോളുകളാണ്.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പലയിടത്തും ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. The Lie Lama എന്ന വാചകവും മോഡി കൈകൂപ്പി നില്‍ക്കുന്ന ഒരു ചിത്രവും മാത്രമായിരുന്നു ഉള്ളടക്കം. തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ പേരിനോട് സാമ്യമുള്ള, പൊള്ളത്തരങ്ങളുടെ നേതാവ് എന്ന അര്‍ത്ഥത്തിലാണ് ഇംഗ്ലീഷില്‍ The Lie Lama എന്ന് മോഡിയെ പരസ്യമായി ട്രോളിയിരിക്കുന്നത്. ഈ പോസ്റ്ററിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. കര്‍ണാടകയില്‍ പറഞ്ഞ അസത്യങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതിന്റെ സ്വാഭാവിക പ്രതികരണമായിരന്നു ഇത്. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ചരിത്രം പഠിപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. ദി ലൈ ലാമ ട്രോളും കത്തിപ്പടര്‍ന്നു. രേഖപ്പെടുത്തപ്പെടുത്തപ്പെട്ട ചരിത്ര സത്യങ്ങളേയും വസ്തുതകളേയും മോഡി തന്റെ പ്രസംഗങ്ങളില്‍ തെറ്റായും വസ്തുതാവിരുദ്ധമായും അവതരിപ്പിക്കുന്നതിനെതിരെ പ്രമുഖരടക്കം വളരെ ഗൗരവത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ ഇങ്ങനെ കള്ളം വിളിച്ചു പറയുന്നതിലെ അസാംഗത്യവും ഉയര്‍ത്തിക്കാട്ടപ്പെട്ടു.
1948-ല്‍ ജനറല്‍ തിമ്മയ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യമാണ് പാക്കിസ്ഥാനെതിരായ യുദ്ധം ജയിച്ചതെന്നും എന്നിട്ടും അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവും പ്രതിരോധ മന്ത്രി കൃഷ്ണ മേനോനും തിമ്മയയെ നിരന്തരം അവഹേളിക്കുകയും ഇതു മൂലം തിമ്മയ്യക്ക് പദവി രാജിവക്കേണ്ടി വന്നുവെന്നും മോഡി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതു തീര്‍ത്തും തെറ്റാണെന്ന് ചരിത്രം പറയുന്നു. 1948-ല്‍ ജനറല്‍ തിമ്മയ്യ സൈനിക മേധാവി പോലും ആയിരുന്നില്ല. കൃഷ്ണ മേനോന്‍ അന്ന് പ്രതിരോധ മന്ത്രിയും ആയിരുന്നില്ല. മേജര്‍ ജനറല്‍ റാങ്കിലുള്ള ഡിവിഷണല്‍ കമാന്‍ഡര്‍ ആയിരുന്നു. കശ്മീര്‍ യുദ്ധത്തില്‍ തിമ്മയ്യ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെങ്കിലും നെഹ്‌റുവും കൃഷണ മേനോനും അദ്ദേഹത്തെ അവഹേളിച്ചുവെന്നത് പറയുന്നത് വാസ്തവ വിരുദ്ധമാണ്. തിമ്മയയുടെ സേവനങ്ങള്‍ക്ക് നെഹ്‌റു പല ബഹുമതികളും നല്‍കുകയും ചെയതിട്ടുണ്ട്. 1953-ല്‍ ജനറല്‍ തിമ്മയയെ നെഹ്‌റു കൊറിയയിലെ യുഎന്‍ ദൗത്യത്തിന് നിയോഗിച്ചു. ഈ പദവിയില്‍ നിന്ന് വിരമിച്ച ശേഷം 1954-ല്‍ നെഹ്‌റു സര്‍ക്കാര്‍ തിമ്മയ്യയെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിമ്മയ്യ സൈനിക മേധാവിയാകുന്നത്. അതും രണ്ടും മുതിര്‍ന്ന സൈനികരെ മറികടന്നായിരുന്നു. പലകാര്യങ്ങളിലും സര്‍ക്കാരുമായി അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അദ്ദേഹം രാജിക്കൊരുങ്ങിയപ്പോള്‍ പിന്തിരിപ്പിക്കാനും നെഹ്‌റുവിന് കഴിഞ്ഞിരുന്നു എന്നതാണ് ചരിത്ര വസ്തുത.
1962-ല്‍ ഇന്ത്യ ചൈന യുദ്ധത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോട് സര്‍ക്കാര്‍ എങ്ങനെ പെരുമാറിയെന്നത് ചരിത്രമാണെന്നായിരുന്നു മോഡിയുടെ മറ്റൊരു വാദം. എന്നാല്‍ 1962-ല്‍ കരിയപ്പ സൈന്യത്തിലുണ്ടായിരുന്നില്ല. ഒമ്പതു വര്‍ഷം മുമ്പ് അദ്ദേഹം വിരമിച്ചിരുന്നു. സൈനിക മേധാവിയായിരുന്ന കരിയപ്പ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നതിനാല്‍ നെഹ്‌റുവുമായി ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ അദ്ദേഹത്തെ ഒരിക്കലും അനാദരിച്ചിട്ടില്ല. നാലു വര്‍ഷം സൈനിക മേധാവിയായി പദവിയില്‍ നിന്ന് വിരമിച്ച ഉടന്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ഓസ്‌ട്രേലിയയിലെ ഹൈക്കമ്മീഷണറായി നിയമിച്ചു. വിരമിച്ച സൈനികരെ അംബാസഡര്‍മാരായി നിയമിക്കുന്ന പാരമ്പര്യത്തിന്റെ തുടക്കമായിരുന്നു ഇത്. ഇതിലേറെ പ്രധാനമാണ് വിരമിച്ച് 33 വര്‍ഷം പിന്നിട്ട ശേഷം ജനറല്‍ കരിയപ്പയെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചത്. ഇന്ത്യയില്‍ മറ്റൊരു സൈനിക മേധാവിക്കും വിരമിച്ച് മൂന്ന് പതിറ്റാണ്ടിനു ശേഷം ഇതിലും വലിയ ആദരം ലഭിച്ചിട്ടില്ല.