Sorry, you need to enable JavaScript to visit this website.

പുട്ടിന് വെടിനിർത്താനുള്ള സന്ദർഭം

പുട്ടിനോട് മിണ്ടില്ലെന്ന പഴയ നിലപാടിൽ നിന്ന് സെലെൻസ്‌കിക്കും മാറാതെ നിർവാഹമില്ല. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇടപെടൽ അനുരഞ്ജനത്തിനും ചർച്ചകൾക്കും  അനുകൂലമായ സാഹചര്യമാണൊരുക്കിയിരിക്കുന്നത്. 

യൂറോപ്പിന്റെ സമാധാനം ഇല്ലാതാക്കിയ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ഏതാണ്ട് ഒരു വയസ്സായി. 2022 ഫെബ്രുവരി 20 നാണ് പുട്ടിൻ അയലത്ത് ചെന്ന് നാശം വിതക്കാൻ ഉത്തരവ് നൽകിയതെങ്കിലും യഥാർഥത്തിൽ കഴിഞ്ഞ വർഷം നവംബറിൽ തന്നെ റഷ്യൻ സൈനികരെ ഉക്രൈൻ അതിർത്തികളിൽ വിന്യസിച്ചിരുന്നു. ഇത്രയും കാലത്തിനിടക്ക് ലക്ഷ്യം വല്ലതും നേടിയോ എന്നു ചോദിച്ചാൽ ഉത്തരം നൽകാൻ പുട്ടിന് മാത്രമേ കഴിയൂ. ചെറിയ രാജ്യമായ ഉക്രൈൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നു. റഷ്യൻ പട്ടാളത്തിൽ നിന്ന് ഖെർസൺ പ്രദേശം തിരിച്ചു പിടിക്കുകയും ചെയ്തു. അഭിമാനികളായ ഉക്രൈൻ യുവത്വം അവിടെ ആഘോഷത്തിലുമാണ്. റഷ്യയുടെ നാശത്തിന്റെ കൃത്യമായ കണക്ക് പുറത്തറിയില്ലെങ്കിലും പതിനായിരങ്ങൾക്ക് ജീവഹാനി നേരിടുകയോ, ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. റഷ്യയുടെ യുദ്ധക്കൊതിയുടെ ആഘാതമേറ്റു വാങ്ങിയ ഉക്രൈൻ ജനതക്ക് അയലത്തെ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. കരിങ്കടലിലൂടെ കപ്പൽ ഗതാഗതം മുടങ്ങിയാൽ അങ്ങകലെ ആഫ്രിക്കയിൽ വരെ ജനങ്ങൾ പട്ടിണിയിലാവുമെന്ന ബോധം ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിക്കുണ്ട്. തന്റെ രാജ്യത്തിന് മേൽ സദാ ബോംബ് വർഷിക്കുന്ന റഷ്യയുടെ ഭരണാധികാരിയോട് ഇനി മിണ്ടുന്ന പ്രശ്‌നമേയില്ലെന്ന നിലപാടുകാരനുമാണ് അദ്ദേഹം. ഇതിനിടക്കാണ് പിന്നിട്ട വാരത്തിലെ ചില വിശേഷങ്ങൾ. ഇന്തോനേഷ്യയിലെ ബാലിയിൽ ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ സംഗമിച്ചിരിക്കുകയായിരുന്നു. 
ജി20 ൽ റഷ്യയുമുണ്ടെങ്കിലും പ്രസിഡന്റ് വരാതെ വിദേശകാര്യ മന്ത്രിയെ പറഞ്ഞു വിടുകയായിരുന്നു. ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി വീഡിയോ കോൺഫറൻസിംഗിലൂടെ ലോക നേതാക്കളെ അഭിസംബോധന ചെയ്യുകയുണ്ടായി. പുട്ടിനെ ബോധപൂർവം ഒഴിവാക്കി പ്രിയപ്പെട്ട ജി19 നേതാക്കളേ എന്നു വിളിച്ചായിരുന്നു അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. തന്റെ നാട്ടിൽ സമാധാന വാഴ്ച പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. ഈ പ്രസംഗം നടക്കുമ്പോഴും ഉക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റഷ്യൻ മിസൈലുകൾ വർഷിക്കുകയായിരുന്നു. അടുത്ത  പ്രഭാതത്തിൽ ലോകജനത കേട്ടത് റഷ്യൻ മിസൈൽ പോളണ്ടിൽ പതിച്ചുവെന്ന വാർത്തയാണ്. നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യയുടെ മിസൈൽ വന്നു വീണെങ്കിൽ പ്രതിരോധിക്കേണ്ട ബാധ്യത പാശ്ചാത്യ ശക്തികളുൾപ്പെടുന്ന നാറ്റോ സഖ്യത്തിനാണ്. അതായത് ഒരു ലോക മഹായുദ്ധത്തിന് കളമൊരുങ്ങിയെന്ന ആശങ്ക പടർന്നു. ഉക്രൈന്റെ ആരോപണം റഷ്യ നിഷേധിച്ചത് ആരും കാര്യമാക്കിയില്ല. എന്നാൽ പക്വമതിയായ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വിഷയത്തിൽ പ്രതികരിച്ചത് ഉക്രൈൻ ഉൾപ്പെടെ എല്ലാവർക്കും അംഗീകരിക്കേണ്ടി വരും. ഈ മിസൈൽ റഷ്യയുടേതാവാൻ വഴിയില്ലെന്നായിരുന്നു ലോക കാരണവരായി മാറിയ ബൈഡന്റെ പ്രസ്താവന. ഇതിൽ അനുരഞ്ജനത്തിന്റേതായ ചില സൂചനകളുണ്ട്. 
റഷ്യയും ഉക്രൈനും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണുള്ളത്. ഒൻപതാം നൂറ്റാണ്ട് മുതൽ കീവ് റഷ്യയുടെ തലസ്ഥാനമായപ്പോൾ മുതൽ ഈ ബന്ധം നിലവിലുണ്ട്.  1654 മുതൽ റഷ്യൻ സാറിന്റെ ഭരണത്തിൻ കീഴിലുള്ള ഉടമ്പടിയിലൂടെ റഷ്യയും ഉക്രൈനും ഒന്നിച്ചു. ലെനിന്റെ വിപ്ലവത്തെ തുടർന്ന് സാറിന്റെ സാമ്രാജ്യം തകർന്നപ്പോൾ ഉക്രൈൻകാർ സ്വന്തമായി ഒരു രാജ്യം സൃഷ്ടിച്ചു. 1918 ജനുവരിയിൽ ഇവർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1920 ൽ ബോൾഷെവിക്കുകൾ ഉക്രൈന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കി. എന്നാൽ രണ്ടു വർഷത്തെ സ്വാതന്ത്ര്യം ഉക്രൈൻ ജനത അനുഭവിച്ചതിലൂടെ അവരുടെ മനസ്സിൽ സ്വാതന്ത്ര്യ ബോധം ഉടലെടുത്തു. തുടർന്ന് ഉക്രൈനെ ഒരു പ്രത്യേക രാഷ്ട്രമായി അംഗീകരിക്കാനും ഉക്രൈൻ പശ്ചിമ റിപ്പബ്ലിക്കിന് അനുകൂലമായ സ്വാതന്ത്ര്യം നൽകാനും ബോൾഷെവിക്കുകൾ നിർബന്ധിതരായി. സോവിയറ്റ് യൂനിയന്റെ ആരംഭത്തിൽ മാത്രമല്ല അവസാനത്തിലും ഉക്രൈൻ  പ്രധാന പങ്ക് വഹിച്ചു. 1991 ഡിസംബർ ഒന്നിലെ ഹിതപരിശോധനയിലൂടെ സോവിയറ്റ് യൂനിയനിൽ നിന്ന് പുറത്തു പോകാനും ഉക്രൈന് സാധിച്ചു.  ഉക്രൈനെ വിഴുങ്ങുകയെന്ന റഷ്യൻ വ്യാമോഹം പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ലെന്ന് ചുരുക്കം. 
നാറ്റോ അംഗത്വത്തിനായി ശ്രമിക്കുന്ന ഉക്രൈനെ ഒരു പാഠം പഠിപ്പിക്കണമെന്ന് പുട്ടിന് കുറച്ചു കാലമായി മോഹമുണ്ട്. ഒപ്പം ഒത്തു കിട്ടിയാൽ അയൽ രാജ്യത്തെ കൂട്ടിച്ചേർത്ത് കുറച്ചു കൂടി വലിയ റഷ്യയുമുണ്ടാക്കാം. ഇതിനായി ഉക്രൈന്റെ  അതിർത്തിയിലുടനീളം രണ്ടു ലക്ഷം പട്ടാളക്കാരെ വിന്യസിക്കുകയാണ് ആദ്യം ചെയ്തത്. 
ഇടവേളയിൽ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു മുൻ കാല സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ ഭരണാധികാരി. യുദ്ധം തുടങ്ങുമ്പോൾ ഉക്രൈനിലെ സെലെൻസ്‌കി ഭരണത്തെ അട്ടമറിച്ച് പാവ സർക്കാരിനെ പ്രതിഷ്ഠിക്കാമെന്നായിരുന്നു പുട്ടിന്റെ പദ്ധതി. ഇതു സംബന്ധിച്ച് സൈനികർക്ക് നിർദേശം നൽകുകയും ചെയ്തു. അതെല്ലാം ചീറ്റിയെന്ന് മാത്രമല്ല, ഉക്രൈന് ആഗോള തലത്തിൽ പിന്തുണ വർധിക്കുകയും ചെയ്യുന്നതാണ് തുടർന്ന് കണ്ടത്. 
2021 നവംബർ 10 ന് ഉക്രൈൻ അതിർത്തിക്ക് സമീപം അസാധാരണ സൈനിക നീക്കങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് യുഎസ് റിപ്പോർട്ട് ചെയ്തിരുന്നത്.  ഇതിനെത്തുടർന്ന് ആക്രമണത്തിന് ശ്രമിക്കരുതെന്ന് മോസ്‌കോക്ക് നാറ്റോ മുന്നറിയിപ്പ് നൽകിയതോടെയാണ് ലോക ശ്രദ്ധ ഇതിലേക്ക് പതിഞ്ഞത്.  റഷ്യ ഉക്രൈനെ ആക്രമിച്ചാൽ ശക്തമായ രീതിയിൽ സാമ്പത്തിക മേഖലയിലും അല്ലാതെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന്  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിന് ഡിസംബർ 7 ന് മുന്നറിയിപ്പ് നൽകിയിരുന്നു.  ജനുവരി 17 ന്, റഷ്യൻ സൈന്യം മുൻ സോവിയറ്റ് യൂനിയൻ അംഗമായിരുന്ന ബെലാറസിൽ സൈനിക അഭ്യാസം ആരംഭിക്കുകയും ചെയ്തു.  ഇത് ആക്രമണത്തെ തടയാനാണെന്നായിരുന്നു മോസ്‌കോയുടെ വാദം.  
  നാറ്റോ സഖ്യത്തിൽ അംഗമല്ലെങ്കിലും നാറ്റോയിൽ ചേരാൻ സാധിക്കുമെന്ന പ്രസ്താവന 2008 ൽ ഉക്രൈൻ  ഇറക്കിയിരുന്നു. ഇത് റഷ്യയെ ചൊടിപ്പിക്കുകയും ചെയ്തു.  റഷ്യയെ ലക്ഷ്യം വെച്ചുള്ള മിസൈലുകളുടെ ലോഞ്ച്പാടായി നാറ്റോ ഉക്രൈനെ  ഉപയോഗിക്കുമെന്നാണ് പുട്ടിൻ പറഞ്ഞത്. ഇതെല്ലാം മുന്നിൽ കണ്ട് കഴിഞ്ഞ ഡിസംബറിൽ  റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്ക് മുൻപിൽ വെച്ച ആവശ്യങ്ങളുടെ  നീണ്ട പട്ടികയുണ്ട്. അതിൽ പ്രധാനം ഉക്രൈനെ  ഒരിക്കലും നാറ്റോയിൽ ചേരാൻ അനുവദിക്കരുതെന്നതാണ്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഈ ആവശ്യം തള്ളിയതാണ്. 
പോളണ്ടിലെത്തിയ മിസൈൽ സൃഷ്ടിച്ച സാഹചര്യം സമാധാനത്തിന്റെ വാതിൽ തുറക്കുന്നതാണ്. പുട്ടിനോട് മിണ്ടില്ലെന്ന പഴയ നിലപാടിൽ നിന്ന് സെലെൻസ്‌കിക്കും മാറാതെ നിർവാഹമില്ല. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇടപെടൽ അനുരഞ്ജനത്തിനും ചർച്ചകൾക്കും  അനുകൂലമായ സാഹചര്യമാണൊരുക്കിയിരിക്കുന്നത്. 
 

Latest News