Sorry, you need to enable JavaScript to visit this website.

കത്തെഴുത്തും സ്ഥാനമോഹവും

'ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്‌സ്പീയറുടെ ചോദ്യം വിശ്വവിഖ്യാതമായി. 'സൊസൈറ്റി സെക്രട്ടറിക്ക് ജില്ല സെക്രട്ടറിക്കു കത്തയക്കാൻ പാടില്ലേ'  എന്ന ആനാവൂർ നാഗപ്പൻ സഖാവിന്റെ ചോദ്യവും വിഖ്യാതമാകേണ്ടതായിരുന്നു. പക്ഷേ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് മൊത്തം 'കത്തു വിവാദ'ങ്ങളെ മൂടോടെ വെട്ടിനിരത്തി. ഇവിടെയാണ് അമ്പലപ്പുഴ ജി. സുധാകരൻ ജോത്സ്യൻ സഖാവിന്റെ നാവിന്റെ പ്രാധാന്യം. സഖാവ് 'ജനന സമയ'ത്തിന്റെ കാര്യം ഈയിടെ പ്രസ്താവിച്ചിരുന്നു. ആനാവൂർ സഖാവിന്റെ ചോദ്യത്തിന്റെ സമയം, അമ്പലപ്പുഴ സഖാവ് ഗണിച്ചു വഷളാക്കിയിരുന്നോ എന്നു സംശയം. കുറച്ചു പാവം സഖാക്കളെ തൊഴിലില്ലായ്മയിൽനിന്നു മോചിപ്പിച്ച് സ്ഥിരം നിയമനം നൽകുന്ന പാവന കർമമായിരുന്നു കത്തിൽ. സഖാക്കളല്ലാത്തവർ പോയി തുലയട്ടെ എന്ന ദുരർഥമൊന്നുമില്ല. ഇല്ലെങ്കിലും അവരുടെ ഗതി അതു തന്നെയാകും. പക്ഷേ, ഇവിടെ ചതി നടന്നു; ഡിജിറ്റൽ ചതി. മേയർ കുട്ടി കത്തെഴുതിയിട്ടില്ലെന്ന് ഓഫീസിലെ മേശക്കും കസേരക്കും പോലും അറിയാം. യന്ത്രത്തിൽ കമ്പോസ് ചെയ്തു മോശക്കകത്തു വെച്ചതാണ്. പക്ഷേ, ഇന്നത്തെ പുത്തൻ മേശകൾക്കും അലമാരകൾക്കും താക്കോൽ 'ഡ്യൂപ്ലിക്കേറ്റ്' പോരാഞ്ഞ് ട്രിപ്‌ളിക്കേറ്റ് പോലും ഉള്ള കാലമാണ്.


പണ്ടു കാലത്ത് പ്രൈമറി സ്‌കൂളിൽ തന്നെ 'കത്തെഴുത്ത്' പരിശീലിപ്പിച്ചിരുന്നു. പാൽ തരുന്ന മൃഗത്തെയും ഗ്രാമത്തെയും വിനോദയാത്രയെയും എന്നുവേണ്ട, കണ്ണിൽ കണ്ടതിനെയും കിനാവു പോലും കാണാത്തതിനെയും കുറിച്ചു കത്തെഴുതി കോംപോസിഷൻ ക്ലാസിൽ ടീച്ചർക്കു സമർപ്പിക്കണം. 'ഒരു അച്ഛൻ മകൾക്കയച്ച കത്തുകൾ' ആണ് ഇതിനൊക്കെ കാരണം എന്ന് പറഞ്ഞ് ചിലർ അക്കാലത്തു തന്നെ നെഹ്‌റു - ഇന്ദിര വിരുദ്ധ ചേരിയിലായി. ഹൈസ്‌കൂളിൽ എത്തുന്നതോടെ കത്തുകൾ തമ്മിൽ തമ്മിലായി. 'പ്രേമലേഖനം' എന്നായിരുന്നു പേർ. ഇന്നു 'കത്തെഴുത്ത്' പാർട്ടിയോഫീസുകളിൽ മാത്രം അവശേഷിക്കുന്നു. സംസ്ഥാന കമ്മിറ്റി മാതാവ് ശാസിക്കുന്നതോടെ പ്രശ്‌നം ഒഴിഞ്ഞു പോകുന്നു. എന്നാൽ ഒന്നും അവസാനിക്കാതെ ചൊറിഞ്ഞുകൊണ്ടേയിരിക്കുന്നതു കാണണമെങ്കിൽ ഇന്ദിരാഭവനിലേക്കു ചെല്ലണം. സുധാകര ഗുരു അയച്ചതായും ഇല്ലെന്നും പറയുന്നത് കത്തു ഇന്നുവരെ ഖാർഗേക്കോ രാഹുലനോ കിട്ടിയിട്ടില്ല. തപാൽ വകുപ്പിന്റെ കാര്യക്ഷമത ഇല്ലായ്മക്ക് മറ്റുദാഹരണങ്ങൾ എന്തിനാ? 


കത്തുകൾ എങ്ങനെ തയാറാക്കാം എന്ന വിഷയത്തിൽ പ്രത്യേക പരിശീലനം നൽകാൻ എം.എ. ബേബി ഗുരുവിനെ വല്യേട്ടന് ചുമതലപ്പെടുത്തുമെന്നുറപ്പായി. സഖാക്കൾ നിത്യവും കത്തെഴുതുകയും അതു പിന്നെ പുറത്താക്കുകയും ചെയ്യുന്നത് പാർട്ടി ശരീരത്തനു ക്ഷതം വരുത്തുമെന്നാണ് ഭിഷഗ്വരന്മാരുടെ കണ്ടെത്തൽ. കായികാധ്യാപകനായിരുന്ന എം.വി. ഗോവിന്ദൻ മാഷും പല ക്ഷതങ്ങളും കണ്ടെത്തിക്കഴിഞ്ഞു. ഇനി കത്തെഴുതാനുള്ള മോഹം കലശലാകുമ്പോൾ തലസ്ഥാനത്തു 'പേയാട്ട്' പ്രവർത്തിക്കുന്ന സ്റ്റഡി സെന്ററിൽനിന്നും മെസേജ് കിട്ടിയ ശേഷമേ പേന എടുക്കാവൂ. എന്നാൽ കോൺഗ്രസിൽ അത്തരം കടിഞ്ഞാണുകളൊന്നും പണ്ടേ ഇല്ലാത്തതിനാൽ, പരിശീലനത്തിന്റെ ആവശ്യം വരുന്നില്ല. 'വായിൽ തോന്നിയതു കോതയ്ക്കു പാട്ടെ'ന്ന ഈണത്തിലായിരിക്കും തുടർന്നും പാട്ടുകച്ചേരി. പാർട്ടിയെ പരിപൂർണമായും വെളുപ്പിച്ച ശേഷമേ കച്ചേരിക്ക് ഒരു അന്ത്യമുണ്ടാകൂ എന്നാണ് പഴമൊഴി.


എങ്കിലും അപ്രതീക്ഷിതമായി നെയ്യാർ ഡാമിന്റെ കീഴിൽ തന്നെ ഒരു നേതൃത്വ പരിശീലന ക്യാമ്പ് നടന്നു. തത്സമയം സുധാകരൻ തുറന്നു പറഞ്ഞ സത്യമാണ് ഇപ്പോൾ 'വൈറലായി' കറങ്ങി നടക്കുന്നത്:- ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന നേതൃനിര വരണം' ഇക്കാര്യം മല്ലികാർജുനൻ കേട്ടില്ല. സാധ്യതയില്ല; പ്രായം എൺപതു കഴിഞ്ഞു. തനിക്കിട്ടു പണിതതാണെന്നു മറ്റാരെങ്കിലും ഓതിക്കൊടുത്താലേ കാര്യം പിടികിട്ടൂ. എന്തായാലും സുധാകര ഗുരു ഒഴിയാനുള്ള 'സ്ലോമോഷ'നിലാണ്. ഖാർഗേയുമായുള്ള പോരിനു ശേഷം ദില്ലിയിൽ സൂചി കുത്താൻ ഇടം കിട്ടാതെ തരൂർജി കേരള പ്രവേശം തുടങ്ങുകയാണ്. പാണക്കാട് - പാലക്കാട് വഴി തലസ്ഥാനം- മറ്റൊരു കേരള ജോഡോ! പക്ഷേ, ഇന്ദിരാഭവനിൽ കാലുകുത്തുന്ന നേരം സുധാകര ഗുരു ഒഴിയുമെന്ന് ആരും മനഃപായമുണ്ണണ്ട. പിണറായിയെക്കുറിച്ചു പ്രസ്താവിക്കാൻ കുറച്ചുകൂടി 'പദസമ്പത്ത്' സഞ്ചിയിലുണ്ട്. അതു കൂടി വിറ്റുകഴിഞ്ഞേ മടക്കയാത്ര ഉണ്ടാകൂ. 'നാടോടുമ്പോൾ നടുവേ' എന്ന പ്രമാണ പ്രകാരം കെ. മുരളീധരൻ ആദ്യ പ്രസ്താവന കൊണ്ട് മനംമാറ്റം വെളിപ്പെടുത്തിയതും അവസരോചിതമായി. 
അദ്ദേഹത്തിന് പ്രശ്‌നങ്ങളൊന്നുമില്ല. ബൗദ്ധികം പണ്ടേ ഇല്ല. സാമ്പത്തിക ക്ലേശവുമില്ല. ഒപ്പം ചേരാൻ ഒരു പ്രശ്‌നവുമില്ല.


****                                     ****                      ****


ചാൻസലർക്ക് ഉന്നത വൈദഗ്ധ്യം, യോഗ്യത, പ്രവർത്തന പരിചയം ഒക്കെ ശരി. പ്രതിഫലത്തോടു താൽപര്യമില്ലായ്മ- ഇതെന്താ? ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവ പോലെ ഒന്നാണോ? വാർത്ത കേട്ട് ബുദ്ധിജീവികളും സാദാ ജീവികളും അന്തംവിടുകയാണ്. ചാൻസലറോ, വൈസോ ആകുന്നത് സ്വപ്നം കാണാൻ നികുതിയടച്ചാൽ പോലും ഇന്നലെ വരെ കഴിയില്ലായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻജിയുടെ സഹായം കൊണ്ട് ഈരേഴു പതിനാലു യൂനിവേഴ്‌സിറ്റികളുടെയും മുകളറ്റത്തെ കസേര ഒഴിയുന്ന കാര്യം ഉറപ്പായി. ഗവർണർ ഒരു റബർ സ്റ്റാമ്പല്ല, പരോപകാരിയാണ്; ഇനിയും സംശയമുണ്ടോ? സർക്കാർ പരിണത പ്രജ്ഞന്മാരെ അന്വേഷിച്ച് പുറപ്പെട്ടു കഴിഞ്ഞു. ഇത്തരുണത്തിൽ നമ്മുടെ മുൻ ജനാധിപത്യ ഭരണാധിപന്മാരുട ലാളിത്യവും പ്രതിഫലത്തോടുള്ള ആസക്തിയില്ലായ്മയും ഓർക്കുന്നതിൽ തെറ്റൊന്നുമില്ല; വല്യേട്ടൻ അറിയരുതെന്നു മാത്രം! ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ശമ്പളത്തിന്റെ പകുതി മാത്രമേ കൈപ്പറ്റിയിരുന്നുള്ളൂ. കാലാവധി അവസാനിക്കാറായപ്പോൾ വെറും 25 ശതമാനം മാത്രമായി ശമ്പളം. 'മിസൈൽമാൻ' അബ്ദുൽ കലാം മൊത്തം ശമ്പളം ഒരു ജീവകാരുണ്യ സംഘടനക്കു നൽകി. പക്ഷേ ഇങ്ങു കേരളത്തിൽ നിലവിലെ ശമ്പളം കൊണ്ട് ഒന്നിനും തികയുന്നില്ലെന്നായിരുന്നു മുഖ്യനായിരുന്ന 'ലീഡറുടെ' പരാതി. അതിനോടു വാശി തീർത്തിട്ടാണോ എന്നറിയില്ല; സി. അച്യുതമേനോൻ സഖാവിന് മുഖ്യമന്ത്രിയുടെ ശമ്പളം തികഞ്ഞുവെന്നു മാത്രമല്ല; ലേശം മിച്ചവും ഉണ്ടായിരുന്നുപോൽ! മന്ത്രിയാകുന്നതു പോലെയല്ല, ചാൻസലറാകുന്നത് എന്ന് ഏതു തിരുമണ്ടനും അറിയാം. 

Latest News