റിയാദ് - ലോകകപ്പ് മത്സരത്തില്‍ അട്ടിമറി വിജയം നേടിയ സൗദി ദേശീയ ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് മന്ത്രിസഭ. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ അട്ടിമറി വിജയം നേടിയ സൗദി ടീമിനെ അനുമോദിച്ചത്. അതേ ആവേശത്തോടെയും നിശ്ചയാര്‍ഢ്യത്തോടെയും സൗദി ടീം ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ പ്രയാണം തുടരുമെന്ന് പ്രത്യാശിക്കുന്നു. സൗദി ടീമിന്റെ വിജയത്തില്‍ അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ച രാഷ്ട്ര നേതാക്കള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതായും മന്ത്രിസഭ പറഞ്ഞു.
സൗദി ടീമിന്റെ വിജയത്തില്‍ പ്രമുഖ വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ആഹ്ലാദവും അഭിമാനവും പ്രകടിപ്പിച്ചു. സൗദി ടീമിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഹരിത വര്‍ണങ്ങളാലും സൗദി കളിക്കാരുടെ ഫോട്ടോകളാലും അലങ്കരിച്ച, തന്റെ ഉടമസ്ഥതയിലുള്ള റിയാദ് കിംഗ്ഡം ടവറിന്റെ വീഡിയോ അല്‍വലീദ് ബിന്‍ ത്വലാല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
സൗദി ടീമിന്റെ വിജയം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയും ആഘോഷിച്ചു. സൗദി ദേശീയ പതാകയാല്‍ അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ ദൃശ്യങ്ങളും പശ്ചാത്തലത്തില്‍ സൗദി ദേശീയഗാനത്തിന്റെ സംഗീതവും അടങ്ങിയ വീഡിയോ ബുര്‍ജ് ഖലീഫയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഫാല്‍ക്കണ്‍സ് ചാമ്പ്യന്മാര്‍ക്ക് അര്‍ഹമായ വിജയം. ഞങ്ങളെ സന്തോഷിപ്പിക്കുകയും വിനോദിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത സൗദി ദേശീയ ടീമിന് ആയിരം അഭിനന്ദനങ്ങള്‍ -ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ബുര്‍ജ് ഖലീഫ രേഖപ്പെടുത്തി.
ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനും പങ്കാളിത്തം വഹിച്ചു. ഹരിത പതാക ചുമലില്‍ പുതച്ചാണ് ഗവര്‍ണര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തിയത്. നിരവധി പേര്‍ ഗവര്‍ണര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചു.
മത്സരത്തില്‍ സൗദി ടീം വിജയിച്ചതില്‍ വിദേശികള്‍ അടക്കമുള്ള അസീര്‍ ഗവര്‍ണറേറ്റ് ജീവനക്കാരെ ആശ്ലേഷിച്ച് ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ ആഹ്ലാദം പങ്കിട്ടു. അസീര്‍ വികസന അതോറിറ്റി ഇസ്തിറാഹക്കകത്താണ് അസീര്‍ ഗവര്‍ണര്‍ ജീവനക്കാര്‍ക്കൊപ്പം മത്സരം വീക്ഷിച്ചത്.
സൗദി ടീമിന്റെ വിജയം നിരവധി അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലുള്ള ഫുട്‌ബോള്‍ പ്രേമികളും സമുചിതമായി ആഘോഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കയ്‌റോയില്‍ സൗദി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ അടക്കമുള്ള ആരാധകരെ മറ്റുള്ളവര്‍ ചുമലില്‍ ഏറ്റിയാണ് ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തത്.






