VIDEO നിങ്ങൾ ജയിക്കാൻ പോകുന്നില്ല, 35 മിനുട്ട് ശേഷിക്കവേ പുറത്തുതട്ടി സൗദി താരം; ചിരിച്ചുതള്ളി മെസി, വൈറൽ വീഡിയോ

ദോഹ - ലോകകപ്പ് ഫുട്ബാളിലെ സൗദിയുടെ ഇന്നലത്തെ അട്ടിമറി വിജയത്തിന് പിന്നിലെ അലതല്ലുന്ന ആവേശത്തിനിടയിൽ വൈറലായി ഒരു വീഡിയോ. മത്സരത്തിനിടെ, അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ പുറത്തു തട്ടി സൗദി താരം അലി അൽബുലൈഹി പറയുന്ന വെല്ലുവിളി വീഡിയോ ആണ് വൈറലാകുന്നത്.
 മത്സരത്തിനിടെ മെസിയുടെ ജഴ്‌സിയിൽ തൊട്ട് താരത്തിന്റെ പുറത്ത് തട്ടി, 'നിങ്ങൾ ജയിക്കാൻ പോകുന്നില്ലെ'ന്നാണ് സൗദി താരം അലി അൽബുലൈഹി വെല്ലുവിളിയെന്നോണം പറഞ്ഞത്. 53-ാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ നേടി സൗദി മുന്നിലെത്തിയതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ ഈ ഇടപെടലുണ്ടായത്. മെസിയെ സൗദി താരം വെല്ലുവിളിക്കുന്ന ഈ വീഡിയോ, വിജയാഘോഷത്തോടൊപ്പം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിക്കുകയാണിപ്പോൾ. 
 നിങ്ങൾ ജയിക്കാൻ പോകുന്നില്ലെന്ന് സൗദി പ്രതിരോധനിരയിലെ താരം പറഞ്ഞപ്പോൾ മെസി ഞെട്ടലോടെ നോക്കുകയും പിന്നീട് ചിരിച്ച് മുന്നോട്ടുപോകുന്നതും വീഡിയോയിൽ കാണാം. മത്സരം കഴിയാൻ 35 മിനിട്ടിലേറെ ബാക്കിനിൽക്കെയാണ് സൗദി താരത്തിന്റെ ഈ വാക്കുകൾ. സംഭവത്തോട് നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്.
 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഇന്നലെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലുണ്ടായത്. ലോകകപ്പ് മുൻ ചാമ്പ്യൻമാരായ കരുത്തരായ അർജന്റീന തങ്ങളുടെ ആദ്യ കളിയിൽ തന്നെ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മുഖം കുത്തി വീഴുകയായിരുന്നു.

Latest News