Sorry, you need to enable JavaScript to visit this website.

അത്ര പരസ്യമായി പ്രണയ ചേഷ്ടകള്‍ വേണ്ട,  നടപടിയെടുക്കുമെന്ന് കൊച്ചി പോലീസ് 

കൊച്ചി- മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പോലീസിന്റെ മുന്നറിയിപ്പ്. കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങള്‍ ബുദ്ധിമുട്ടാകുന്നുവെന്നു നാട്ടുകാര്‍ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പോലീസ് പതിച്ച നോട്ടിസില്‍ പറയുന്നു.
ജോഡികളായെത്തുന്ന കൗമാരക്കാരും യുവതീയുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതല്‍ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികള്‍ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു. വൈകുന്നേരങ്ങളില്‍ വയോധികര്‍ക്കു വന്നിരിക്കാന്‍ പോളി ടെക്നിക്കിനു സമീപം റസിഡന്‍സ് അസോസിയേഷന്‍ ഒരു പാര്‍ക്ക് സ്ഥാപിച്ചിരുന്നു. അവിടവും ഇത്തരക്കാര്‍ താവളമാക്കിയതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാന്‍ പോലും പറ്റാതായെന്നും തുടര്‍ന്ന് അസോസിയേഷന്‍ തന്നെ പാര്‍ക്ക് ഇല്ലാതാക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ഒരു റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
പാര്‍ക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കള്‍ താവളമാക്കാന്‍ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികള്‍ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമായെന്നും പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്നാണ് പരാതിപ്പെട്ടത്. ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ എത്തുന്നവരില്‍ ഏറെയുമെന്നും ഇവരില്‍ പലരും യൂണിഫോമിലാണ് എന്നതിനാല്‍ തിരിച്ചറിയാമെന്നും നാട്ടുകാര്‍ പറയുന്നു.നേരത്തേ ഇതേ സ്ഥലങ്ങളില്‍ ലഹരിമാഫിയ തമ്പടിച്ചിരുന്നെങ്കിലും പൊലീസും നാട്ടുകാരും ഇടപെട്ടാണ് ഒതുക്കിയത്. 
 

Latest News