Sorry, you need to enable JavaScript to visit this website.

ഖത്തറും ഫുട്‌ബോളും പിന്നെ മലബാറും

ഫുട്‌ബോൾ ആരാധകരുടെ ആവേശം ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയണമെന്നില്ല. മാത്രമല്ല, അതൊരു കായിക വിനോദമാണ്. ആസ്വദിക്കുന്നവരുടെ മനസ്സിനും കളിക്കുന്നവരുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന വിനോദം. മാരക ലഹരിയിലേക്ക് പുതുതലമുറ രഹസ്യമായി നടന്നടുക്കുമ്പോൾ അതിൽ നിന്നെല്ലാം അവരെ വഴിമാറ്റാൻ ഈ പരസ്യമായ ആവേശത്തിന് കഴിയുമെന്നും നാം ആലോചിക്കേണ്ടതുണ്ട്.

നാടാകെ ലോകകപ്പിന്റെ കാഹളമാണ്. കാൽപന്തിന്റെ പ്രണയികളായ മലബാറുകാർക്ക് ഫിഫ ലോകകപ്പ് വീണ്ടുമെത്തിയപ്പോൾ ഇരട്ട സന്തോഷമാണ്. ഇഷ്ട വിനോദം ഇഷ്ടപ്പെട്ട രാജ്യത്ത് എത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഫുട്‌ബോളും ഗൾഫും മലബാറുകാരുടെ ജീവിതവുമായി അത്രമേൽ അടുത്താണ്. ഗൾഫ് നാട്ടിലെ ഖത്തറിൽ വിരുന്നെത്തിയ ഫിഫ കപ്പിനെ ഇത്തവണ ഏറെ ആഘോഷത്തോടെയാണ് അവർ വരവേൽക്കുന്നത്.
മലബാറിന് കാൽപന്തിനോടുള്ള പ്രണയം പ്രസിദ്ധമാണ്. പ്രൈമറി സ്‌കൂളിലെ കുട്ടികൾ പോലും മെസ്സിയെയും നെയ്മറെയും അനുകരിച്ച് പന്തുതട്ടുന്ന ഗ്രാമങ്ങൾ. ക്രിസ്റ്റ്യാനോ റെണോൾഡോയെ പോലെ മനോഹരമായ ഫ്രീക്കിക്കെടുത്ത് സോഷ്യൽ മീഡിയിൽ വൈറലാകുന്ന പിഞ്ചു കുട്ടികൾ. അവർക്ക് മറ്റേതൊരു വിനോദത്തേക്കാൾ മുന്നിലാണ് ഫുട്‌ബോൾ. പാടത്തെ സെവൻസ് മൈതാനം മുതൽ ടർഫ് ഗ്രൗണ്ട് വരെ പരന്നു കിടക്കുന്നതാണ് അവരുടെ ഫുട്‌ബോൾ ലോകം. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ വശ്യമായ അഴകിനെ നെഞ്ചോട് ചേർത്തവരാണ് യുവാക്കൾ. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഫുട്‌ബോൾ ടീമംഗങ്ങൾ അവർക്ക് സ്വന്തം വീട്ടുകാരെ പോലെയാണ്. അവരെ കുറിച്ച് എല്ലാം വായിച്ചറിയാൻ ഈ ഗ്രാമീണർക്ക് താൽപര്യമേറെ. ഓരോ മൽസരത്തെയും വിലയിരുത്തുന്നതിൽ അവരുടെ മികവ് വേറിട്ടതു തന്നെ.
്ബ്രിട്ടീഷുകാരുടെ കാലം മുതൽ തുടങ്ങിയതാണ് മലബാറുകാർക്ക് കാൽപന്തിനോടുള്ള പ്രേമം. മദിരാശി പ്രസിഡൻസിക്ക് കീഴിൽ കഴിഞ്ഞിരുന്ന കാലം വരെ മലബാറിലെ പഴയ തലമുറ ബ്രിട്ടീഷ് പട്ടാളക്കാരുടെ കായിക വിനോദമായിരുന്ന ഫുട്‌ബോളിനെ അടുത്തു നിന്ന് കണ്ടു. ബ്രിട്ടനിൽ ക്രിക്കറ്റിനും പ്രചാരമുണ്ടായിരുന്നെങ്കിലും മലബാറിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഫുട്‌ബോളാണ് പ്രചരിപ്പിച്ചത്. 
മലബാറിനെ രാഷ്ട്രീയമായും സൈനികമായും അടക്കി വാഴുമ്പോൾ പട്ടാളക്കാരുടെ കായിക ക്ഷമത കൂട്ടിയത് ഫുട്‌ബോളിലൂടെയാണ്. പട്ടാള ക്യാമ്പുകളിലും പട്ടണങ്ങളിലെ ഗ്രൗണ്ടുകളിലും അവർ ബൂട്ടിട്ട് ഫുട്‌ബോൾ കളിച്ചു. ആ കളി കാണാൻ മലബാറിലെ ഒരു തലമുറ കൂട്ടംകൂടി. അവരിൽ പലരും പിന്നീട് പട്ടാളക്കാർക്കൊപ്പം ബൂട്ടില്ലാതെ കളിക്കാൻ ധൈര്യപ്പെട്ടവരായിരുന്നു. മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലുമൊക്കെ ഇത്തരത്തിൽ കളത്തിലിറങ്ങി ദേശീയ ശ്രദ്ധ നേടിയ താരങ്ങളായി മാറിയവരുണ്ടായിട്ടുണ്ട്.
അവരുടെ പിൻതലമുറക്കാർക്കും ഫുട്‌ബോളിനോടുള്ളത് വല്ലാത്ത അഭിനിവേശമായിരുന്നു. മലപ്പുറത്തെ അരീക്കോട്ടും കോഴിക്കോട്ടെ നൈനാൻ വളപ്പിലുമൊക്കെ ഫുട്‌ബോളിലെ നെഞ്ചേറ്റിയ തലമുറകളാണ് വളരുന്നത്. സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകൾ മലബാറിന്റെ സീസണൽ കായികോൽസവമായിട്ട് അര നൂറ്റാണ്ടോളമായി. സെവൻസ് ഗ്രൗണ്ടിൽ നിന്ന് വളർന്നു വന്നത് ഒട്ടേറെ താരങ്ങളാണ്. പുതിയ കാലത്തെ പ്രൊഫഷണൽ ഫുട്‌ബോൾ മൽസരങ്ങളിൽ അവരിൽ പലരും ദേശീയ ശ്രദ്ധ നേടി നിൽക്കുകയാണിപ്പോൾ.
ഫുട്‌ബോൾ പന്തലിച്ചു നിൽക്കുന്ന മലപ്പുറത്തിന്റെ മനസ്സ് ഖത്തറിൽ ഫിഫ കപ്പ് വീണ്ടുമെത്തുമ്പോൾ ആഘോഷിക്കുന്നത് സ്വാഭാവികം. ഇഷ്ടപ്പെട്ട ടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും കൂറ്റൻ ഫ്ളക്‌സുകൾ പൊതുഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി തുടങ്ങിയിട്ടും പതിറ്റാണ്ടുകളായി. 
മുമ്പെല്ലാം ഒറ്റപ്പെട്ട സ്ഥലങ്ങളായിരുന്നു ബോർഡുകളെങ്കിൽ ഇപ്പോൾ അത് വ്യാപകമായി. ഇത്തവണ കൂറ്റൻ കട്ടൗട്ടുകളാണ് ഫാഷൻ. ലയണൽ മെസ്സി, നെയ്മർ, റൊണാൾഡോ....വഴിയരികിൽ ഉയർന്നു നിൽക്കുന്ന സൂപ്പർ താരങ്ങൾ ഏറെ. കട്ടൗട്ടിന്റെ ഉയരം കൂട്ടാനും ഇത്തവണ മൽസരമാണ്. പത്തടിയിൽ തുടങ്ങിയ കട്ടൗട്ടിന്റെ ഉയരം ഇപ്പോൾ നൂറടിയും കടന്നു നിൽക്കുന്നു. 
മലബാറിലെ ക്ഷേത്രോൽസവങ്ങൾക്കും ഫിഫ കപ്പിനും ഏതാണ്ട് ഇപ്പോൾ ഒരേ ഉൽസവ ലഹരിയാണ്. ഉൽസവത്തിന് ഇഷ്ടപ്പെട്ട ആനകളുടെ കട്ടൗട്ടുകളാണ് വെക്കുന്നതെങ്കിൽ ലോകകപ്പ് വരുമ്പോൾ സോക്കറിലെ ഗജകേസരികളാണ് കട്ടൗട്ടുകളായി ഉയരുന്നത്. ഇതിന് വരുന്ന സാമ്പത്തിക ചെലവ് ആരും കാര്യമാക്കാറില്ല. സ്‌പോൺസർമാരെ കിട്ടാൻ ബുദ്ധിമുട്ടില്ല. കിട്ടിയില്ലെങ്കിലും നാട്ടുകാർ പിരിവിട്ടെങ്കിലും കട്ടൗട്ടുണ്ടാക്കും. കാരണം, വേൾഡ് കപ്പ് അവർക്ക് ആഘോഷത്തിന്റെ അവസരമാണ്.
ലോകകപ്പ് കാലത്ത് മലബാറിലെ വിപണിക്കും ചൂടുപിടിക്കും. ജഴ്്‌സികൾ തുന്നുന്ന കമ്പനികൾ, സ്‌പോർട്‌സ് കടകൾ, ഫ്ളക്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങൾ, ആർട്ടിസ്റ്റുകൾ മുതൽ കട്ടൗട്ടുണ്ടാക്കുന്ന ആശാരിക്ക് വരെ തിരക്കുള്ള കാലമാണിത്. പ്രിയപ്പെട്ട രാജ്യങ്ങളുടെ പതാക തേടിപ്പോകുന്ന നിരവധി പേരുണ്ട്. ഇഷ്ടതാരങ്ങളുടെ ജഴ്‌സി മാത്രമിട്ട് കിടന്നുറങ്ങുന്ന യുവാക്കളുമുണ്ട്. ലോകകപ്പ് നാളുകളിൽ മലബാറിന്റെ നിറം തന്നെ മാറും. ബ്രസീലിന്റെ പച്ചയും മഞ്ഞയും അർജന്റീനയുടെ നീലയും വെള്ളയുമൊക്കെയാണ് മലബാറിന്റെ പ്രധാന നിറങ്ങളിപ്പോൾ. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ലോകകപ്പ് മാത്രം.
ലോകകപ്പ് ആവേശം വിമർശനങ്ങൾക്കും വഴിവെക്കുന്നുണ്ട്. ആവേശം അതിരു വിടുന്നുവെന്നതാണ് പ്രധാന വിമർശനം. നാടാകെ ഉയരുന്ന ഫ്ളക്‌സുകളുടെ ആർഭാടവും യുവാക്കൾ ഫുട്‌ബോളിന് പിന്നാലെ മാത്രം പോകുന്നതും തെറ്റാണെന്നാണ് ചില കോണുകളിൽ നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബഹുജനം പലവിധം എന്നാണല്ലോ. ഫുട്‌ബോൾ ആരാധകരുടെ ആവേശം ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയണമെന്നില്ല. മാത്രമല്ല, അതൊരു കായിക വിനോദമാണ്. ആസ്വദിക്കുന്നവരുടെ മനസ്സിനും കളിക്കുന്നവരുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന വിനോദം. മാരക ലഹരിയിലേക്ക് പുതുതലമുറ രഹസ്യമായി നടന്നടുക്കുമ്പോൾ അതിൽ നിന്നെല്ലാം അവരെ വഴിമാറ്റാൻ ഈ പരസ്യമായ ആവേശത്തിന് കഴിയുമെന്നും നാം ആലോചിക്കേണ്ടതുണ്ട്. ഫുട്‌ബോളാണ് ലഹരി എന്ന പരസ്യ വാചകം നാടാകെ പരക്കുന്നതും ഈ തിരിച്ചറിവിൽ നിന്നാണ്. ഒരു തിന്മയെ നശിപ്പിക്കാൻ ഈ ആവേശത്തിന് കഴിയുമെങ്കിൽ അതിനെ നന്മയായി തന്നെ കാണണം.
ഈ ലോകകപ്പും മലബാറിൽ ഫുട്‌ബോളിന് പുതിയ ഊർജം നൽകുമെന്ന് പ്രതീക്ഷിക്കാം. ലോക ഫുട്‌ബോൾ ടെലിവിഷനിൽ കണ്ട് വളർന്നതുകൊണ്ട് കൂടിയാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ മലബാറിന് പുതിയ താരങ്ങൾ ഉണ്ടായത്. ഓരോ ലോകകപ്പും അവർക്ക് മുന്നിൽ പുതിയ പാഠങ്ങൾ തുറക്കട്ടെ. 
നാട്ടിലും കേരളത്തിലും ദേശീയ തലത്തിലും ഉയർന്നു വരാൻ അവർക്ക് ഖത്തർ ലോകകപ്പും പ്രചോദനമാകട്ടെ. 

Latest News