ജറൂസലം- സിറിയയിലെ ഇറാൻ സൈനിക പോയന്റുകളിൽ ഇസ്രായിലിന്റെ ശക്തമായ ആക്രമണം.
സിറിയയിലെ ഇറാൻ സൈന്യം ഇസ്രായിൽ പട്ടാള താവളത്തിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണമാണ് ഇസ്രായിലിനെ പ്രകോപിപ്പിച്ചത്.
2011 ൽ സംഘർഷം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണ് ഇസ്രായിൽ നടത്തിയത്.
ഇസ്രായിൽ അധിനിവിഷ്ട ഗോലൻ കുന്നുകളിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷം ഇറാൻ നടത്തിയ ആക്രമണമാണ് ഇസ്രായിലിനെ പ്രകോപിപ്പിച്ചത്. സിറിയയിൽനിന്ന് ഇതാദ്യമായാണ് ഇറാൻ സൈന്യം ഇസ്രായിലിനെ ആക്രമിക്കുന്നത്. പ്രസിഡന്റ് ബശാർ അൽ അസദിനെ സഹായിക്കുന്നതിനായി സിറിയിയിൽ ഇറാന്റെ ശിയ മിലിഷ്യയും റഷ്യൻ സേനയും തമ്പടിച്ചിട്ടുണ്ട്.
സിറിയയിലെ ഇറാന്റെ റഡാർ സ്റ്റേഷനും പ്രതിരോധ താവളങ്ങളും ആയുധപ്പുരകളും അതിശക്തമായ ഇസ്രായിൽ മിസൈൽ ആക്രമണത്തിൽ തകർന്നതായി സിറിയൻ ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. ഇറാനും അതിന്റെ പ്രാദേശിക സഖ്യകക്ഷികളും ചേർന്ന് പ്രശ്‌നം കൂടുതൽ കലുഷമാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
ഇറാന്റെ ആക്രമണത്തെ അമേരിക്ക അപലപിച്ചു. പ്രശ്‌നം കൂടുതൽ വഷളാകരുതെന്ന് ബ്രിട്ടൻ പറഞ്ഞു. ഇസ്രായിലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് ബഹ്‌റൈൻ പ്രതികരിച്ചു.