തിരുവനന്തപുരം - രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അയച്ച കത്ത് പുറത്തുവിട്ട് സര്‍ക്കാര്‍. പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നും കത്ത് അയച്ചത് 10 വര്‍ഷം സര്‍വീസുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലെന്നും രാജ്ഭവന്‍ വ്യക്തമാക്കി.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്ഭവന്‍ 2020 ഡിസംബര്‍ 29 ന് അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. നിരവധി വര്‍ഷങ്ങളായി തുഛമായ ശമ്പളത്തില്‍ രാജ്ഭവനില്‍ ജോലി ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബശ്രീയുടെ 20 ജീവനക്കാരെ ഒഴിഞ്ഞുകിടക്കുന്ന വെയ്റ്റര്‍, ഗാര്‍ഡനര്‍, സ്വീപ്പര്‍, ഫീമെയില്‍ അറ്റന്‍ഡന്റ്, ടെലിഫോണ്‍ അറ്റന്‍ഡന്റ് തുടങ്ങിയ സ്ഥിരം തസ്തികകളിലേക്ക് പരിഗണിക്കുക, 22 വര്‍ഷമായി ജോലി നോക്കുന്ന ഫോട്ടോഗ്രഫറെ സ്ഥിരപ്പെടുത്തുക എന്നാണ് രാജ്ഭവനില്‍നിന്നുള്ള കത്തിലുള്ളത്. ഇതില്‍ 22 വര്‍ഷമായി ജോലി ചെയ്യുന്ന ഫോട്ടോഗ്രഫറെ മാത്രമാണ് സ്ഥിരപ്പെടുത്തിയത്. ഇതിനായി 27,800-59,400 രൂപ ശമ്പള സ്‌കെയിലില്‍ ഫോട്ടോഗ്രഫറുടെ തസ്തിക സൃഷ്ടിച്ചു. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുമുണ്ട്. മറ്റുള്ള താല്‍ക്കാലിക നിയമനങ്ങളൊന്നും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിട്ടില്ല. 2019 സെപ്റ്റംബറില്‍ ഗവര്‍ണറായി എത്തിയ ആരിഫ് മുഹമ്മദ് ഖാന് ഈ ജീവനക്കാരുമായി വ്യക്തിബന്ധമോ രാഷ്ട്രീയ ബന്ധമോ ഇല്ലെന്നും വ്യക്തമായി.
കത്ത് വിവാദമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ രാജ്ഭവന്‍ വിശദീകരണ കുറിപ്പും ഇറക്കി. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായി. പി.എസ്.സിക്ക് വിടാത്ത താല്‍ക്കാലിക നിയമനമുള്ള തസ്തികകളില്‍ 10 വര്‍ഷത്തിലധികം സര്‍വീസുള്ളവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സിഡാക്കിലടക്കം നിരവധി നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ ആ നയമനുസരിച്ചാണ് രാജ്ഭവനിലെ താല്‍ക്കാലിക നിയമനങ്ങളും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് രാജ്ഭവന്റെ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ ഏറെ പ്രതിഷേധം ഉയര്‍ന്ന താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തെക്കുറിച്ച് വീണ്ടും ചര്‍ച്ച ഉയരുകയും ചെയ്തു.
പുതുതായി തസ്തിക സൃഷ്ടിച്ച് ഒരാളെയും നിയമിച്ചിട്ടില്ലെന്നും രാജ്ഭവന്‍ വ്യക്തമാക്കി. 2019 മുതല്‍ നിലവിലുള്ള ഒഴിവിലാണ് പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചത്. പേഴ്‌സണല്‍ സ്റ്റാഫിന് ഒരു തരത്തിലുള്ള പെന്‍ഷന്‍ ആനുകൂല്യവും ലഭിക്കുന്നുമില്ല. സ്ഥിരനിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കും ഒരു തരത്തിലുള്ള പെന്‍ഷന്‍ ആവശ്യങ്ങളും ഉന്നയിച്ചിട്ടില്ലെന്നും രാജ്ഭവന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ പെന്‍ഷന്‍ ആനുകൂല്യം അടക്കം കൈപ്പറ്റുന്ന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ വീണ്ടും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. കൂടാതെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ വരുംദിവസങ്ങളില്‍ ഗവര്‍ണര്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും വിശദീകരണത്തിലുണ്ട്.