Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് ബസ് സര്‍വീസുകള്‍ക്ക് തുടക്കം

ജിദ്ദ - സുലൈമാനിയ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അറിയിച്ചു. നിലവില്‍ ബസ് സര്‍വീസുകളുള്ള റൂട്ടുകള്‍ വഴിയാണ് റെയില്‍വെ സ്റ്റേഷനെ പൊതുഗതാഗത സംവിധാനത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ സിരാകേന്ദ്രമായ ബലദില്‍ നിന്ന് സുലൈമാനിയ റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചും ദിവസേന 42 ഷട്ടില്‍ ബസ് സര്‍വീസുകള്‍ നടത്തും.
ഓരോ 50 മിനിറ്റിലും ഒരു സര്‍വീസ് തോതിലാണുണ്ടാവുക. ഒരു ദിശയിലെ യാത്രക്ക് 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്. ദിവസേന രാവിലെ 7.15 മുതല്‍ അര്‍ധരാത്രി 12 വരെ പതിനേഴു മണിക്കൂര്‍ വരെ ബലദില്‍ നിന്ന് സുലൈമാനിയ റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചും ബസ് സര്‍വീസുകളുണ്ടാകും.
ബലദില്‍ നിന്ന് ബഗ്ദാദിയ, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, അല്‍സലാം മാള്‍ വഴിയാണ് സുലൈമാനിയ റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചും ബസ് സര്‍വീസുകള്‍ നടത്തുന്നതെന്ന് ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അറിയിച്ചു. ജിദ്ദ വിമാനത്താവളത്തെയും നഗരകേന്ദ്രത്തെയും ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നേരത്തെ ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുമായും സാപ്റ്റ്‌കോയുമായും സഹകരിച്ച് ജിദ്ദ വിമാനത്താവളത്തിലേക്ക് ഇരുപത്തിനാലു മണിക്കൂറും എക്‌സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. 33 സീറ്റുകളുള്ള ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. വികലാംഗര്‍ക്കുള്ള പ്രത്യേക ഏരിയകളും ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും ബസുകളിലുണ്ട്. ബസുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് വില്‍പന കേന്ദ്രങ്ങളില്‍ നിന്നും സാപ്റ്റ്‌കോ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും.

 

Latest News