Sorry, you need to enable JavaScript to visit this website.

ശശി തരൂരിനെ ആരാണ് പേടിക്കുന്നത്

കേരള രാഷ്ട്രീയത്തിൽ തരൂർ ഒരു ചെറിയ മീനല്ലെന്ന് എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യുവ കോൺഗ്രസുകാരിൽ  വലിയൊരു വിഭാഗത്തിന്റെ പിന്തുണ ശശി തരൂരിനാണെന്ന ബോധ്യം അവരെ തെല്ലൊന്നുമല്ല ആകുലപ്പെടുത്തുന്നത്. നെഹ്‌റു കുടുംബത്തിന്റെ കാവൽക്കാരായി നിലകൊണ്ട് പാർട്ടി നേതാക്കളും സംഘടന സംവിധാനവും ഒന്നാകെ എണ്ണയിട്ട യന്ത്രം പോലെ മല്ലികാർജുന ഖാർഗെക്ക് വേണ്ടി നിലകൊണ്ടിട്ടും ആയിരത്തിലേറെ വോട്ടുകൾ ശശി തരൂർ നേടിയതിന്റെ ഞെട്ടലിൽ നിന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവുമൊന്നും ഇതുവരെ മോചിതരായിട്ടില്ല. 

 

ഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി എങ്ങനെയാണ് രാജ്യത്തെ എല്ലാ അർത്ഥത്തിലും ചൂഷണം ചെയ്തത് എന്നതിനെക്കുറിച്ച് മികച്ച രീതിയിൽ പ്രതിപാദിക്കുന്ന പുസ്തകമാണ് 'ആൻ ഇറ ഓഫ് ഡാർക്ക്‌നസ്'. കൊളോണിയൽ ഭരണം ഇന്ത്യക്ക് ഗുണം ചെയ്തു എന്ന് വാദിക്കുന്നവർക്ക് അക്കമിട്ടുള്ള മറുപടിയാണ് അതിന്റെ ഉള്ളടക്കം. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ ശബ്ദമായി മാറുകയും പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തെ അധികാരത്തിലേക്കുള്ള വഴിയായി കണ്ട് ചവിട്ടിക്കയറി കേന്ദ്ര മന്ത്രിപദത്തിലെത്തിയ ശശി തരൂർ എം.പിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. 
കൊളോണിയലിസത്തെ അദ്ദേഹം എതിർക്കുമെങ്കിലും മുതലാളിത്തത്തോട് അദ്ദേഹത്തിന് എന്നും ബഹുമാനമാണ്. സോഷ്യലിസത്തിന്റെ മേമ്പൊടിയോടെയുള്ള കാപിറ്റലിസത്തോടാണ് ശശി തരൂരിന് എന്നും താൽപര്യം. അതുകൊണ്ടായിരിക്കാം സാധാരണ കോൺഗ്രസ് നേതാക്കൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് പോലെയല്ല അദ്ദേഹത്തിന്റെ രീതി. വിധേയത്വ രാഷ്ട്രീയത്തിൽ അത്ര താൽപര്യമില്ല. ചങ്കൂറ്റം കുറച്ച് കൂടുതലാണ്. അതുകൊണ്ടാണല്ലോ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിന്റെ സ്വന്തക്കാരനായ മല്ലികാർജുന ഖാർഗെയെ സോണിയയും രാഹുലും കെ.സി. വേണുഗോപാലുമെല്ലം ചേർന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചപ്പോൾ അതിനെതിരെ തരൂർ സ്ഥാനാർത്ഥിക്കുപ്പായം അണിഞ്ഞത്. 
ആയിരത്തിൽപരം വോട്ട് കൂടി നേടിയതോടെ എ.ഐ.സി.സിയുടെ ഹിറ്റ് ലിസ്റ്റിൽ തരൂർ ഒന്നാമനായി. ദേശീയ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കില്ലെന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് കോൺഗ്രസ് പ്രമാണിമാർ തരൂരിന് ചാപ്പ കുത്തി. അങ്ങനെയാണ് സ്വന്തം സംസ്ഥാനമായ കേരളത്തിൽ ഒരു കൈ നോക്കാനായി തരൂർ തീരുമാനിച്ചത്. മലബാറിൽ നിന്ന് പര്യടനം തുടങ്ങാനും ധാരണയായി. എവിടെപ്പോയാലും വിടില്ലെന്ന മട്ടിൽ വീണ്ടും പാരയുമായി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് ദേശീയ ആസ്ഥാനത്തെ മലയാളി തമ്പ്രാക്കൾ. ശശി തരൂരിന്റെ പരിപാടി സംഘടിപ്പിച്ചാലോ അല്ലെങ്കിൽ അതിൽ പങ്കെടുത്താലോ പാർട്ടി നടപടി നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കി പാർട്ടിക്കാരെ പിന്തിരിപ്പിക്കുകയാണ് ഇവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഉള്ള പണിയും കൂടി പോകുമെന്ന് പേടിച്ച കോൺഗ്രസിന്റെ കോഴിക്കോട്, കണ്ണൂർ ജില്ല കമ്മറ്റി നേതാക്കളും യൂത്ത് കോൺഗ്രസിലെ വാർധക്യം ബാധിച്ച മനസ്സുള്ളവരുമെല്ലാം ഞെട്ടിത്തരിച്ചു. ശശി തരൂരോ അത് ആരെന്ന് തങ്ങൾക്കറിയുക പോലുമില്ലെന്ന് പറഞ്ഞ് അവർ കൈകഴുകി. ഐക്യരാഷ്ട്ര സഭയിൽ ഇതിലും വലിയ കളി കണ്ട തരൂരിന് ഭയപ്പാടില്ലെന്ന് മാത്രമല്ല, പാർട്ടിയുടെ ഒരൊറ്റ വിലക്കിലൂടെ ഇപ്പോൾ കേരള രാഷ്ടീയത്തിൽ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് അദ്ദേഹം. വിലക്കിയവരാകട്ടെ ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥയിലും.
ആര് എപ്പോൾ എങ്ങനെ വിലക്കിയെന്ന് ചോദിച്ച് ഇപ്പോൾ പൊറാട്ട് നാടകം കളിക്കുകയാണ് കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതാക്കൾ. വെളുക്കാൻ തേച്ചത് പാണ്ടായി മാറിയ അവസ്ഥ. മലബാറിലെ ഏതാനും പരിപാടികളിൽ പങ്കെടുത്ത് ചില രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളെ കണ്ട് കേരളത്തിൽ തന്റെ രാഷ്ട്രീയ ഭാവിയെന്താണെന്ന് ജാതകം നോക്കാനായി എത്തിയ തരൂരിന് ഇപ്പോൾ ശുക്രൻ മൂർധന്യത്തിലാണ്. കേന്ദ്രത്തിന്റെ വക സൗജന്യമായി ഒരു ഗംഭീര പബ്ലിസിറ്റി ലഭിച്ചതോടെ ഈ ലോകകപ്പ് ഫുട്‌ബോൾ കാലത്ത് റിസർവ് ബെഞ്ചിൽ നിന്ന് ഫോർവേർഡായി കളിക്കാനിറങ്ങിയിരിക്കുകയാണ് തരൂർ. കൂട്ടിന് കുറെ യുവ നേതാക്കളും പഴയ ലീഡറുടെ മകൻ കെ. മുരളീധരനും മുതിർന്ന നേതാവ് എം.കെ. രാഘവനും ശബരീനാഥനുമെല്ലാമുണ്ട്. 
ഒരു ഏറ്റുമുട്ടലിന് താൻ തയാറാണെന്ന സൂചന തരൂർ നൽകിയതോടെ എതിർ ടീമിലെ തരക്കേടില്ലാത്ത കളിക്കാരായ കെ. സുധാകരനും വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കും എ.ഐ.സി.സി ആസ്ഥാനത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരനായ കെ.സി.. വേണുഗോപാലിനും കളിക്കളത്തിൽ മുട്ടിടിക്കുകയാണ്. കേരളത്തിൽ പാർട്ടിയുടെ നായകത്വം തന്റെ കൈയിലേക്കെത്തിക്കുകയെന്നതാണ് തരൂരിന്റെ ഭാവി ലക്ഷ്യമെന്ന് ഇവർക്കെല്ലാം നന്നായി അറിയാം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ സംഘപരിവാർ വാഴ്ത്ത്പാട്ട് കോൺഗ്രസുകാർക്കിടയിൽ ആകെ അരക്ഷിതാബോധം സൃഷ്ടിക്കുന്നതിനിടയിലാണ് ശശി തരൂരിന്റെ മലബാർ പര്യടനമെന്നതും ശ്രദ്ധേയമാണ്. മുസ്‌ലിം ലീഗിനാകട്ടെ സുധാകരനേക്കാൾ പഥ്യം തരൂരിനോടാണ്. എല്ലാം കൊണ്ടും നല്ല അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്ന് തരൂരിന് ബോധ്യമുണ്ട്. അത് മുതലെടുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. 
കേരള രാഷ്ട്രീയത്തിൽ തരൂർ ഒരു ചെറിയ മീനല്ലെന്ന് എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യുവ കോൺഗ്രസുകാരിൽ  വലിയൊരു വിഭാഗത്തിന്റെ പിന്തുണ ശശി തരൂരിനാണെന്ന ബോധ്യം അവരെ തെല്ലൊന്നുമല്ല ആകുലപ്പെടുത്തുന്നത്. നെഹ്‌റു കുടുംബത്തിന്റെ കാവൽക്കാരായി നിലകൊണ്ട് പാർട്ടി നേതാക്കളും സംഘടന സംവിധാനവും ഒന്നാകെ എണ്ണയിട്ട യന്ത്രം പോലെ മല്ലികാർജുന ഖാർഗെക്ക് വേണ്ടി നിലകൊണ്ടിട്ടും ആയിരത്തിലേറെ വോട്ടുകൾ ശശി തരൂർ നേടിയതിന്റെ ഞെട്ടലിൽ നിന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവുമൊന്നും ഇതുവരെ മോചിതരായിട്ടില്ല. 
കിട്ടിയ വോട്ടുകളിൽ നൂറിലധികവും കേരളത്തിൽ നിന്നാണെന്ന വിലയിരുത്തലും തരൂരിനെ കുറച്ച് കാണരുതെന്ന ബോധ്യം നേതാക്കളിൽ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അച്ചടക്കത്തിന്റെ വാൾ ഉയർത്തി തരൂരിനെയും ഒപ്പം നിൽക്കുന്നവരെയും ഭയപ്പെടുത്തുന്നതും. അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കോൺഗ്രസിലെ വെറും ട്രെയിനി എന്നാണ് കെ. സുധാകരൻ ശശി തരൂരിനെ പരിഹസിച്ചത്. എന്നാൽ ട്രെയിനിയിൽ നിന്ന് വകുപ്പ് തലവനിലേക്കുള്ള ദൂരം താൻ പിന്നിട്ടു കഴിഞ്ഞതായി ശശി തരൂർ തെളിയിക്കുന്നുണ്ട്. അതു തന്നെയാണ് സുധാകരന്റെയും കൂട്ടരുടെയും ചങ്കിടിപ്പ് വർധിപ്പിക്കുന്നത്. 
ശശി തരൂരിന്റെ പരിപാടികളെ പാർട്ടി നേതൃത്വം വിലക്കിയപ്പോൾ അതിനെ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ എടുക്കുമെന്നാണ് ശശി തരൂർ നൽകിയ മറുപടി. കളിക്കാനിറങ്ങിയാൽ മുന്നേറ്റ നിരക്കാരനായും പകരക്കാരനായും കളിക്കേണ്ടി വരും, ഏത് റോളിലും നന്നായി കളിക്കുകയെന്നതാണ് സ്‌പോർട്‌സ്മാൻ സ്പിരിറ്റെന്ന് അദ്ദേഹം പറയുമ്പോൾ ഈ ലോകകപ്പ് കാലത്ത് ഇതിനേക്കാൾ വലിയൊരു തിരിച്ചടി പാർട്ടി നേതൃത്വത്തിന് കിട്ടാനില്ല.
ശശി തരൂർ മുന്നേറ്റ നിരയിൽ കളിക്കാനിറങ്ങിയപ്പോൾ കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസിന്റെ ഗ്രൂപ്പ് മാനേജർമാർ എല്ലാവരും കൂടി ചേർന്ന് കെട്ടിയുണ്ടാക്കിയ പ്രതിരോധ കോട്ടക്ക് വിള്ളൽ വീണുകൊണ്ടിരിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. അതു തന്നെയാണ് തരൂർ ലക്ഷ്യമിടുന്നതും. തനിക്ക് പിന്നിലായി ആരെക്കൊയുണ്ടാകുമെന്നത് അദ്ദേഹത്തിന് പ്രശ്‌നമേയല്ല. താൻ നേതൃപദവിയിലേക്ക് ഉയരുന്നതിനപ്പുറം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖഛായ മാറ്റാനുള്ള നടപടികൾക്കും കൂടിയാണ് തരൂർ തുടക്കമിടുന്നത്. ഇത് എവിടെ വരെ എത്തുമെന്നാണ് ഇനി അറിയാനുള്ളത്.

Latest News