ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നിരസിച്ചതിനെതിരെ റിവിഷന്‍ ഹരജി; 30 ന് പരിഗണിക്കും

പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍  കണ്ടെത്തിയതായി അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് വേണമെന്ന ആവശ്യം നിരസിച്ച കീഴ്‌ക്കോടതി  ഉത്തരവിനെ ചോദ്യം ചെയ്യുന്ന  റിവിഷന്‍ ഹരജി നവംബര്‍ 30ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. വാരണാസി ജില്ലാ ജഡ്ജിയാണ് നേരത്തെ ആവശ്യം നിരസിച്ചത്.
ലക്ഷ്മി ദേവി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയാണ് ജസ്റ്റിസ് ജെ ജെ മുനീര്‍ ഈ മാസം 30 ന് പരിഗണിക്കാന്‍ നിശ്ചയിച്ചത്.

ഒക്‌ടോബര്‍ 14ന് വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷ്, ശിവ്‌ലിംഗത്തിന്റെ ശാസ്ത്രീയ അന്വേഷണവും കാര്‍ബണ്‍ ഡേറ്റിംഗും ആവശ്യപ്പെടുന്ന ഹരജി നിരസിച്ചിരുന്നു. യാതൊരുവിധ മാറ്റവും വരുത്താന്‍ കഴിയാത്തവിധം സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
തിങ്കളാഴ്ച ഹൈക്കോടതിയില്‍ വിഷയം പരിഗണിച്ചപ്പോള്‍ സര്‍വേയ്ക്കുള്ള സമയം നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, ശിവലിംഗത്തിന് കേടുപാടുകള്‍ വരുത്തരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങളുണ്ടെന്നും നാശനഷ്ടങ്ങളൊന്നും ഉണ്ടാകില്ലെന്നും എഎസ്‌ഐയുടെ അഭിഭാഷകന്‍ പറഞ്ഞു.
അതിനിടെ  ഒരു വക്കാലത്ത്‌നാമ ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് മസ്ജിദ് പരിപാലിക്കുന്ന അഞ്ജുമാന്‍ ഇന്‍തസാമിയ കമ്മിറ്റിക്ക് വേണ്ടി ആവശ്യം ഉന്നയിച്ചു.  തനിക്ക് വേണ്ടി കോടതിയില്‍ കേസ് വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കുന്നതിനായി കക്ഷി ഒപ്പിട്ട രേഖാമൂലമുള്ള രേഖയാണ് വക്കാലത്ത് നാമ.

 

Latest News