ഹൈദരാബാദ്- തെലങ്കാനയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വീട്ടിലെ വാട്ടര്‍ ടാങ്കിലിട്ട് കൊലപ്പെടുത്തി. ഉപ്പലിലെ രാമതാപൂരിലെ വീട്ടിലാണ് സംഭവം. കുഞ്ഞിനെ വീട്ടിലെ സ്ത്രീകളില്‍ ഒരാള്‍ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
ദമ്പതിമാരായ സന ബീഗവും (23), ഭര്‍ത്താവ് മുഹ്‌സിനും (28) ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് ഉപ്പല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ആര്‍ ഗോവിന്ദ റെഡ്ഡി പറഞ്ഞു. രാത്രി പത്തരയോടെ സന ബീഗം മരിച്ച കുഞ്ഞ് അബ്ദു റഹ്മാനോടൊപ്പം ഉറങ്ങാന്‍ പോയി.
ഏകദേശം 12.20ന് സന ബീഗം ഉണര്‍ന്നു നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. വിഷമിച്ച അവര്‍ ബന്ധുക്കളെ വിളിച്ചുണര്‍ത്തി വീട് മുഴുവന്‍ തിരഞ്ഞ ശേഷമാണ് കുഞ്ഞിനെ ജലസംഭരണിയില്‍ കണ്ടെത്തിയത്.
കുട്ടിയെ പുറത്തെടുത്ത ശേഷം മാതാപിതാക്കള്‍ നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരിച്ചു.
കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് സന ബീഗം പരാതി നല്‍കി. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. മാതാവ് ഉറങ്ങിക്കിടക്കുമ്പോള്‍ ബന്ധുക്കളായ ചില സ്ത്രീകള്‍ കുഞ്ഞിനെ ടാങ്കിലേക്ക് വലിച്ചെറിഞ്ഞതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.






