തിരുവനന്തപുരം- താന്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന പേരില്‍ പ്രചരി ച്ച വ്യാജകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി.
ഇത്തരത്തിലുള്ളൊരു വ്യാജ കത്തിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ തനിക്കെതിരെ വാര്‍ത്ത നല്‍കിയെന്നും അതിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിന് കെ.പി.സി.സിയുടെ എല്ലാ പിന്തുണയും സഹകരണവുമുണ്ടാകുമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കണ്ണൂരിലെ നവോത്ഥാന സദസില്‍വച്ച് കെ. സുധാകരന്‍ നടത്തിയ നെഹ്‌റു പരാമര്‍ശം ഏറെ വിവാദമായിരുന്നു. ആര്‍.എസ്.എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെയാണ് സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചെന്നുള്ള കത്ത് പുറത്തു വന്നത്.