പ്രതിന്ധിയെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന പ്രവാസികൾക്കിടയിൽ ഇപ്പോൾ പ്രതീക്ഷയുടെ പുതുകിരണങ്ങളാണുള്ളത്. മന്ദഗതിയിലായിരുന്ന വാണിജ്യ വ്യാപാര രംഗത്തും പുത്തനുണർവ് കൈവന്നിരിക്കുന്നു. എല്ലാം പൊടുന്നനവെ നഷ്ടപ്പെടുന്നുവെന്ന ആശങ്ക മാറാനും വിസ ഫീസിളവ് സഹായകമായിട്ടുണ്ട്.
ഇന്ത്യ-സൗദി സൗഹൃദത്തിന്റെ ആത്മബന്ധം പ്രകടമാക്കുന്നതാണ് വിസിറ്റിംഗ്, ബിസിനസ് വിസാ ഫീസ് ഇളവ്. 2000 റിയാൽ ആയിരുന്ന ഫീസ് 305 റിയാലായാണ് കുറച്ചത്. അയൽപക്കത്തെ മറ്റൊരു രാജ്യങ്ങൾക്കും ലഭിക്കാത്ത ഈ ആനുകൂല്യം ഇന്ത്യക്ക് ലഭിച്ചതിലൂടെ നാം ആദരിക്കപ്പെട്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായുള്ള ഇന്ത്യ-സൗദി സൗഹൃദം മുൻപെന്നത്തേക്കാളും ഇപ്പോൾ ശക്തമാണ്. നയതന്ത്ര തലത്തിൽ മാത്രമല്ല, വ്യാപാര വാണിജ്യ രംഗത്തും ശാസ്ത്ര സാങ്കേതിക, സാംസ്‌കാരിക രംഗത്തും ഇരു രാജ്യങ്ങളുടെയും പൗരൻമാർ തമ്മിലുള്ള സൗഹൃദത്തിലും നവയുഗപ്പിറവിയാണ് ഉദയം ചെയ്തിട്ടുള്ളത്. 2006 റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥിയായുള്ള അബ്ദുല്ല രാജാവിന്റെയും തുടർന്ന് കിരീടാവകാശിയായിരിക്കേ സൽമാൻ രാജാവ് നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും രണ്ടു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സൗദി സന്ദർശനത്തിന്റെയുമെല്ലാം ഫലമായി രൂപപ്പെട്ട പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനം കൂടിയായി വേണം ഇന്ത്യയോടുള്ള ഈ പ്രത്യേക മമതയെ വിലയിരുത്താൻ. 30 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം ഈ രാജ്യത്തിന്റെ വികസനത്തിൽ വഹിച്ചിട്ടുള്ള പങ്കും, രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതിലും അതു പാലിക്കുന്നതിലും കാണിച്ചിട്ടുള്ള സൂക്ഷ്മതയും യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പമുള്ള ഇളവിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ പ്രേരിപ്പിച്ച ഘടകമാണ്. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹത്തിന് ലഭിച്ച അംഗീകാരമാണിത്. ഇക്കഴിഞ്ഞ ജനാദ്രിയ ഫെസ്റ്റിവലിൽ ഇന്ത്യയെ അതിഥി രാജ്യമായി തെരഞ്ഞെടുത്തതിലൂടെയും നാം ആദരിക്കപ്പെടുകയായിരുന്നു. ഇതിനു നാം സൗദി ഭരണകർത്താക്കളോട് കടപ്പെട്ടിരിക്കുന്നു.
ആശ്രിത, തൊഴിൽ ലെവിയുടെയും സ്വദേശിവൽക്കരണത്തെ തുടർന്നുള്ള തൊഴിൽ നഷ്ടത്തിന്റെയും ഫലമായി നാട്ടിലേക്കു മടങ്ങിയിരുന്ന കുടുംബങ്ങൾക്ക് കൊടുംവേനലിൽ ആശ്വാസത്തിന്റെ തെളിനീരായി പെയ്തിറങ്ങിയ പുതുമഴ പോലെയാണ് വിസിറ്റിംഗ് വിസയിലെ ഇളവ് പ്രഖ്യാപനം വഴി ലഭിച്ചിട്ടുള്ളത്. വിസിറ്റിംഗ് വിസക്കും വലിയ തുക ചെലവ് വരുമെന്നതിനാൽ തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഈ രാജ്യത്തേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന ആശങ്കയുമായാണ് പലരും ഇതിനകം മടങ്ങിയത്. എന്നാലിപ്പോൾ ആശ്വാസത്തോടും സന്തോഷത്തോടും കൂടിയാണ് കുടുംബങ്ങൾ മടങ്ങിക്കൊണ്ടിരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതയില്ലാതെ വിസിറ്റിംഗ് വിസയിൽ ഏതു സമയത്തും ഇവിടെ എത്താമെന്നതാണ് അവർക്ക് ആശ്വാസമേകുന്നത്. ഫീസിൽ ഇളവ് ലഭിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞതു മുതൽ വിസിറ്റിംഗ് വിസ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുളളത്. ഇപ്പോൾ കൈവന്നിട്ടുള്ള അസുലഭാവസരം എത്രയും വേഗം പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണ് അധികപേരും. വിസിറ്റിംഗ് വിസയുടെ നടപടികൾ മുൻപത്തേക്കാളും ഇപ്പോൾ എളുപ്പമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിസ വിഭാഗത്തിലെ ഇൻവിറ്റേഷൻ ലെറ്റർ പൂരിപ്പിച്ച് ഓൺലൈൻ ചേംബർ അറ്റസ്‌റ്റേഷൻ നടത്തിയാണ് ബിസിനസ്, വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കേണ്ടത്. ഇതുവരെ ചേംബർ ഓഫ് കൊമേഴ്‌സ് അറ്റസ്‌റ്റേഷന് അതത് കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടിയിരുന്നു. എന്നാൽ ചേംബർ അറ്റസ്റ്റേഷനും ഓൺലൈൻ വഴിയാക്കിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. കഴിഞ്ഞ കുറെ കാലമായി പ്രതിന്ധിയെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന
പ്രവാസികൾക്കിടയിൽ ഇപ്പോൾ പ്രതീക്ഷയുടെ പുതുകിരണങ്ങളാണുള്ളത്. മന്ദഗതിയിലായിരുന്ന വാണിജ്യ വ്യാപാര രംഗത്തും പുത്തനുണർവ് കൈവന്നിരിക്കുന്നു. എല്ലാം പൊടുന്നനവെ നഷ്ടപ്പെടുന്നുവെന്ന ആശങ്ക മാറാനും വിസ ഫീസിളവ് സഹായകമായിട്ടുണ്ട്.
ഇതോടൊപ്പം ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതികളുടെയും വിദേശികൾക്ക് ദീർഘകാല റസിഡൻസ് പെർമിറ്റ് നൽകുന്നതിനുള്ള ഗോൾഡ് കാർഡ് പദ്ധതിയുടെയും പ്രഖ്യാപനം കൂടിയായപ്പോൾ സൗദിയിൽ പ്രവാസികളുടെ നല്ല കാലം കഴിഞ്ഞുവെന്ന പ്രചാരണം തന്നെ അപ്രസക്തമാവുകയാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതിയുടെ ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത് വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുകയാണ്. പദ്ധതിക്കായി 2020 നുള്ളിൽ 13,000 കോടി റിയാലാണ് ചെലവഴിക്കുന്നത്. സാംസ്‌കാരിക, വിനോദ, സ്‌പോർട്‌സ് മേഖലകൾ ഉൾപ്പെടുന്ന 220 പദ്ധതികളാണ് ഇക്കാലയളവിൽ നടപ്പാക്കുക. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പദ്ധതികൾക്കു പുറമെ സ്വകാര്യ മേഖലക്ക് 2370 കോടി റിയാലിന്റെ നിക്ഷേപാവസരവും പദ്ധതിയിൽ ലഭിക്കും. വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് സൗദി നഗരങ്ങളെ ഉയർത്താനും ഇതുവഴി 3,46,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പെട്രോളിതര മേഖലയിൽ നിന്ന് 190 കോടി റിയാൽ പൊതുവരുമാനം നേടാനും കഴിയുമെന്നാണ് പ്രതീക്ഷ.
ഗോൾഡ് കാർഡ് പദ്ധതിയിലൂടെ വിദേശികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗദി അറേബ്യയിൽ അനുയോജ്യ ജീവിത സാഹചര്യം ഒരുക്കുന്നതോടൊപ്പം സേവനങ്ങളും ലഭ്യമാക്കും. സൗദി അറേബ്യയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിദേശികളുടെ മക്കൾക്ക് ഉപരിപഠനത്തിനടക്കമുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. സൗദി അറേബ്യയുടെ സാംസ്‌കാരികോന്നമനത്തിൽ വിദേശി യുവജനങ്ങളെ പങ്കാളികളാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്വദേശികൾക്കൊപ്പം വിദേശികൾക്കും സാധ്യതകൾ വർധിക്കുകയല്ലാതെ കുറയുകയില്ലെന്നാണ്. യഥാർഥത്തിൽ ഗൾഫ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുവെന്ന വാദത്തിനാണ് മങ്ങലേറ്റുകൊണ്ടിരിക്കുന്നത്.