ലോകകപ്പ്: ഖത്തറിലെത്തുന്ന ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ സൗദി സജ്ജം

സല്‍വ ചെക്ക്‌പോസ്റ്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസുകള്‍

റിയാദ് - ലോകകപ്പ് വീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ സൗദി അറേബ്യയും സര്‍വസജ്ജമായി. ഹയാ കാര്‍ഡെടുത്ത് ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദിയിലെവിടെയും സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയായ സല്‍വ ചെക്ക് പോയന്റില്‍ കൂടുതല്‍ സൗകര്യങ്ങളാണ് ബന്ധപ്പെട്ടവര്‍ ഒരുക്കിയിരിക്കുന്നത്.
ഖത്തറിനോട് ചേര്‍ന്നു കിടക്കുന്ന അല്‍ഹസയിലാണ് ഏറ്റവും വലിയ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ഭാഗികമായി അടച്ച സൂഖുല്‍ ഖൈസരിയ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഖത്തറില്‍നിന്ന് നിരവധി പേര്‍ ഇപ്പോള്‍ തന്നെ ഇവിടെയെത്തി. ടൂറിസ്റ്റുകളുടെ വരവ് കാരണം മാര്‍ക്കറ്റ് കൂടുതല്‍ സജീവമായിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഹുഫൂഫ് നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മാര്‍ക്കറ്റ് ഭൂതകാലത്തിന്റെ സുഗന്ധവും സാംസ്‌കാരിക മൂല്യവുമുള്ള പൈതൃക അടയാളമാണ്. വസ്ത്രങ്ങളും ചെരിപ്പുകളും അടക്കമുള്ള എല്ലാ ഉല്‍പന്നങ്ങളും എല്ലാ രാജ്യക്കാര്‍ക്കനുയോജ്യമായതും ഇവിടെ ലഭിക്കും.
സല്‍വ അതിര്‍ത്തി വഴി ഖത്തറിലേക്ക് പോകുന്നവരും വരുന്നവരും പാസ്‌പോര്‍ട്ട്, ഹയാ കാര്‍ഡ്, സൗദിയില്‍ താമസ വിസയുള്ളവരാണെങ്കില്‍ റീഎന്‍ട്രി എന്നിവ ജവാസാത്ത് അധികൃതരെ കാണിക്കേണ്ടിവരുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ഷട്ടില്‍ ബസുകള്‍ ഉപയോഗിക്കുന്നത് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ വെബ്‌സൈറ്റ് വഴി നേരത്തെ ബുക്ക് ചെയ്യണം. രണ്ട് മേഖലകളിലായി ബസുകള്‍ക്ക് ഇവിടെ പാര്‍ക്കിംഗ് ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ മാത്രം അനുവദിക്കുന്ന ഹ്രസ്വകാല പാര്‍ക്കിംഗും 96 മണിക്കൂര്‍ വരെ അനുവദിക്കുന്ന ദീര്‍ഘസമയ പാര്‍ക്കിംഗുമാണിത്. 3500 വാഹനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് പാര്‍ക്കിംഗ്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ 49 പേര്‍ക്ക് സഞ്ചരിക്കാവുന്ന 55 ബസുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് പൊതുഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.


 

 

Latest News