Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

ചെറുകിട കർഷകർ റബർ ടാപ്പിംഗ് രംഗത്ത് സജീവമാകുന്നു; നാളികേരത്തിന് ഡിമാന്റ്

കൊച്ചി- ജാപ്പാൻ റബർ അവധിയിൽ വിൽപനക്കാർ പിടിമുറുക്കി, സംസ്ഥാനത്ത് മഴ ദുർബലമായതോടെ ചെറുകിട കർഷകർ റബർ ടാപ്പിംഗ് രംഗത്ത് സജീവമാകുന്നു. ശബരിമല സീസണിന് തുടക്കം കുറിച്ചതോടെ നാളികേരത്തിന് ഡിമാന്റ്. കുരുമുളക് വീണ്ടും തളർന്നു. സ്വർണ വിലയിൽ കുതിപ്പ്. 
ജാപാനീസ് എക്സ്ചേഞ്ചിൽ റബർ അവധി വ്യാപാര രംഗം വിൽപനക്കാരുടെ നിയന്ത്രണത്തിൽ. ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ യെന്നിന്റെ ചാഞ്ചാട്ടങ്ങളും റബറിൽ പ്രതിഫലിക്കുന്നു. റബർ ഡിസംബർ അവധി 215 യെന്നിലാണ്. ഈവാരം 220 യെന്നിലെ പ്രതിരോധം തകർന്നാൽ വിൽപനക്കാർ ഷോട്ട് കവറിംഗിന് ഇറങ്ങാം, ഈ നീക്കം റബറിനെ 235 യെന്നിലേയ്ക്ക് ഉയർത്താം. എന്നാൽ വാരത്തിന്റെ ആദ്യ പകുതിയിലെ റബറിന്റെ പ്രകടനങ്ങളെ ആസ്പദമാക്കിയാവും ഓപറേറ്റർമാരുടെ ചുവടുവെപ്പുകൾ. ക്രൂഡ് ഓയിൽ വില താഴ്ന്നാൽ അതും റബറിൽ പ്രതിഫലിക്കും.
അതേ സമയം 220 യെന്നിലെ തടസ്സം ഭേദിക്കാനുള്ള കരുത്ത് വാങ്ങലുകാർക്ക് ലഭിക്കാതെ വന്നാൽ സ്വാഭാവികമായും വിൽപനക്കാർ സംഘടിതമായി വിപണിയെ കൂടുതൽ ദുർബലമാക്കാം. സാങ്കേതികമായി 208 യെന്നിലെ താങ്ങ് ഏഷ്യൻ റബർ ഉൽപാദകർക്ക് ആശ്വാസത്തിന് വകയുണ്ട്. എന്നാൽ ഈ സപ്പോർട്ട് കൈമോശം വന്നാൽ ഡിസംബർ അവധി 180 വരെ തളരാം.
മഴമൂലം കേരളത്തിൽ റബർ ഉൽപാദനം ചുരുങ്ങി. ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലുണ്ടെങ്കിലും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചില്ല. അതേ സമയം താഴ്ന്ന വിലയ്ക്ക് മുൻകൂർ കച്ചവടങ്ങളിൽ അവർ ഏർപ്പെടുന്നുമുണ്ട്. 
നാലാം ഗ്രേഡ് റബർ 14,900 രൂപ, അഞ്ചാം ഗ്രേഡ് 14,000-14,600 രൂപയിലും മാർക്കറ്റ് ക്ലോസിംഗ് നടന്നു. വൃശ്ചികമായതോടെ മഞ്ഞുകാലത്തിന് തുടക്കമായത് റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയരുമെന്നത് കർഷകർക്ക് ടാപ്പിംഗിന് കൂടുതൽ ഉത്സാഹം പകരാം. 
നാളികേര ഉൽപാദകർ പ്രതീക്ഷയിലാണ്. ശബരിമല സീസണാരംഭിച്ചതിനാൽ വിപണികളിൽ പച്ച തേങ്ങയ്ക്ക് ഡിമാന്റ്. മണ്ഡലകാലം തീരും വരെ കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടകത്തിലും തേങ്ങ വിൽപന ഇരട്ടിക്കാം. കൊറോണമൂലം രണ്ട് വർഷങ്ങളിൽ മല ചവിട്ടുന്നവരുടെ എണ്ണത്തിലെ കുറവ് നാളികേരത്തെ ബാധിച്ചിരുന്നു. 
കൊച്ചിയിൽ എണ്ണയ്ക്കും 100 രൂപ ഉയർന്ന് 13,200 രൂപയായി. കൊപ്ര വില 8600 രൂപ. കാങ്കയത്തും കൊപ്ര 8500 രൂപയിൽ വിപണനം നടന്നു, അവിടെ എണ്ണ വില 12,100 രൂപ മാത്രമാണ്. 
വിദേശത്ത് നിന്നും പ്രത്യേകിച്ച് ഗൾഫ് വിപണികളിൽ നിന്നും ഏലത്തിന് ആവശ്യകാരുണ്ടായിട്ടും വില ഇടിഞ്ഞു. ലേല കേന്ദ്രങ്ങളിൽ വരവ് അരലക്ഷം കിലോയ്ക്ക് മുകളിലെത്തുന്നത് വിലക്കയറ്റത്തിന് ഭീഷണിയായി. വില ഉയർത്താൻ വാങ്ങലുകാർ ഇത് മൂലം താൽപര്യം കാണിച്ചില്ല.
മഴമൂലം പല ഭാഗങ്ങളിലും വിളവ് കുറഞ്ഞത് ഏലക്ക വില ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ വാരാന്ത്യം ശരാശരി ഇനങ്ങളുടെ വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ കിലോ 782 രൂപയിലേയ്ക്ക് ഇടിഞ്ഞു. മികച്ചയിനങ്ങൾ 1605 രൂപയിലാണ്. 
ഉത്തരേന്ത്യൻ പിന്തുണ കുറഞ്ഞത് കുരുമുളകിനെ തളർത്തി. വിൽപനയ്ക്ക് എത്തുന്ന ചരക്കിൽ ഇറക്കുമതി ചരക്ക് കലർന്നതും തിരിച്ചടിയായി. വിയെറ്റ്നാം, ബ്രീസീലിയൻ മുളക് നാടൻ ചരക്കിൽ കലർത്തി ഒരു വിഭാഗം വിൽപന നടത്തിയെന്ന് വിപണി വൃത്തങ്ങൾ വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6275 ഡോളറാണ്. ഇന്തോനേഷ്യ 3640 ഡോളറിനും ബ്രസീൽ 2575 ഡോളറിനും മലേഷ്യ 5100 ഡോളറിനും വിയെറ്റ്നാം 3100 ഡോളറിനും മുളക് വാഗ്ദാനം ചെയുന്നു.         
ചുക്ക് വില സ്റ്റെഡി. ശൈത്യ കാലമായതിനാൽ ഉത്തരേന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ചുക്കിന് ആവശ്യകാരുണ്ട്. അറബ് രാജ്യങ്ങളിലും ചുക്ക് സംഭരണ രംഗത്തുണ്ടായിട്ടും വിവിധയിനങ്ങൾ കിലോ 15,5,175 രൂപയിലാണ്. ഉൽപാദന മേഖലയിൽ മികച്ചയിനങ്ങൾ 230 രൂപയിൽ കൈമാറി. 
കേരളത്തിൽ സ്വർണ വിലയിൽ മുന്നേറ്റം. ആഭരണ വിപണികളിൽ പവൻ 38,560 രൂപയിൽ നിന്നും ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 39,000 രൂപയിലേയ്ക്ക് കയറിയ ശേഷം ശനിയാഴ്ച 38,880 ലാണ്. ഇതോടെ ഒരു ഗ്രാമിന് വില 4860 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണം 1772 ഡോളറിൽ നിന്നും 1786 ഡോളർ വരെ സഞ്ചരിച്ച ശേഷം 1751 ലേയ്ക്ക് താഴ്ന്നു. 

Latest News