Sorry, you need to enable JavaScript to visit this website.

മെഹറൗളി കൊലപാതകത്തെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നതില്‍ പ്രതിഷേധം

ജല്‍ന- 27 കാരി ശ്രദ്ധ വാല്‍ക്കറിനെ ലിവ് ഇന്‍ പങ്കാളി അഫ്താബ് പൂനാവല കൊലപ്പെടുത്തിയ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മഹാരാഷ്ട്രയിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര മുസ്ലിംസ് ആവശ്യപ്പെട്ടു. കുറ്റകൃത്യത്തെക്കുറിച്ചുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതാണെന്ന് പ്രസ്താവനയില്‍ ആരോപിച്ചു. ക്രൂരമായ കൊലപാതകത്തെ ഫെഡറേഷന്‍ ശക്തിയായി അപലപിച്ചു.
മെയ് 18 ന് ദല്‍ഹിയിലെ മെഹ്‌റൗളി പ്രദേശത്ത് വെച്ചാണ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന് ശേഷം ആഴ്ചകളെടുത്ത് നീക്കം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന്  അടുത്തിടെയാണ് അഫ്താബ് പൂനാവാല അറസ്റ്റിലായത്.
യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി നടപ്പിലാകണമെന്നും പ്രതിക്ക് കര്‍ശനശിക്ഷ ഉറപ്പാക്കണമെന്നും ഫെഡറേഷന്‍ നേതാവ് ശൈഖ് മുജീബ് ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സമൂഹം ഗൗരവമായി കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാര്‍ഹിക പീഡന വിഷയത്തില്‍ ആത്മപരിശോധന നടത്തേണ്ടതും ഗവേഷണം നടത്തേണ്ടതും ആവശ്യമാണ്. ഗാര്‍ഹിക പീഡനം തടയുന്നതില്‍ നിയമങ്ങള്‍  പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News