Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ സർക്കാർ പണിയുന്ന ജിംനേഷ്യങ്ങളിൽ ആർ.എസ്.എസ് ശാഖയും്

ചണ്ഡീഗഡ് -ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ആർഎസ്എസ് പ്രത്യയശാസ്ത്രം സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി ഓം പ്രകാശ് ധൻകർ പറഞ്ഞു. പഞ്ചകുളയിൽ സർക്കാർ നിർമ്മിച്ച പുതിയ ജിംനേഷ്യം ഉൽഘാടനം ചെയ്ത മന്ത്രി ഇത് ആർഎസ്എസ് ശാഖയ്ക്കു വേണ്ടിയും ഉപയോഗപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. എല്ലാ ഗ്രാമത്തിലും രണ്ടേക്കർ സ്ഥലം കണ്ടെത്തി ജിംനേഷ്യങ്ങൾ സ്ഥാപിക്കുന്ന സർക്കാരിന്റെ പദ്ധതി നടപ്പാക്കിവരികയാണ്. യുവജനങ്ങൾക്ക് യോഗ, ഗുസ്തി, വോളിബോൾ, കബഡി, ഭാരോദ്വഹനം തുടങ്ങിയവ പരിശീലിക്കാനുള്ള കേന്ദ്രങ്ങളായാണ് ഈ ജിംനേഷ്യങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ആർഎസ്എസ് ശാഖക്കുള്ള ഇടം കൂടിയായി ഉപയോഗപ്പെടുത്തുമെന്നാണ് മന്ത്രി പരസ്യമായി പറഞ്ഞിരിക്കുന്നത്.

ജിമ്മുകൾ ആർഎസ്എസ് ശാഖയാക്കുമെന്ന് മന്ത്രി ധൻകർ മാത്രമല്ല പറഞ്ഞിട്ടുള്ളത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി റാം ബിലാസ് ശർമയും പുതുതായി നിർമ്മിക്കുന്ന സർക്കാർ ജിംനേഷ്യങ്ങൾ ആർഎസ്എസ് ശാഖകളായും ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു. കായിക യുവജനകാര്യ മന്ത്രി അനിൽ വിജും ഇതിനെ പിന്തുണച്ചിട്ടുണ്ട്. ആർഎസ്എസ് ശാഖകൾ കായിക പരിശീലനത്തിനാണ് നടത്തുന്നത്. ജിമ്മുകളും ഇതിനു വേണ്ടിതന്നെയാണ്. അപ്പോൾ ജിമ്മുകളിൽ ആർഎസ്എസ് ശാഖ നടത്തുന്നതിൽ എന്താണ് കുഴപ്പമെന്ന് മന്ത്രി വിജ് ചോദിക്കുന്നു. 

1000 ജിംനേഷ്യങ്ങളാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 300 ജിമ്മുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇവിടങ്ങളിൽ ആവശ്യമായ യോഗ പരിശീലകരേയും മറ്റും നിയമിക്കാനുള്ള പ്രക്രിയയിലാണ് സർക്കാർ. ഇതിനു പുറമെ ഇവിടെ വോളിബോൾ, കബഡി പരിശീലനങ്ങളും ഉണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. 

യുവാക്കൾക്ക് ജിമ്മുകൾ സ്ഥാപിക്കുക എന്ന പേരിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം നടപ്പിലാക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു. ജിമ്മുകളിൽ ആർഎസ്എസ് ശാഖകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറയുന്നത് അപലപനീയമാണ്. ആർഎസ്എസ് അജണ്ട നടപ്പാക്കാൻ സർക്കാർ പണം ഉപയോഗിക്കുന്നത് ക്രിമിനൽ ഗൂഡാലോചനയാണെന്നും കോൺഗ്രസ് എം.എൽ.എ കരൺ സിങ് പറഞ്ഞു. സർക്കാർ ഭൂമി സ്വകാര്യ സംഘടനയുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ നാഷണൽ ലോക് ദളും രംഗത്തെത്തിയിട്ടുണ്ട്.
 

Latest News