ബംഗളൂരു- സോണിയാ ഗാന്ധി ഇറ്റലിക്കാരിയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആക്ഷേപത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഞാൻ കണ്ട മറ്റു പല ഇന്ത്യക്കാരേക്കാളും ഇന്ത്യക്കാരിയാണ് സോണിയ ഗാന്ധിയെന്ന് രാഹുൽ തിരിച്ചടിച്ചു. ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പ്രചാരണത്തിന്റെ അവാന ദിവസമായ ഇന്ന് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
എന്റെ അമ്മ ഇറ്റാലിയനാണ്. ജീവിതത്തിന്റെ ഏറിയ പങ്കും അവർ ജീവിച്ചത് ഇന്ത്യയിലാണ്. അവർ ഈ രാജ്യത്തിന് വേണ്ടി എല്ലാം സഹിച്ചു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ചു-രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഉള്ളിൽ ദേഷ്യം കുടികൊള്ളുന്നു. എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാലതറിയാം. പ്രധാനമന്ത്രിയുടെ ദേഷ്യം അദ്ദേഹത്തിന്റെതാണ്. എന്റെതല്ല. കോൺഗ്രസിനെ ബി.ജെ.പിക്ക് ഭയമാണ്. കോൺഗ്രസ് വ്യത്യസ്തമായി ചിന്തിക്കുന്നുവെന്നതാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്. കർണാടകയിലെ ജനങ്ങളോട് അവരുടെ ഭാവിയെ പറ്റി ഒന്നും പറയാൻ പ്രധാനമന്ത്രിക്കില്ല. കർണാടകയിലെ ജനങ്ങളെ അധിക്ഷേപിക്കാനാണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ശ്രമിക്കുന്നത്. രാജ്യത്തിലെ പ്രധാനപ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് മോഡി ശ്രമിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ളതല്ല. ഇത് കർണാടകയുടെ ഭാവിക്ക് വേണ്ടിയുള്ളതാണ്-രാഹുൽ പറഞ്ഞു.
ശനിയാഴ്ച്ചയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച്ച ഫലമറിയും.






