തിരൂരില്‍ തോണി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു, രണ്ടു പേര്‍ക്കായി തിരച്ചില്‍

തിരൂര്‍- പുറത്തൂര്‍ ഭാരതപ്പുഴയില്‍ കക്ക വാരാനിറങ്ങിയവരുടെ   തോണി മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു. പുതുപ്പള്ളി നമ്പ്രം സ്വദേശിനികളായ ഈന്തു കാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ (65), പരേതനായ വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരിച്ചത്. പുറത്തൂര്‍ പുതുപ്പള്ളി നമ്പ്രം കടവില്‍ കക്ക വാരാനിറങ്ങിയ ആറംഗ സംഘമാണ് അപകടത്തില്‍പെട്ടത്.

ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. രണ്ട് പേരെ കാണാതായി. കുയ്യിനി പറമ്പില്‍ അബൂബക്കര്‍ (55), ഇട്ടിക പറമ്പില്‍ സലാം (54) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി നാട്ടുകാരും അഗ്‌നിരക്ഷാസേനയും പോലീസ്, റവന്യൂ സംഘങ്ങളും  രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു.
അപകടത്തില്‍ പെട്ട രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉറുങ്ങാട്ടില്‍ ബീപാത്തു (60), മകള്‍ റസിയ (42) എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

 മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest News