അമ്മൂമ്മയുടെ പതിനേഴര പവന്‍ കവര്‍ന്നു, പകരം മുക്കുപണ്ടം വെച്ചു; ചെറുമകളും കാമുകനും അറസ്റ്റില്‍

തൃശൂര്‍- ചേര്‍പ്പ് പാറളം പള്ളിപ്പുറം തെക്കുംമുറിയില്‍ വൃദ്ധയുടെ പതിനേഴര പവന്‍ സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷം രൂപയും കവര്‍ന്ന ചെറുമകളെയും കാമുകനെയും ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പുളിപ്പറമ്പില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ ലീലയുടെ (72) സ്വര്‍ണവും പണവുമാണ് ചെറുമകളും കാമുകനും ചേര്‍ന്ന് തട്ടിയെടുത്തത്. ലീലയുടെ മകന്‍ പരേതനായ സുരേഷിന്റെ മകള്‍ ബി.ബി.എ ബിരുദധാരിയായ സൗപര്‍ണ്ണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്നില്‍ തണ്ടോല അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്.

അച്ഛന്റെ മരണശേഷം സൗപര്‍ണികയും ലീലയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അമ്മ വര്‍ഷങ്ങളായി മറ്റൊരാളുടെകൂടെയാണ് താമസം. ലീലയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ ആരോഗ്യവകുപ്പില്‍ ജിവനക്കാരനായിരുന്നു. ഭാസ്‌കരന്റെ മരണത്തെ തുടര്‍ന്ന് ലീലക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ചിരുന്നു. പെന്‍ഷന്‍ തുകയുമായി ബന്ധപ്പെട്ട ബാങ്കിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് സൗപര്‍ണികയാണ്. ലീലക്ക് ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപത്തില്‍നിന്ന് നാല് തവണകളായാണ് സൗപര്‍ണിക പണം കൈക്കലാക്കിയത്. കൂടാതെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നെടുത്തു.
കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം അതേ മോഡലിലുള്ള മുക്കുപണ്ടങ്ങള്‍ തിരികെ വെച്ചു. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി പണം വാങ്ങി. കാമുകനായ അഭിജിത്തിന്റെ വീട് നിര്‍മ്മാണത്തിനും സ്വിഫ്റ്റ് കാറ് വാങ്ങുന്നതിനുമാണ് പണം ഉപയോഗപ്പെടുത്തിയത്. മൂക്കുപണ്ടമാണെന്നറിയാതെ ധരിച്ചതിനെ തുടര്‍ന്ന് ലീലയുടെ കാതിന് പഴുപ്പ് ബാധിച്ചപ്പോള്‍ ആഭരണങ്ങള്‍ ദീര്‍ഘകാലം അഴിച്ചുവച്ചു. കാതിലെ കമ്മല്‍ ദ്വാരം അടഞ്ഞുപോയി. തൃശൂരിലെ  ജ്വല്ലറിയിലെത്തി വീണ്ടും ദ്വാരമിട്ട് ആഭരണം അണിയാന്‍ ശ്രമിച്ചപ്പോഴാണ് ജ്വല്ലറിക്കാര്‍ സ്വര്‍ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളെ വിളിച്ച് ബാക്കിയുള്ള സ്വര്‍ണം പരിശോധിച്ചപ്പോള്‍ എല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കവര്‍ച്ച വെളിപ്പെട്ടത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ചേര്‍പ്പ് സി.ഐ ടി.വി ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

 

Latest News