കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ ലോറി മറിഞ്ഞു; 11 പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍-കോട്ടയ്ക്കലിനടുത്തു പുത്തൂര്‍ ഇറക്കത്തില്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ഓട്ടോയിലും ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞു ലോറി ഡ്രൈവറടക്കം 12 പേര്‍ക്കു പരിക്കേറ്റു. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു കോണ്‍ക്രീറ്റ് മിക്‌സിംഗിന് ഉപയോഗിക്കുന്ന രാസപദാര്‍ഥവുമായി വന്ന ഭാരതി സിമന്റിന്റെ ചരക്കുലോറി ആദ്യം റോഡരികിലെ ട്രാന്‍സ്ഫോമറിലും പിന്നീട് കാറിലും ഓട്ടോയിലും ബൈക്കിലുമിടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി നിധീഷ്‌കുമാര്‍ (23), കൊടിഞ്ഞി സ്വദേശികളായ കുത്തേരി നസല്‍(16), ഫാത്തിമ സിയ(10), അനീഷ (36), ഫാത്തിമ (58), ആയിഷ തന്‍ഹ (നാല്), ആയിഷ (52), വലിയപറമ്പ് പാപ്പായി സ്വദേശി അമ്പലവയല്‍ ആസിയ, പുത്തൂര്‍ സ്വദേശി നെച്ചിയില്‍ ഫാത്തിമ ഫിദ(18), മണ്ണാര്‍ക്കാട് സ്വദേശി പട്ടാണിത്തൊടി ഹമീദ് (46), അരിച്ചോള്‍ സ്വദേശി പുതുക്കിടി കുഞ്ഞീരുമ്മ (85), അരിച്ചോള്‍ സ്വദേശി കുറ്റിക്കാടന്‍ മുഹമ്മദ് നസീര്‍(28) എന്നിവരെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയ്ക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം കൊണ്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും കൂടുതല്‍ അപകടമൊഴിവായി. സ്ഥിരം അപകടമേഖലയായ കോട്ടയ്ക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ ഇന്നലെ വൈകിട്ടോടെ  ഉണ്ടായ അപകടത്തില്‍ പ്രദേശത്തെ  ആറോളം വൈദ്യുതിക്കാലുകള്‍ മറിഞ്ഞുവീണു. വൈദ്യുതിക്കാല്‍ മറിഞ്ഞു വീണു ഇതുവഴി നടന്നു പോയ കാല്‍നടയാത്രക്കാരനും പരിക്കേറ്റു. അപകടം തുടര്‍ക്കഥയായ ഇവിടെ കഴിഞ്ഞയാഴ്ച തമിഴ്നാട്ടില്‍ നിന്നു അരികയറ്റിവന്ന മറ്റൊരു ലോറി മറിഞ്ഞിരുന്നു.
സ്ഥിരം അപകടമേഖലയായ പുത്തൂര്‍ ഇറക്കത്തില്‍ അധികൃതര്‍ മുന്നറിയിപ്പു നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്നു  വിഷയം ചര്‍ച്ച ചെയ്യാന്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഉടന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നു മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് എംവിഐ പി.കെ.മുഹമ്മദ് ഷഫീഖ് പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തില്‍ ഒരേ ഗിയറില്‍ വാഹനമിറക്കുമ്പോള്‍ ബ്രേക്ക് കുറഞ്ഞു വരുന്നതാണ് അപകടത്തിനിടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News