ഈനാടു ടിവി കേരള കണ്ടന്റ്  എഡിറ്റര്‍ നിവേദിത ഹൈദരാബാദില്‍  വാഹനാപകടത്തില്‍ മരിച്ചു 

ഹൈദരാബാദ്-  ഈനാടു ടിവി  കേരള ഡെസ്‌കിലെ കണ്ടന്റ് എഡിറ്റര്‍ നിവേദിത സൂരജ് (26) ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു.  തൃശൂര്‍ പടിയൂര്‍ വിരുത്തിപ്പറമ്പില്‍ വീട്ടില്‍ സൂരജിന്റെയും ബിന്ദുവിന്റെയും മകളാണ്. ഇന്നു രാവിലെ ഹൈദരാബാദിന് സമീപം ഹയാത്ത് നഗര്‍ ഭാഗ്യലതയില്‍ നടന്ന കാറപകടത്തിലാണ് നിവേദിതയുടെ മരണം. രാവിലെ അഞ്ചിന് ഓഫിസിലേക്ക് പോകാന്‍ താമസ സ്ഥലത്തു നിന്നും റോഡ് മുറിച്ചു കടക്കവെ എല്‍.ബി നഗര്‍ ഭാഗത്തു നിന്ന് ഹയാത്ത് നഗറിലേക്ക് പോവുകയായിരുന്ന കാര്‍ നിവേദിതയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിയും ഇടിവി ഉത്തര്‍പ്രദേശ് ഡെസ്‌കിലെ കണ്ടന്റ് എഡിറ്ററുമായ സോനാലി ചാവേരിയെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിവേദിത സൂരജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സോനാലി അത്യാഹിത വിഭാഗത്തിലാണ്. അപകടം നടന്ന ഉടന്‍ കാറിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് എതിര്‍ ദിശയിലേക്ക് തെന്നിമാറി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഹയാത്ത് നഗര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി. . അനുജന്‍ ശിവപ്രസാദ് ബിരുദ വിദ്യാര്‍ഥിയാണ്. 2021 മേയിലാണ് നിവേദിത ഇടിവിയില്‍ കണ്ടന്റ് എഡിറ്ററായി ചേര്‍ന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയിലും ജോലി ചെയ്തിരുന്നു. 

Latest News