Sorry, you need to enable JavaScript to visit this website.

മത്സ്യത്തൊഴിലാളികൾക്ക് ദുരിതം,  അദാനിക്ക് ഇളവുകൾ

വിഴിഞ്ഞം സമരസമിതി ഉയർത്തിയ ഏഴ് ആവശ്യങ്ങളിൽ ആറും പരിഹരിക്കപ്പെട്ടതായിട്ടാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. അത് കേരളീയ ജനതയെ തെറ്റിദ്ധരിപ്പിക്കാനും സമരത്തെ പരാജയപ്പെടുത്താനുമുള്ള കുടിലതന്ത്രമായാണ് സമിതി കാണുന്നത്. തീരദേശം സംരക്ഷിക്കുക എന്നത് മത്സ്യത്തൊഴിലാളികളുടെ മാത്രം ആവശ്യമോ ഉത്തരവാദിത്തമോ അല്ല. തീരസംരക്ഷണത്തിനായി പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും തകർത്ത് കോടിക്കണക്കിന് ടൺ കരിങ്കല്ലുകളാണ് തീരത്ത് കൊണ്ടിടുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മലനാട്ടിലെ ജനങ്ങളും പല നിലയിൽ അനുഭവിക്കുന്നുണ്ട്. 

 

 

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടത്തിപ്പുചിലവായ 42.90 കോടി അദാനിക്ക് ഒഴിവാക്കി കൊടുത്തിരിക്കുന്ന സർക്കാർ നടപടി രൂക്ഷമായ വിമർശനത്തിനു കാരണമായിരിക്കുന്നത് സ്വാഭാവികം മാത്രം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തെ തീരദേശ ജനസമൂഹം നടത്തുന്ന ഐതിഹാസിക പ്രക്ഷോഭം നൂറു ദിനങ്ങൾ കഴിഞ്ഞിട്ടും തുടരുമ്പോഴാണ് സർക്കാരിന്റെ ഈ നടപടി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആകെ കണക്കാക്കിയിരിക്കുന്നത് 7,525 കോടി രൂപയാണ്. എന്നാൽ ഈ കണക്ക് മാറി മറിഞ്ഞ് ഏകദേശം 5,000 കോടി കൂടി കേരള സർക്കാർ മുടക്കേണ്ട സ്ഥിതിയാണിപ്പോൾ. അദാനി മുടക്കേണ്ടത് 2454 കോടി (32.6%) മാത്രം. ബാക്കി 5071 കോടിയും (67.4%) മുടക്കേണ്ടത് കേരള സർക്കാരാണെന്ന് സി.എ.ജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വി.ജി.എഫ് ആയി കേന്ദ്ര സർക്കാരും കേരള സർക്കാരും തുല്യമായി അദാനിക്ക് ഗ്രാന്റ് നൽകുന്ന മൊത്തം തുക 1635 കോടി ഉൾപ്പെടുന്നെങ്കിലും കേന്ദ്ര വിഹിതം കേരള സർക്കാർ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഉള്ളതിനാൽ അദാനി മുടക്കുന്നത് ഒഴികെയുള്ള മുഴുവൻ മൂലധന ചെലവും കേരള സർക്കാരിന്റേതായാണ് കണക്കാക്കേണ്ടത്. എന്നാൽ പോലും ഈ തുറമുഖ പദ്ധതി പ്രവർത്തനം തുടങ്ങിയാൽ, 15 വർഷം വരെ കേരള സർക്കാരിന് ഒരു പൈസ പോലും അദാനി നൽകേണ്ടതില്ല. പിന്നീട് ലാഭമുണ്ടായാൽ തന്നെ അതിന്റെ ഒരു ശതമാനം മാത്രമാണ് സർക്കാറിന്. സർക്കാർ അദാനിക്ക് കൈമാറിയ 190 ഏക്കറോളം ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. 
തുറമുഖ നിർമ്മാണം തീരമേഖലയിലുണ്ടാക്കിയ നാശനഷ്ടങ്ങൾ നിർമ്മാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികൾക്ക് സ്വീകാര്യതയുള്ള വിദഗ്ദ്ധ പഠന സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നതുൾപ്പെടെയുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം തുടരുന്നത്. കടലിൽ വിവിധ പദ്ധതികൾക്കായി നടത്തിയ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഫലമായി പൊതുവിൽ ഉണ്ടായ തീരനഷ്ടത്തിനും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഫലമായി ഉണ്ടായ തീരശോഷണത്തിനും ശാശ്വത പരിഹാരം കണ്ടെത്തുക, തീര ശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പട്ട് വർഷങ്ങളായി ഗോഡൗണുകളിലും സ്‌കൂളുകളിലും താൽക്കാലികമായി താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ വാടക നൽകുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ശാശ്വതമായി പുനരധിവസിപ്പിക്കാൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുക, മണ്ണെണ്ണ വിലവർധന പിൻവലിക്കാൻ സർക്കാർ ഇടപെടുകയും തമിഴ്നാട് മോഡലിൽ മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുക, കാലാവസ്ഥാ മുന്നറിയിപ്പു കാരണം മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം അനുഭവിക്കുന്ന ദിവസങ്ങളിൽ മിനിമം വേതനം നൽകുക, മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമ്മിച്ച മത്സ്യബന്ധന തുറമുഖത്തിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. 
വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ച സമയത്ത് തന്നെ തീരദേശ ജനസമൂഹവും തിരുവനന്തപുരം അതിരൂപതയും പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. 2017 മേയിൽ വിഴിഞ്ഞം അദാനി തുറമുഖ പദ്ധതിയുടെ കരാറിൽ ഗുരുതരസ്വഭാവമുള്ള അഴിമതി ചൂണ്ടിക്കാണിക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് പുറത്തുവന്നു. പദ്ധതി സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യങ്ങൾക്ക് എതിരാണെന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ ആയിരുന്ന വി.എസ്. അച്യുതാനന്ദൻ തുറമുഖം പണി നിർത്തിവച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൊടുത്തിരുന്നു. നിർമ്മാണമാരംഭിച്ച ശേഷം പാതിവഴിക്കു വെച്ചാണ് സമരമാരംഭിച്ചതെന്ന സർക്കാർ വാദത്തെ പൊളിക്കുന്നതാണ് ഈ വസ്തുതകൾ. 
നൂറുകണക്കിന് തീരദേശ കുടുംബങ്ങൾ ഇന്ന് ഭൂരഹിതരും ഭവനരഹിതരും ആയിരിക്കുന്നു. ശംഖുമുഖം ബീച്ചും വേളി ടൂറിസ്റ്റ് വില്ലേജും തീരം നഷ്ടപ്പെട്ട് നശിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ട്, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കോവളം ടൂറിസ്റ്റ് വില്ലേജ് എന്നിവയും നാശത്തിന്റെ വക്കിലാണ്. അദാനി തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം മൂന്നിലൊന്ന് മാത്രം പൂർത്തിയായപ്പോൾ തന്നെ മുതലപ്പൊഴിയിലെ മത്സ്യബന്ധന തുറമുഖത്ത് തിരയിളക്കത്തിന്റെ ഭാഗമായി നിരന്തരമായി അപകടങ്ങൾ ആവർത്തിക്കുന്നു. 60 ലധികം മത്സ്യത്തൊഴിലാളികൾ ഇതിനോടകം മരിച്ചു. 
പ്രക്ഷോഭം മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന ആവശ്യങ്ങളും സർക്കാരിന്റെ പ്രതികരണവും സമരസമിതി വിശദമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക.
കേരളത്തിന്റെ തീരത്ത് ഉണ്ടാവുന്ന തീരശോഷണം പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും തീരം വീണ്ടെടുക്കുന്നതിനും ഗൗരവമായ സമീപനമല്ല കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 2007 ഓഗസ്റ്റിൽ ഐ.ഐ.ടി ചെന്നൈയിലെ ഓഷ്യൻ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ് (പ്രൊഫ. വി. സുന്ദർ, ഡോ. കെ. മുരളി) കേരളത്തിന്റെ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റുമായി സംയുക്തമായി നടത്തിയ പഠനത്തെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പരിഗണിക്കുകയോ നടപ്പിലാക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. 2019 ൽ ഈ സർക്കാരിന്റെ കാലത്താണ് ശംഖുമുഖം മുതൽ വലിയതുറ വരെയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഐ.ഐ.ടി നിർദ്ദേശിച്ചതനുസരിച്ച് തീരത്തുനിന്നും മാറി കടലിൽ ജിയോ ട്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ പരീക്ഷണം ഏറെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് സാധിച്ചിട്ടില്ല. 
2. തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ മനുഷ്യോചിതമല്ലാത്ത അവസ്ഥയിൽ കഴിയുന്ന കുടുബങ്ങളെ അടിയന്തരമായി വാടക പൂർണ്ണമായും നൽകി മാറ്റി പാർപ്പിക്കുക.
പുനരധിവസിപ്പിക്കുന്നുവരെ വാടക നൽകി മാറ്റി പാർപ്പിക്കുന്നതിന്  5500 രൂപയാണ് സർക്കാർ വാഗ്ദാനം. നഗരപ്രാന്തപ്രദേശമായ ഈ മേഖലകളിൽ ഈ തുകയ്ക്ക് വീട് ലഭ്യമാവില്ല. നിശ്ചയിക്കപ്പെട്ട വാടക ഉയർത്തുകയും വീടിന് ആവശ്യമായ മുൻകൂർ കരുതൽ തുക നൽകുകയും ചെയ്യുന്നതിൽ സർക്കാർ വിമുഖത പ്രകടിപ്പിക്കുന്നു. ദുരിതത്തിൽ കഴിയുന്നവർ ഉപഭോക്തൃ വിഹിതം നൽകണമെന്നാണ് സർക്കാർ വാദം. എന്നിട്ടാണ് വീണ്ടും വീണ്ടം അദാനിക്ക് ഇളവുകൾ നൽകുന്നത്. 

3. വീടും സ്ഥലവും നഷ്ടപ്പട്ടവരെ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക.
ഇവരുടെ താമസസ്ഥലത്തു നിന്നും അകന്നു മാറി സർക്കാരിന്റെ തന്നെ ഭൂമിയായ മുട്ടത്തറയിൽ ഭൂമി കണ്ടെത്തിയിട്ടുണ്ട്. അവിടെ ഫ്ളാറ്റുകൾ പണിത് ഇവരെ മാറ്റിപ്പാർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ സ്വന്തമായി ഇവരാർജ്ജിച്ചെടുത്ത ഭൂമിയും ഭവനവും കടലെടുത്തിരിക്കുന്നു. ഇതിനുള്ള നഷ്ടപരിഹാരം സർക്കാർ പരിഗണിക്കുന്നില്ല. കിട്ടിയതുകൊണ്ട് സംതൃപ്തരാകണം എന്ന ഉപദേശമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും നൽകുന്നത്.

4. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകൾക്കും ഭീഷണിയായതുമായ അദാനി തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് പ്രദേശവാസികളായ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി സുതാര്യമായി പഠനം നടത്തുക.
മത്സ്യത്തൊഴിലാളികൾ നിർദ്ദേശിക്കുന്ന തദ്ദേശീയരായ വിദഗ്ധരെ കൂടി ഉൾപ്പെടുത്തണമെന്ന സമരസമിതിയുടെ നിർദ്ദേശം അവഗണിച്ചുകൊണ്ടാണ് സർക്കാർ ഒരു പഠനസമിതിയെ നിയോഗിച്ചിരിക്കുന്നത്. വിദഗ്ധരുടെ പശ്ചാത്തലം പരിശോധിച്ചാൽ കാലാവസ്ഥ വ്യതിയാനമാണ് തീരശോഷണത്തിന് കാരണമെന്ന് ഉറപ്പിക്കാനുള്ള സർക്കാരിന്റെ നിഗൂഢ പദ്ധതിയുടെ ഭാഗമാണ് അതെന്ന് വെളിപ്പെടുന്നുണ്ട്. പഠനം തീരുന്നതുവരെ തുറമുഖനിർമ്മാണം നിർത്തിവയ്ക്കാനും സർക്കാർ തയ്യാറാകുന്നില്ല.

5. അനിയന്ത്രിതമായ മണ്ണെണ്ണ വിലവർധന പിൻവലിക്കാൻ സർക്കാർ ഇടപെടുക; തമിഴ്നാട് മാതൃകയിൽ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭ്യമാക്കുക.
മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന തുച്ഛമായ സബ്സിഡി കാലോചിതമായി വർധിപ്പിക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

6. കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകുക.
കാലാവസ്ഥ മുന്നറിയിപ്പു മൂലം നഷ്ടപ്പെടുന്ന തൊഴിൽദിനങ്ങൾക്ക് സമാശ്വാസ വേതനം നൽകുന്ന കാര്യത്തിലും പഠിക്കാമെന്ന് പതിവ് പല്ലവി മാത്രമാണ് സർക്കാരിനുള്ളത്.

7. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക.
അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമാക്കിയ മുതലപ്പൊഴിയെപ്പറ്റി പഠിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മക നിർദ്ദേശങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നിജസ്ഥിതി ഇതായിരിക്കെ സമരസമിതി ഉയർത്തിയ ഏഴ് ആവശ്യങ്ങളിൽ ആറും പരിഹരിക്കപ്പെട്ടതായിട്ടാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. അത് കേരളീയ ജനതയെ തെറ്റിദ്ധരിപ്പിക്കാനും സമരത്തെ പരാജയപ്പെടുത്താനുമുള്ള കുടിലതന്ത്രമായാണ് സമിതി കാണുന്നത്. തീരദേശം സംരക്ഷിക്കുക എന്നത് മത്സ്യത്തൊഴിലാളികളുടെ മാത്രം ആവശ്യമോ ഉത്തരവാദിത്തമോ അല്ല. തീരസംരക്ഷണത്തിനായി പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും തകർത്ത് കോടിക്കണക്കിന് ടൺ കരിങ്കല്ലുകളാണ് തീരത്ത് കൊണ്ടിടുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മലനാട്ടിലെ ജനങ്ങളും പല നിലയിൽ അനുഭവിക്കുന്നുണ്ട്. 

Latest News