Sorry, you need to enable JavaScript to visit this website.

നെഹ്‌റുവിനെ വർഗീയവാദിയാക്കണോ?

2024 ൽ രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്. ജനങ്ങളെ വർഗീയമായി വേർതിരിച്ച് മുതലെടുത്ത് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതിനു വേണ്ട എല്ലാ ചേരുവകളും നരേന്ദ്ര മോഡി സർക്കാർ തയ്യാറാക്കി കഴിഞ്ഞു. വീണ്ടും അധികാരം സംഘപരിവാറിലെത്തിയാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന് അവർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ല. അതോടെ മതേതരത്വത്തിന്റെ അവസാന വെളിച്ചവും കെട്ടുപോകും. അതില്ലാതെ നോക്കണമെങ്കിൽ മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടികളിലെ സുധാകരനെപ്പോലെയുള്ള നേതാക്കൾ തങ്ങളുടെ ചെയ്തികളെക്കുറിച്ച് ആത്മവിമർശനം നടത്തുന്നത് നല്ലതാണ്. ഒപ്പം പഴയ ചരിത്ര പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കുകയെങ്കിലും വേണം.

 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ആർ.എസ്.എസുമായി സന്ധി ചെയ്തിരുന്നുവെന്നും അതുകൊണ്ടാണ് ആർ.എസ്.എസ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ തന്റെ ആദ്യ മന്ത്രിസഭയിൽ നെഹ്‌റു ഉൾപ്പെടുത്തിയതെന്നുമുള്ള കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ വിവാദ പ്രസ്താവനയുടെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെ പൂർണ്ണമായും നിരാകരിക്കാനും അതു വഴി രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടാനും ഈ പ്രസ്താവന വഴിയൊരുക്കുമെന്ന് കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതാക്കൾക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഈ വിവാദത്തെ വീണ്ടും ആളിക്കത്തിക്കാനോ അതിന്റെ പേരിലുള്ള വലിയ വാദപ്രതിവാദങ്ങൾക്കോ അവരാരും തയ്യാറാകാതിരുന്നത്. 
ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ ജവഹർലാൽ നെഹ്‌റുവിന്റെ വിവിധ തീരുമാനങ്ങളും നിലപാടുകളുമെല്ലാം വലിയ തോതിൽ വിമർശനത്തിന് വിധേയമായിട്ടുണ്ട്. കേരളത്തിലെ ആദ്യ മന്ത്രി സഭയെ ജനാധിപത്യ വിരുദ്ധ രീതിയിൽ പിരിച്ചു വിട്ടതടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും സംവാദങ്ങൾ നടക്കുന്നുമുണ്ട്. നെഹ്‌റുവിന്റെ രാഷ്ട്രീയ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ളവർപോലും അദ്ദേഹം വർഗീയവാദിയാണെന്നോ ആർ.എസ്.എസുമായി അദ്ദേഹം സന്ധി ചെയ്‌തെന്നോ ആരോപിക്കാൻ തയ്യാറാകില്ല. നെഹ്‌റുവിനെ കറകളഞ്ഞ മതേതരവാദിയായാണ് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം സ്വീകരിച്ച പല നിലപാടുകളും പിൽക്കാലത്ത് രാജ്യത്ത് സാമുദായിക ഐക്യത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. 
മതേതരത്വത്തെ മുറുകെപ്പിടിച്ച് ഒരു രാജ്യത്തിന് അടിത്തറ പാകാൻ നെഹ്‌റുവിന് കഴിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ത്യ പണ്ടേ തന്നെ ഹൈന്ദവ വർഗീയവാദികളുടെ കൈകളിൽ അമർന്നേനെ. പൂർണ്ണമായും മത രാഷ്ട്രമായി അവർ ഇന്ത്യയെ നേരത്തെതന്നെ മാറ്റിയെടുക്കുമായിരുന്നു. രാജ്യത്ത് വർഗീയതക്കെതിരെ അന്നും ഇന്നും നടന്നുകൊണ്ടിരിക്കുന്ന ചെറുത്ത് നിൽപ്പിന്റെ ഒരു പങ്ക് ജവഹർലാൽ നെഹ്‌റുവിനും അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. അത്തരമൊരു വ്യക്തിത്വത്തെയാണ് നെഹ്‌റുവിന്റെ കൂടി വിയർപ്പിൽ കെട്ടിപ്പടുത്ത കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പിൻമുറക്കാരനായ നേതാവ് വർഗീയവാദിയും ആർ.എസ്.എസുമായി സന്ധിചെയ്ത ആളുമാക്കി ചിത്രീകരിച്ചിരിക്കുന്നത്. ഇതിലൂടെ ജവഹർലാൽ നെഹ്‌റുവിനെ മാത്രമല്ല, രാജ്യത്തിന്റെ മതേതര സങ്കൽപ്പത്തെ കൂടിയാണ് കെ. സുധാകരൻ അപമാനിച്ചിരിക്കുന്നത്. 
ശ്യാമപ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ നെഹ്‌റു ഉൾപ്പെടുത്തിയതിന് തക്കതായ കാരണങ്ങൾ ചരിത്രത്തിലുണ്ട്. അദ്ദേഹത്തെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയത് ആർ.എസ്.എസുകാരുമായി സന്ധി ചെയ്യാൻ വേണ്ടിയായിരുന്നില്ല. വിവിധ ആശയഗതികൾ വെച്ചുപുലർത്തുന്നവരെ ഉൾപ്പെടുത്തി ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചിരുന്നു. അതിൽ അംഗമായാണ് ശ്യാമപ്രസാദ് മുഖർജിയുടെ പേര് മുന്നോട്ട് വരുന്നതും അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതും. മന്ത്രിസഭയിൽ ചേരുന്നതിനായി അദ്ദേഹം ഹിന്ദുമഹാസഭയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ പോലും രാജ്യത്തെ ഹൈന്ദവവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ മന്ത്രിസഭയിലിരുന്നുകൊണ്ട് തന്നെ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ നെഹ്‌റുവിന്റെ അടിയുറച്ച മതേതര നിലപാടുകൾ കൊണ്ട് തന്നെ ശ്യാമപ്രസാദ് മുഖർജിയുടെ നീക്കങ്ങൾ ഫലം കണ്ടില്ല. 
ഇന്ത്യയുടെ ഔദ്യോഗിക മതം ഹിന്ദുമതമാക്കണമെന്ന ശ്യാമപ്രസാദ് മുഖർജിയുടെ നിലപാടുകളെ തടയിട്ടുകൊണ്ട് വലിയൊരു മതേതര മുന്നേറ്റമാണ് നെഹ്‌റു നടപ്പാക്കിയത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് ഹൈന്ദവ ശക്തികൾ അന്ന് തന്നെ തുടക്കം കുറിച്ചിരുന്നു. ജവഹർലാൽ നെഹ്‌റു അതിനെ ശക്തിയുക്തം എതിർത്തതുകൊണ്ടാണ് ഇന്ത്യ ഇന്നും വലിയൊരു പരിധിവരെ മതേതര സ്വഭാവത്തോടെ നിലനിൽക്കുന്നത്. മതനിരപേക്ഷതക്കെതിരെ ശ്യാമപ്രസാദ് മുഖർജി നിലപാടുകളെടുത്തപ്പോൾ അതിനെ മുളയിലേ നുള്ളാൻ നെഹ്‌റു അപാരമായ ധൈര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ ഗൂഢനീക്കങ്ങൾ നെഹ്‌റുവിന് മുന്നിൽ വിലപ്പോകില്ലെന്ന് ബോധ്യമായതോടെയാണ് ശ്യാമപ്രസാദ് മുഖർജി മന്ത്രി സഭയിൽനിന്ന് രാജിവെച്ചത്. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നെഹ്‌റുവും അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനും തമ്മിൽ ഒപ്പിട്ട കരാർ ഒരു നിലയ്ക്കും അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ശ്യാമപ്രസാദ് മുഖർജി മന്ത്രിസഭയിൽനിന്ന് ഒഴിഞ്ഞത്. 
ഗാന്ധി വധത്തെത്തുടർന്ന് ആർ.എസ്.എസിനെ നിരോധിക്കുമ്പോൾ നെഹ്‌റു മറ്റൊരു മുന്നറിയിപ്പ് നൽകിയിരുന്നു. രാഷ്ട്രീയത്തിൽ മതം ആധിപത്യം സ്ഥാപിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു അത്. അതുകൊണ്ട് തന്നെ ആർ.എസ്.എസിന്റെ നിരോധനം പിൻവലിക്കാൻ പല കോണുകളിൽ നിന്നും സമ്മർദ്ദമുണ്ടായെങ്കിലും നെഹ്‌റു അതിന് വഴങ്ങിയിരുന്നില്ല. രാഷ്ട്രീയത്തിൽ മതം ആധിപത്യം പുലർത്തുന്നത് തന്നെയാണ് ഇന്ത്യ ഇന്നും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനെ ചെറുക്കാനുള്ള മതേതരവാദികളുടെ ശ്രമങ്ങൾ ദുർബലമാക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ നെഹ്‌റുവിനെപ്പോലുള്ള ദേശീയ നേതാക്കളുടെ ധീരമായ മതേതര നിലപാടുകളെ മുറുകെപ്പിടിക്കുന്നതിന് പകരം അവരെ ഇകഴ്ത്തിക്കാട്ടുന്നത് മതരാഷ്ട്രത്തിലേക്കുള്ള പോക്കിന് ആക്കം കൂട്ടുകയേ ഉള്ളൂ. അത് തിരിച്ചറിയാൻ കഴിയാതെ പോയതാണ് കെ. സുധാകരന് പറ്റിയ അബദ്ധം. 
നെഹ്‌റു ആർ.എസ്.എസുമായി സന്ധി ചെയ്തുവെന്ന് സുധാകരൻ പറയുമ്പോൾ സ്വന്തം പാർട്ടിയുടെ മഹത്തായ മതേതര പാരമ്പര്യത്തെയാണ് അദ്ദേഹം ചവിട്ടി മെതിക്കുന്നത്. സംഘപരിവാർ ശക്തികളിൽ നിന്ന് കണ്ണിലെ കൃഷ്ണമണി പോലെ രാജ്യത്തെ കാത്തു സൂക്ഷിക്കേണ്ട സമയത്താണ് സുധാകരൻ ആർ.എസ്.എസ് അനുകൂല പ്രസ്താവനകൾ നടത്തുന്നതെന്നത് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള രാഷ്ട്രീയ ലക്ഷ്യത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. 
2024 ൽ രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്. ജനങ്ങളെ വർഗീയമായി വേർതിരിച്ച് മുതലെടുത്ത് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതിനു വേണ്ട എല്ലാ ചേരുവകളും നരേന്ദ്ര മോഡി സർക്കാർ തയ്യാറാക്കി കഴിഞ്ഞു. വീണ്ടും അധികാരം സംഘപരിവാറിലെത്തിയാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന് അവർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ല. അതോടെ മതേതരത്വത്തിന്റെ അവസാന വെളിച്ചവും കെട്ടുപോകും. അതില്ലാതെ നോക്കണമെങ്കിൽ മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടികളിലെ സുധാകരനെപ്പോലെയുള്ള നേതാക്കൾ തങ്ങളുടെ ചെയ്തികളെക്കുറിച്ച് ആത്മവിമർശനം നടത്തുന്നത് നല്ലതാണ്. ഒപ്പം പഴയ ചരിത്ര പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കുകയെങ്കിലും വേണം.

 

Latest News