കാറില്‍ ചാരിനിന്നതിന് നാടോടി ബാലനെ ചവിട്ടിയ കേസില്‍ യുവാവിന് ജാമ്യം

തലശ്ശേരി-റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരി നിന്ന ആറു വയസ്സായ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മന്‍സാര്‍ ഹൗസില്‍ മുഹമ്മദ് ശിഹ്ഷാദിനാണ് (20)തലശ്ശേരി ഫസ്റ്റ് ക്ലാസ്മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഇന്നലെയാണ് െ്രെകംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നവംബര്‍ മൂന്ന് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്തായിരുന്നു സംഭവം. കൊടുംവളവില്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ നിറുത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. െ്രെഡവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് ഒരു സംഘമാളുകള്‍ യുവാവിനെ ചോദ്യം ചെയ്തിരുന്നു. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവാവിന്റെ ന്യായീകരണം.

തലശ്ശേരി നഗരത്തില്‍ ബലൂണ്‍ വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ നിട്ടുറാം മാത്ര ദമ്പതികളുടെ മകനാണ് അക്രമത്തിനിരയായ ബാലന്‍. അക്രമം നടക്കുന്നതിന് സമീപം കുട്ടിയുടെ രക്ഷിതാക്കളുമുണ്ടായിരുന്നു.

 

Latest News