ജിദ്ദ- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ വിശുദ്ധിയുള്ള പ്രസ്ഥാനമാണെന്നും പൂർവീകരായ മഹാന്മാർ കാണിച്ചു തന്ന പാതയിലൂടെയാണ് അത് മുന്നോട്ട് പോകുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തിൽ എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി നടത്തുന്ന ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായി എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കറം ഹോട്ടലിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇസ്‌ലാമിക പ്രബോധനത്തിന് തുടക്കം കുറിച്ചത് സ്വഹാബാക്കളായിരുന്നു. അവരുടെ ആദർശ വിശുദ്ധിയും മാന്യമായ ഇടപെടലുകളുമാണ് ആളുകളെ ഇസ്‌ലാമിലേക്ക് ആകർഷിച്ചത്. സ്വഹാബാക്കളും മുൻഗാമികളും കാണിച്ചു തന്ന പാതയാണ് സമസ്ത പിന്തുടരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
സമസ്തക്ക് നേതൃത്വം നൽകിയ നേതാക്കൾ പാണ്ഡിത്യത്തിലും സൂക്ഷ്മത പുലർത്തുന്നതിലും വളരെ മുൻ പന്തിയിലായിരുന്നു. ദീർഘ കാലം സമസ്തയെ നയിച്ച കണ്ണിയ്യത്ത് ഉസ്താദ് സൂക്ഷ്മതയുടെ പര്യായമായിരുന്നു. അറിവിന്റെ സാഗരമായ ശംസുൽ ഉലമ ഒരു ആഗോള പണ്ഡിതനായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. അവരുടെ പാതയിലാണ് സമസ്ത സഞ്ചരിക്കുന്നതെന്നും സമസ്തക്ക് പിന്നിൽ അടിയുറച്ചു നിന്നാൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക ശരീഅത് സംരക്ഷിക്കുകയും അത് വ്യവസ്ഥാപിത മാർഗത്തിൽ പ്രബോധനം നടത്തുകയും ചെയ്യുക എന്നത് സമസ്തയുടെ പ്രധാന പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കിടയിൽ ആത്മീയ ബോധവൽക്കരണം നടത്തുന്നതിൽ എസ്.ഐ.സി യുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതാത് രാജ്യത്തെ നിയമങ്ങൾ പാലിച്ചു ജീവിക്കണമെന്ന് അദ്ദേഹം പ്രവാസികളെ ഓർമ്മപ്പെടുത്തി. ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജോലി നൽകി സഹായിക്കുന്ന സഊദി സർക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു.
പരിപാടിയിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.ഐ. സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ, എസ് ഐ സി ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി, ഉസ്മാൻ അൽ അമൂദി, സ്വാലിഹ് അൽ മലൈബാരി, അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത വിദ്യഭ്യാസ ബോർഡ് മാനേജർ മോയീൻ കുട്ടി മാസ്റ്റർ, ഒ. കെ. എം മൗലവി തുടങ്ങിയവർ സംസാരിച്ചു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി, ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി, ജിദ്ദ സാദാത്ത് കൂട്ടായ്മ, ദാരിമീസ് അസോസിയേഷൻ എന്നിവർ സയ്യിദ് ജിഫ്രി തങ്ങളെ ഷാൾ അണിയിച്ചു ആദരിച്ചു. സ്തുത്യയാർഹമായ സേവനം ചെയ്യുന്ന ജിദ്ദ എസ് ഐ സി സിയാറ ടൂർ വിങ്ങിനുള്ള ഉപഹാരം സയ്യിദ് ജിഫ്രി തങ്ങൾ സമ്മാനിച്ചു.എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.