ന്യുദല്‍ഹി- സംസ്ഥാന സര്‍ക്കാരിനെതിരേ പോരാടാന്‍ തന്നെ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയം അടുത്തതായി ഉയര്‍ത്തിക്കൊണ്ടു വരുമെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ നിയമവശങ്ങളെക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ചു. ദേശീയ തലത്തില്‍ തന്നെ ഇതൊരു വലിയ വിഷയമായി ഉന്നയിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി വിധിയെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു തന്നെ ഒട്ടും തന്നെ അത്ഭുതപ്പെടുത്തിയില്ല എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. തിരുവനന്തപുരം സംസ്‌കൃത കോളജിന് മുന്നില്‍ ഗവര്‍ണറെ അധിക്ഷേപിച്ചു എസ്എഫ്‌ഐ ബാനര്‍ വെച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ പഠിച്ചതല്ലേ പാടൂ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. എങ്കിലും വിദ്യാര്‍ഥികള്‍ക്ക് എതിരേ നടപടിയെടുക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സംസ്ഥാന ധനമന്ത്രിക്കുള്ള പ്രീതി പിന്‍വലിച്ചു എന്ന പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം നല്‍കി. മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരമില്ല. തികച്ചും പ്രാദേശികമായ വാദഗതികളില്‍ മുറുകെ പിടിച്ചുള്ള മന്ത്രിയുടെ വാക്കുകള്‍ ജനങ്ങളെ അറിയിക്കുകയായിരുന്നു ഉദ്ദേശമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതിക്കുറിച്ച് ദല്‍ഹിയില്‍ പ്രതികരിച്ചപ്പോഴാണ് തനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തതിനാല്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു വിശദീകരണം.
ഭരണഘടനാ സ്ഥാനമുപയോഗിച്ച് രാഷ്ട്രീയ അജണ്ടകളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ താന്‍ രാജിവെക്കാന്‍ തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അത് തനിക്ക് പറ്റിയ തെറ്റായിരുന്നു എന്നു തുറന്നു സമ്മതിച്ചു. നിയമനം നിയമപരമല്ലായിരുന്നുവെന്നും ക്രമവിരുദ്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.