മൂന്ന് പതിറ്റാണ്ടോളം ഗുജറാത്ത് ഭരിച്ചിട്ടും, 2002 ലെ അക്രമമാണ് അതിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ബി.ജെ.പി ഇപ്പോഴും വിശ്വസിക്കുന്നു. 20 വർഷം മുമ്പുള്ള രക്തച്ചൊരിച്ചിലിന്റെ കഥ വോട്ടർമാരുടെ ഓർമ്മകളിലേക്ക് ആവാഹിക്കാൻ പാർട്ടി കഴിയുന്നതെല്ലാം ചെയ്യുന്നു. വോട്ടർമാർ കലാപം ഓർക്കാനും ആഘോഷിക്കാനും അത് ആഗ്രഹിക്കുന്നു. എന്തുമാത്രം ഹിംസാത്മകമായ മനസ്സായിരിക്കും അത്.
കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് ആപ്തവാക്യം. എന്നാൽ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് കാലം 2002 ലെ മുറിവുകൾ വീണ്ടും കീറുകയും അതിൽനിന്ന് പുതുതായി ചോര വീഴ്ത്തുകയും ചെയ്യുന്നു. ഭയാനകമായ കലാപത്തിന് ഇരയായവരുടെ മുറിവുകളിൽ ബി.ജെ.പി ഉപ്പ് പുരട്ടുന്നതിന് ഈ തിരഞ്ഞെടുപ്പ് കാലവും സാക്ഷ്യം വഹിക്കുകയാണ്.
ഒന്നാമതായി, 2002 ലെ ബിൾക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിക്കാൻ സംസ്ഥാനത്തും കേന്ദ്രത്തിലും ഉള്ള ബി.ജെ.പി സർക്കാരുകൾ കൂട്ടുനിന്നു. ഗർഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെയുള്ള കുടുംബത്തെ പാറക്കല്ലുകൊണ്ടിടിച്ച് തല തകർത്താണ് കൊന്നത്.
മോചിതരായ കുറ്റവാളികളെ മാല ചാർത്തുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തത് ഏറ്റവും അധാർമികമായി. മുഴുവൻ സംഭവത്തിന്റെയും വൈകൃതത്തിൽ രാജ്യവ്യാപകമായി രോഷം ഉണ്ടായിട്ടും ബി.ജെ.പി വകവെച്ചില്ല. ബലാത്സംഗ-കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുന്നത് തുടരുന്നു. അതേസമയം ബിൾക്കിസ് ബാനു ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും പുതിയ അനീതിയിൽ ഭയത്തിലും നിരാശയിലും ജീവിക്കാൻ നിർബന്ധിതയാകുന്നു.
ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട പ്രതികളെ 'സംസ്‌കാരി ബ്രാഹ്മണർ' എന്ന് വിശേഷിപ്പിച്ചു ഒരു ബി.ജെ.പി എം.എൽ.എ. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഗോധ്ര സീറ്റിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയായി അദ്ദേഹം തന്നെയാണ് മത്സരിക്കുന്നത്. ആക്രമിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ മാനസികാവസ്ഥക്കെതിരായ ഏറ്റവും നഗ്നമായ ആക്രമണമാണ് ബി.ജെ.പി നടത്തുന്നത്.
നരോദപാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മകളെ പാർട്ടി ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നൽകി ആദരിച്ചു. നരോദയിലെ ബി.ജെ.പി സ്ഥാനാർഥി പായൽ കുക്രാനി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ കൂട്ടക്കൊലകളിലൊന്നിൽ ശിക്ഷിക്കപ്പെട്ട മനോജ് കുക്രാനിയുടെ മകളാണ്. 2002-ൽ ഒരു വിഭാഗത്തിനെതിരെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങളിൽ ചിലത് താനും കൂട്ടരും ചേർന്ന് നടത്തിയ അതേ പ്രദേശത്താണ് ഈ മനുഷ്യൻ തന്റെ മകൾക്ക് വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
2002 ഫെബ്രുവരി 28 ന് നരോദ പാട്യയിൽ തൊണ്ണൂറ്റിയേഴ് പേർ കലാപത്തിൽ കൊല്ലപ്പെട്ടു. കലാപത്തിനിടെ നടന്ന 'ഏറ്റവും വലിയ കൂട്ടക്കൊല' എന്ന് പിന്നീട് ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടബലാത്സംഗം ചെയ്യുകയും കുട്ടികളെ ജീവനോടെ കത്തിക്കുകയും ചെയ്തതായി നിരവധി സാക്ഷികൾ പറഞ്ഞു. നരോദ പാട്യ കേസിൽ ശിക്ഷിക്കപ്പെട്ട 32 പേരിൽ ഒരാളാണ് മനോജ് കുക്രാനി.
2016 സെപ്റ്റംബറിൽ ഗുജറാത്ത് ഹൈക്കോടതി കുക്രാനിക്ക് ജാമ്യം അനുവദിച്ചു, 'രോഗബാധിതനായി തികച്ചും കിടപ്പിലായെന്നും ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ലെന്നും' അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞതിനെത്തുടർന്നായിരുന്നു കുക്രാനിക്ക് ജാമ്യം അനുവദിച്ചത്. അദ്ദേഹമാണ് തന്റെ മകൾക്കും ബി.ജെ.പിക്കും വേണ്ടി പ്രചാരണം നടത്തുന്നത്.
ഗുജറാത്തിലും രാജ്യത്തുടനീളവുമുള്ള ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി നൽകുന്ന സന്ദേശമെന്താണ്? അവർക്കെതിരായ കുറ്റകൃത്യങ്ങളിൽ കാര്യമില്ല, കുറ്റവാളികളെ സിംഹാസനസ്ഥരാക്കുമെന്നും പ്രതിഫലം നൽകുമെന്നുമുള്ള പാഠമാണത്. ബി.ജെ.പിയുടെ നിരീക്ഷണത്തിൽ ശാശ്വതമായ നീതി ലഭിക്കുമെന്ന പ്രതീക്ഷ കുറവാണെന്ന വസ്തുതയുമായി ഇരകൾ സമരസപ്പെടണം. ഭയാനകമായ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് കോടതികൾ കാലതാമസം വരുത്തിയ നീതി ലഭ്യമാക്കിയാലും അത് തട്ടിത്തെറിപ്പിക്കാൻ ബി.ജെ.പി ആവുന്നതെല്ലാം ചെയ്യും, ഇരകളെ അപമാനിച്ചും ലക്ഷ്യമാക്കിയും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഒരു അവസരവും അവർ ഒഴിവാക്കില്ല.
ക്രിമിനലുകളെ ഇങ്ങനെ മഹത്വവൽക്കരിക്കുന്ന ബി.ജെ.പി ഗുജറാത്തിലെ സർക്കാരിനെക്കുറിച്ച് എന്താണ് പറയുന്നത്? മൂന്ന് പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ചിട്ടും, 2002 ലെ അക്രമമാണ് അതിന്റെ ഏറ്റവും വലിയ നേട്ടമെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു. 20 വർഷം മുമ്പുള്ള രക്തച്ചൊരിച്ചിലിന്റെ കഥ വോട്ടർമാരുടെ ഓർമ്മകളിലേക്ക് ആവാഹിക്കാൻ പാർട്ടി കഴിയുന്നതെല്ലാം ചെയ്യുന്നു. വോട്ടർമാർ കലാപം ഓർക്കാനും ആഘോഷിക്കാനും അത് ആഗ്രഹിക്കുന്നു. എന്തുമാത്രം ഹിംസാത്മകമായ മനസ്സായിരിക്കും അത്.
ഗുജറാത്തിലെ വോട്ടർമാരെക്കുറിച്ച് എന്താണ് പാർട്ടി കരുതുന്നത്? ഇരകൾ ന്യൂനപക്ഷക്കാരായാൽ കുറ്റവാളികളെ ആഘോഷിക്കാൻ ഒരു മടിയുമില്ലാത്തവരെന്നോ? ബിൾക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയായ നരോദയിലെയും ദാഹോദിലെയും തെരുവുകളിൽ ഇന്ന് മാല ചാർത്തപ്പെടുന്ന വീരന്മാർ ഏറ്റവും നികൃഷ്ടമായ ചില കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാണ്. അത്തരം ആളുകളുമായി ജനങ്ങൾക്ക് എങ്ങനെ താദാത്മ്യം പ്രാപിക്കാൻ കഴിയും? ഒരു വിഭാഗത്തോടുള്ള വിദ്വേഷം നമ്മുടെ ധാർമിക, നീതി ബോധങ്ങളെ മാറ്റിമറിക്കാൻ പര്യാപ്തമാണോ.
ഗുജറാത്തിലെ ബി.ജെ.പിയുടെ എതിരാളികൾ ഈ സംഭവവികാസങ്ങളെക്കുറിച്ച് നമ്മോട് എന്താണ് പറയുന്നത്? ഈ നികൃഷ്ടമായ സംഭവങ്ങളിൽ ആം ആദ്മി പാർട്ടി പൂർണ നിശബ്ദത പാലിക്കുന്നു, കോൺഗ്രസ് പരിമിതമായ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ് നടത്തിയത്.
ബി.ജെ.പിയുടെ ഏറ്റവും വലിയ വിജയമാണിത്. തത്ത്വാധിഷ്ഠിതമോ ധാർമ്മികമോ ആയ നിലപാടുകളേക്കാൾ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് എതിരാളികൾപോലും സുരക്ഷിതമായി കളിക്കുന്ന തരത്തിൽ അത് ഭൂരിപക്ഷവാദത്തെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. അവരും ഭൂരിപക്ഷ സമുദായ വോട്ടർമാരെ കാണുന്നത് ബി.ജെ.പിയുടെ കണ്ണിലൂടെയാണ്. ഇരകളാക്കപ്പെട്ടവരെ വീണ്ടും ഇരകളാക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മനസ്സ് അവരും വളർത്തിയിരിക്കുന്നു. അങ്ങനെ ചെയ്യരുത് എന്ന് പറയാൻ കെൽപുള്ള ഒരു നാവും അവിടെയെങ്ങും കാണുന്നില്ല.
ഭീതിപ്പെടുത്തുന്ന ഈ യാഥാർഥ്യം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്നത്തെ കാഴ്ച, ആരൊക്കെ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ചാലും ശരി.






