ന്യൂദല്‍ഹി- സുപ്രീംകോടതിയില്‍ സ്വന്തമായി കേസ് വാദിക്കാന്‍ എത്തിയ ആളുടെ ഹിന്ദി വാദത്തിന് മുമ്പില്‍ അമ്പരന്ന് ജഡ്ജിമാര്‍. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിലാണ് സ്വന്തം നിലയ്ക്ക് വാദിക്കാന്‍ എത്തിയ ആള്‍ ഹിന്ദിയില്‍ വാദംആരംഭിച്ചത്. കേസ് വിളിച്ചപ്പോള്‍ തന്നെ തൊഴു കൈയോടെ ഇടതടവില്ലാതെ ഇയാള്‍ ഹിന്ദയില്‍ വാദം തകര്‍ത്തു. എന്നാല്‍, നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്കു മനസിലാകുന്നില്ല ഈ കോടതിയുടെ ഭാഷ ഇംഗ്ലീഷ് ആണെന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.
എന്നാല്‍, ഇത് മനസിലാക്കാതെ കക്ഷി ഹിന്ദിയില്‍ വാദം തുടര്‍ന്നു. ഇതോടെ തൊട്ടടുത്തിരുന്ന അഭിഭാഷകന്‍ ഇടപെട്ടു. അടുത്ത കേസ് ഈ അഭിഭാഷകന്റേതായിരുന്നു. ഈ വാദം ഒന്നു കഴിഞ്ഞു കിട്ടിയിട്ട് വേണം അതിലേക്ക് കടക്കാന്‍. കോടതിക്കു ഹിന്ദി മനസിലാക്കുന്നില്ലെന്ന് പറഞ്ഞ കാര്യം അഭിഭാഷകന്‍ പ്രസ്തുത കക്ഷിക്കു മനസിലാക്കി കൊടുത്തു. ഈ സമയം കോടതിയിലുണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ധവാനും സഹായത്തിനെത്തി. അയാളുമായി കുറച്ചു നേരം സംസാരിച്ച ശേഷം ഒരു അഭിഭാഷകനെ വെക്കാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം മാധവി ധവാന്‍ കോടതിയെ ധരിപ്പിച്ചു.
ഇതു കേട്ടതോടെ ഹിന്ദിയില്‍ വാദിച്ച ആളെ ആദ്യം കാര്യം പറഞ്ഞു മനസിലാക്കി കൊടുത്ത അഭിഭാഷകനോട് കേസ് ഏറ്റെടുക്കാമോ എന്നു കോടതി ചോദിച്ചു. ഫീസ് വാങ്ങാതെ കേസ് സൗജന്യമായി ഏറ്റെടുക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അഭിഭാഷകന്‍ ഉടന്‍ തന്നെ സമ്മതവും അറിയിച്ചു. തുടര്‍ന്ന് കേസ് ഡിസംബര്‍ നാലിലേക്ക് മാറ്റി. കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ ആവശ്യമായ സമയം എടുത്തുകൊള്ളാനും അഭിഭാഷകനോട് നിര്‍ദേശിച്ചു.






