Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശിക്ക് തായ്‌ലന്റില്‍ ഊഷ്മള സ്വീകരണം

ബാങ്കോക്ക് - ഔദ്യോഗിക സന്ദര്‍ശനാര്‍ഥം തായ്‌ലന്റിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഊഷ്മള സ്വീകരണം. ബാങ്കോക്ക് വ്യോമസേനാ എയര്‍പോര്‍ട്ടില്‍ തായ്‌ലന്റ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാന്‍-ഒ-ച കിരീടാവകാശിയെ ഹൃദ്യമായി സ്വീകരിച്ചു. 32 വര്‍ഷം നീണ്ട ഇടവേളക്കു ശേഷം സൗദി അറേബ്യയും തായ്‌ലന്റും നയതന്ത്രബന്ധം പൂര്‍ണമായും പുനഃസ്ഥാപിച്ച ശേഷം സൗദി കിരീടാവകാശി നടത്തുന്ന ആദ്യ തായ്‌ലന്റ് സന്ദര്‍ശനമാണിത്. മൂന്നു ദശകത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് ഒരു സൗദി നേതാവ് തായ്‌ലന്റ് സന്ദര്‍ശിക്കുന്നത്.
ഇന്തോനേഷ്യയിലെ ബാലിയില്‍ ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തും ദക്ഷിണ കൊറിയ സന്ദര്‍ശനം പൂര്‍ത്തിയാക്കിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ബാങ്കോക്കിലെത്തിയത്. ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം തുറക്കാനും സര്‍വ മേഖലകളിലും സഹകരണം ശക്തമാക്കാനുമുള്ള സൗദി അറേബ്യയുടെ ആഗ്രഹമാണ് കിരീടാവകാശിയുടെ തായ്‌ലന്റ് സന്ദര്‍ശനം വ്യക്തമാക്കുന്നത്.
ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അല്‍ഖസബി, നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദര്‍ അല്‍റശീദ്, റോയല്‍ പ്രോട്ടോകോള്‍ വിഭാഗം ഉപമേധാവി റാകാന്‍ അല്‍തുബൈശി എന്നിവര്‍ കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.
1989 ല്‍ കോടിക്കണക്കിന് റിയാല്‍ വിലവരുന്ന 90 കിലോ ആഭരണങ്ങള്‍ സൗദി കൊട്ടാരത്തില്‍ നിന്ന് കവര്‍ന്ന് തായ്‌ലന്റ് തൊഴിലാളി സ്വദേശത്തേക്ക് രക്ഷപ്പെട്ടതും ഇതുമായി ബന്ധപ്പെട്ട് പിന്നീട് നാലു സൗദി നയതന്ത്ര ഉദ്യോഗസ്ഥരും ഒരു സൗദി വ്യവസായിയും അടക്കം 18 പേര്‍ കൊല്ലപ്പെട്ടതുമാണ് സൗദി അറേബ്യയും തായ്‌ലന്റും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിലേക്ക് നയിച്ചത്.
തായ്‌ലന്റ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാന്‍-ഒ-ച ജനുവരി അവസാനത്തില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായത്. തുടര്‍ന്ന് സൗദി പൗരന്മാര്‍ക്കുള്ള തായ്‌ലന്റ് യാത്രാ വിലക്ക് എടുത്തുകളയുകയും ദേശീയ വിമാന കമ്പനിയായ സൗദിയ ബാങ്കോക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുകയും തായ്‌ലന്റില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു.
 

 

Latest News