Sorry, you need to enable JavaScript to visit this website.

കുറുവ വിനോദ സഞ്ചാരം: സി.പി.എം -സി.പി.ഐ പോര്

കൽപറ്റ- കുറുവ ദ്വീപിലെ വിനോദ സഞ്ചാരത്തിനു മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എം പദ്ധതി പൊളിച്ചടുക്കി സി.പി.ഐ. ദ്വീപിലേക്ക് പാൽവെളിച്ചം, ചെറിയമല ഭാഗങ്ങളിലൂടെ  ദിവസം 425 വീതം ആളുകൾക്ക് പ്രവേശനം അനുവദിച്ച് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചൊവ്വാഴ്ച ഇറക്കിയ ഉത്തരവ് വനം മന്ത്രിയുടെ വാക്കാൽ  നിർദേശമനുസരിച്ച് മരവിപ്പിച്ചു.  സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തെത്തുടർണ്  മന്ത്രിയുടെ ഇടപെടലെന്നാണ് അറിയുന്നത്. 
കുറുവ ദ്വീപിൽ സന്ദർശക പ്രവേശനത്തിനു ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി മാനന്തവാടി എം.എൽ.എ ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ നോർത്ത് വയനാട് ഡി.എഫ്.ഒയുടെ കാര്യാലയത്തിനു മുന്നിൽ സമരത്തിലാണ്. ഈ പ്രക്ഷോഭം അനാവശ്യവും രാഷ്ട്രീയത്തട്ടിപ്പുമാണെന്ന  നിലപാടിലാണ് സി.പി.ഐ പ്രദേശിക നേതൃത്വം. ദ്വീപിൽ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദർശകരുടെ എണ്ണം 400 ൽനിന്നു 950 ആയി വർധിപ്പിക്കാൻ ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരുമായി  അടുത്തിടെ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. സന്ദർശക പ്രവേശനത്തിൽ കർശന നിയന്ത്രണം എന്ന വാശിയിൽ  സി.പി.ഐ അയവു വരുത്തിയതാണ് ഈ ധാരണയ്ക്ക് വഴിയൊരുക്കിയത്. നിയന്ത്രണത്തിൽ ഇളവു വരുത്തി ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങുമെന്ന് ബോധ്യമുണ്ടായിരിക്കേ  മാനന്തവാടി എം.എൽ.എ സമരം പ്രഖ്യാപിച്ചത് ദുഷ്ട ലാക്കോടെയാണെന്നാണ് പ്രദേശിക സി.പി.ഐ നേതൃത്വം കരുതുന്നത്. ചെറുകിട കച്ചവടക്കാരടക്കം നൂറുകണക്കിനാളുകളുടെ ഉപജീവനം കുറുവ വിനോദ സഞ്ചാര കേന്ദ്രത്തെ ആശ്രയിച്ചാണ്. എന്നിരിക്കേ ദ്വീപിൽ ദിവസം കുറഞ്ഞത് 2000 പേർക്ക് പ്രവേശനം അനുവദിക്കണമെന്നാണ് സമരമുഖത്തുള്ള എം.എൽ.എയുടെയും കൂട്ടരുടെയും വാദം. ഇതു വകവച്ചുകൊടുക്കുന്നതു വടക്കേ വയനാട്ടിൽ പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് സി.പി.ഐ പ്രദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ.  
തെക്കേ വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചിൽ പാതിരി സെക്ഷനിലാണ്  പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ്. കബനി നദിയിലെ  ചെറുതും വലുതുമായ 70 ൽപരം തുരുത്തുകളാണ് കുറുവ ദ്വീപെന്ന്  അറിയപ്പെടുന്നത്. മഴക്കാലങ്ങളിൽ ഒഴികെ ദ്വീപിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ദ്വീപിന്റെ പാൽവെളിച്ചം ഭാഗത്ത് വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായും ചെറിയമല ഭാഗത്ത് വനം വകുപ്പ് ഒറ്റയ്ക്കുമാണ് ടൂറിസം നിയന്ത്രിക്കുന്നത്. മാനന്തവാടി എം.എൽ.എയാണ് കുറുവ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ. 
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവ ദ്വീപിൽ സമീപകാലം വരെ സന്ദർശക പ്രവേശനത്തിനു നിയന്ത്രണം ഉണ്ടായിരുന്നില്ല. ദ്വീപിൽ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദർശകരുടെ എണ്ണം നാനൂറായി പരിമിതപ്പെടുത്തിയും ടൂറിസം പൂർണമായും വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാക്കിയും  2017 നവംബർ 10 നാണ്   പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ (ഇക്കോ ഡെവലപ്‌മെന്റ്) ഉത്തരവായത്. അനിയന്ത്രിത ടൂറിസം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി  അയച്ച കത്തും ദ്വീപിൽ ടൂറിസം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതകൾ വിവരിച്ച് സൗത്ത് വയനാട് വനം ഡിവിഷൻ ഓഫീസർ  സമർപ്പിച്ച റിപ്പോർട്ടും കണക്കിലെടുത്തായിരുന്നു ഇത്. 
ജില്ലാ കലക്ടർ ചെയർമാനായ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെയും  ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയെും  കുറുവ ടൂറിസത്തിൽ അപ്രസക്തമാക്കുന്നതായിരുന്നു പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ്. ഇതിനു പിന്നാലെ തുടങ്ങിയതാണ്  കുറുവ വിഷയത്തിൽ ഭരണ മുന്നണിയിലെ പ്രമുഖ കക്ഷികൾ തമ്മിലുള്ള പോര്. 
കുറുവ വിഷയത്തിൽ ഒ.ആർ. കേളു എം.എൽ.എ ഇന്നലെ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. സന്ദർശക പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന വനം വകുപ്പിന്റെ ഉത്തരവ്  എം.എൽ.എ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ  തന്റെ  അവകാശത്തിലും അധികാരത്തിലുമുള്ള  കടന്നുകയറ്റമാണെന്നാണ് കത്തിൽ പറയുന്നത്. കുറുവ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട 2017 നവംബർ 10ലെ ഉത്തരവ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ പരിസ്ഥിതി പ്രവർത്തകരും നീക്കം തുടങ്ങിയിട്ടുണ്ട്.

 

Latest News