ആശാരിപ്പണിക്ക് വന്ന് പെണ്‍കുട്ടിയെ വശീകരിച്ച് കൊണ്ടുപോയി; പ്രതിക്ക് 27 വര്‍ഷം കഠിന തടവ്

ഇടുക്കി- 13കാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും. കെ.ഡി.എച്ച് വില്ലേജില്‍ കുണ്ടള  സാന്‍ഡോസ് കോളനിയില്‍  തോമസ് വര്‍ഗീസിനെ ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി .ജി വര്‍ഗീസാണ് ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീടിന് സമീപം വീട്ടില്‍ ആശാരിപ്പണിക്ക് വന്ന പ്രതി കുട്ടിയെ വശീകരിച്ചു വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി കുട്ടിയാര്‍ വാലി എന്ന സ്ഥലത്തെ ഒരു വീട്ടിലും പിന്നീട് ബോഡിമെട്ടിനു സമീപമുള്ള പ്രതിയുടെ ബന്ധു വീട്ടിലുംവെച്ച് പല തവണ പീഡനത്തിനിരയാക്കി എന്നാണ് കേസ്. കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.
പല വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 10 വര്‍ഷം കഠിന തടവ് പ്രതി അനുഭവിച്ചാല്‍ മതി. മൂന്നാര്‍ പോലീസ് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

 

Latest News