Sorry, you need to enable JavaScript to visit this website.

കാടുകയറിയ വളര്‍ത്തുകുതിരയെ എട്ട് വര്‍ഷത്തിനുശേഷം തിരികെ കിട്ടി

വാഷിംഗ്ടണ്‍- എട്ട് വര്‍ഷം മുമ്പ് കാട്ടുകുതിരകള്‍ക്കൊപ്പം ഓടിപ്പോയ കുതിരയെ എട്ടു വര്‍ഷത്തിനുശേഷം  തിരികെ ലഭിച്ചു. അമേരിക്കയിലെ ഉട്ടായിലാണ് സംഭവം. ഉട്ടാ സ്വദേശിയായ ഷെയ്ന്‍ ആദത്തിന്റെ കുതിരയായ മോംഗോയാണ് തിരിക എത്തിയത്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടതിനുശേഷമാണ് മോംഗോ തിരിച്ചെത്തിയിരിക്കുന്നതെന്ന് ഷെയ്ന്‍ പറയുന്നു.
വിവാഹമോചനം, വീട് നഷ്ടപ്പെടല്‍, കാറപകടത്തില്‍ തലച്ചോറിന് കാര്യമായ ക്ഷതം എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിട്ടു. 'മോംഗോ തിരിച്ചെത്തിയെന്ന് കേട്ടപ്പോള്‍ സത്യമായിരിക്കില്ലെന്നാണ് ആദ്യം കരുതിയത്. ആരോ പറ്റിക്കാനായി പറയുന്ന കാര്യമെന്നാണ് കരുതിയത്. എന്നാല്‍ സംഭവം സത്യമാണെന്ന് വ്യക്തമായതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി-40 കാരനായ ആദം പറഞ്ഞു.
കുതിരകളെ പരിശീലിപ്പിക്കുകയും കുതിര സവാരി പഠിപ്പിക്കുകയും ചെയ്തിരുന്ന ആദത്തിന്റെ പ്രിയപ്പെട്ട കുതിരയായിരുന്നു മോംഗോ. 2014 മാര്‍ച്ച് 31ന് സാള്‍ട്ട് ലേക്ക് സിറ്റിക്ക് സമീപം ക്യാമ്പിനു പോയപ്പോഴാണ് മോംഗോയെ നഷ്ടപ്പെട്ടത്.
അതിരാവിലെ, മറ്റു കുതിരകളുടെ ശബ്ദം കേട്ട് നോക്കിയപ്പോള്‍ , മോംഗോ കെട്ട് പൊട്ടിച്ച് ഓടുന്നത് അയാള്‍ കണ്ടു. കാട്ടുകുതിരകള്‍ക്കൊപ്പം കുറച്ച് ദൂരം ഓടിയ ശേഷം മോംഗോ തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മൂന്ന് വര്‍ഷത്തോളം കുതിരയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍, ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം  കുതിരയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തേണ്ടിവന്നു. 2017ല്‍, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് നടത്തിയ തെരച്ചിലിലും കുതിരയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആദം തിരച്ചില്‍ നിര്‍ത്തി.
കഴിഞ്ഞ മാസമാണ് മോംഗോയെ കണ്ടെത്തിയതായി ആദത്തിന് ഫേസ്ബുക്കില്‍ സന്ദേശം ലഭിച്ചത്. കാട്ടുകുതിരകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടയില്‍, ഒരു കുതിര ഉദ്യോഗസ്ഥരുടെ അടുത്തെത്തി പരിചിതത്വം കാണിച്ചു. കഴുത്തില്‍ സ്ട്രാപ്പ് കെട്ടിയ കുതിരയെ കണ്ടപ്പോള്‍ ഓടിപ്പോയ കുതിരയാണെന്ന് അധികൃതര്‍ സംശയിച്ചു. അവര്‍ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയും അവര്‍ ആദത്തിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

 

Latest News